പ്രസിഡന്റ് ബുഷും അദ്ദേഹത്തിന്റെ കൂട്ടാളികളായ 7 ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് 2001 സെപ്റ്റംബര്‍ 11നു ശേഷമുള്ള രണ്ട് വര്‍ഷത്തിനിടെ സദ്ദാം ഹുസൈന്റെ ഇറാഖ് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണിയെപ്പറ്റി 935 തവണ നുണ പറഞ്ഞെന്ന് ഒരു പഠനം.
നുണ പറഞ്ഞവരില്‍ കോണ്ടലീസ റൈസും, ഡിക്ക് ചെനിയും ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡും ഒക്കെ ഉള്‍പ്പെടുന്നു. ഇതങ്ങനെ ചുമ്മാ പറഞ്ഞതല്ലെന്നും പൊതുജനാഭിപ്രായത്തേയും ഒപ്പീനിയന്‍ പോളുകളേയുമൊക്കെ സ്വാധീനിക്കാന്‍ വേണ്ടി ബോധപൂര്‍വം നടത്തിയ ഒന്നായിരുന്നെന്നും ആള്‍ട്ടര്‍ നെറ്റ് മാഗസിനില്‍ Charles Lewis, Mark Reading-Smith (Centre for Public Integrity) എന്നിവര്‍ ചേര്‍ന്ന് എഴുതിയ ലേഖനത്തില്‍ പറയുന്നു. ഈ നുണപ്രചരണത്തിലൂടെ അമേരിക്കയെ അവര്‍ യാതൊരു ന്യായീകരണവും ഇല്ലാത്ത ഒരു യുദ്ധത്തിലേക്ക് നയിക്കുകയായിരുന്നു.
കുറഞ്ഞത് 532 തവണയെങ്കിലും ഇറാഖില്‍ സര്‍വനാശക ആയുധങ്ങള്‍ ഉണ്ടെന്ന് ഇവരൊക്കെക്കൂടി പറഞ്ഞിട്ടുണ്ടത്രെ.
ബുഷ് 232 തവണ സര്‍വനാശകായുധങ്ങളെക്കുറിച്ചും 28 തവണ ഇറാഖിനു അല്‍ ക്വയിദയുമായുള്ള ബന്ധത്തെക്കുറിച്ചും നുണ പറഞ്ഞ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, കോളിന്‍ പവല്‍ 244 തവണ സര്‍വ നാശകായുധങ്ങളെക്കുറിച്ചും 10 തവണ അല്‍ ക്വയിദ ബന്ധത്തെക്കുറിച്ചും പറഞ്ഞ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മറ്റുള്ളവരുടെ നുണക്കണക്ക് ഇങ്ങനെ: റംസ്‌ഫെള്‍ഡ്, വൈറ്റ് ഹൌസ് പ്രെസ്സ് സെക്രട്ടറി ആരി ഫ്ലെച്ചര്‍ എന്നിവര്‍ 109 നുണ വീതം. ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി പോള്‍ വോള്‍ഫോവിറ്റ്സ് 85 തവണ, കോണ്ടലീസ റൈസ് 56 തവണ, വൈസ് പ്രസിഡന്റ് ഡിക് ചെനി 48 തവണ......
ഇറാഖില്‍ ഒരു പുണ്ണാക്കും ഉണ്ടായിരുന്നില്ലെന്ന് സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സും, 9/11 കമ്മീഷനും, ബഹുരാഷ്ട്ര ഇറാഖ് സര്‍വെ ഗ്രൂപ്പും ഒക്കെ സംശയാതീതമായി പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ തെറ്റായ പ്രചരണങ്ങളുടേയും വസ്തുതകളുടേയു അടിസ്ഥാനത്തിലായിരുന്നു ഇറാഖ് അധിനിവേശം.
2001ല്‍ തുടങ്ങിയ ഈ കലാ പരിപാടി 2002 ആഗസ്തില്‍ യുദ്ധത്തെക്കുറിച്ച് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്ന സമയമായപ്പോഴേക്കും നാടകീയമായി ഉയരുകയും, ഇടക്കാല തെരഞ്ഞെടുപ്പിന്റെ സമയത്ത് ഒന്നു കൂടി മൂക്കുകയും 2003 ജനുവരിയില്‍ അധിനിവേശത്തിന്റെ സമയമായപ്പോഴേക്കും ഒന്നു കൂടി മൂക്കുകയും ചെയ്തു.
ആരൊക്കെ എപ്പോഴൊക്കെ എന്തൊക്കെ നുണ പറഞ്ഞു എന്നറിയുവാന്‍ ഇവിടെ ക്ലിക്കുക.
ഇതിനെ കൂടെ മാധ്യമങ്ങളുടെ എല്ലാം മറന്നുള്ള പ്രചരണവും കൂടിയായപ്പോള്‍ ബലേ ഭേഷ്....അധിനിവേശം നടത്തിയില്ലെങ്കില്‍ ജനം ബുഷിനെ കൈവെക്കും എന്ന അവസ്ഥയായി.
അവസാനം എന്തായാലും ചെമ്പ് പുറത്ത് വരും എന്നു പറഞ്ഞ പോലെ 2004ല്‍ എന്‍.ബി.സിയിലെ മീറ്റ് ദി പ്രസ് പരിപാടിയില്‍ ബുഷിനും സമ്മതിക്കേണ്ടിവന്നു ഇറാഖില്‍ ആയുധങ്ങളൊന്നും കണ്ടെടുത്തില്ലെന്ന്.
2005 ഡിസംബറില്‍ ബുഷ് പറഞ്ഞത് അതു പോലെ ഇവിടെ ചേര്‍ക്കുന്നു.
"It is true that Saddam Hussein had a history of pursuing and using weapons of mass destruction. It is true that he systematically concealed those programs, and blocked the work of U.N. weapons inspectors. It is true that many nations believed that Saddam had weapons of mass destruction. But much of the intelligence turned out to be wrong. As your president, I am responsible for the decision to go into Iraq. Yet it was right to remove Saddam Hussein from power."
മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ
8 comments:
ബുഷും കൂട്ടരും ഇറാഖ് അധിനിവേശത്തിനായി 935 തവണ നുണ പറഞ്ഞെന്ന് ഒരു പഠന റിപ്പോര്‍ട്ട്.
കുറേ നുണകള്‍ ഒരുമിച്ച് ചേര്‍ത്ത് ഉച്ചത്തില്‍ പറഞ്ഞാല്‍ ഈ ലോകത്ത് സത്യമായ് വിശ്വസിക്കാന്‍ ആളുണ്ടാവുമെന്ന് ബുഷിനും കൂട്ടര്‍ക്കും അറിയാം. മാത്രവുമല്ല, എന്നും കരുത്തന്റെ കൂടെ നില്‍ക്കാനും ദുര്‍ബ്ബലന്റെ മേലെ കുതിരകേറാനും മത്സരിക്കുന്നവരെ ഉണ്ടായിട്ടുള്ളു.
നല്ല പോസ്റ്റ്
Nalla Post Murthy!
കൊള്ളാം. ഒരു ജനതയെ മുഴുവന്‍ തെറ്റിധരിപ്പിക്കുന്ന്തില്‍ ഭരണകൂടവും മാധ്യമങ്ങളും ഒക്കെ കൂട്ടൂനില്‍ക്ക്കുന്നല്ലൊ!!!
ഇതൊക്കെ ഇപ്പോഴല്ലെ അവര്‍ക്ക് പഠനത്തില്‍ തെളിഞ്ഞത് ലോകത്തിലെ എല്ലാ കൊച്ചു കുട്ടികള്‍ പോലും പണ്ട് മുതലേ അറിയാവുന്ന കാര്യമായിരുന്നു. എന്തു ചെയ്യാം...
സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ട് ശരിവെക്കുന്ന രീതിയില്‍ ബുഷിന്റെ കൂട്ടാളികളില്‍ ഒരാളായിരുന്ന മുന്‍ വൈറ്റ് ഹൗസ് പ്രെസ്സ് സെക്രട്ടറി Scott McClellan എഴുതിയ ഓര്‍മ്മക്കുറിപ്പ് "What Happened: Inside the Bush White House and Washington's Culture of Deception" ബുധനാഴ്ച പുറത്തിറങ്ങിയിരിക്കുന്നു. അസോസിയേറ്റഡ് പ്രസിന്റെ വാര്‍ത്ത ഇവിടെ
ഇറാഖിനെ ആക്രമിക്കാന്‍ അമേരിക്കയും പ്രസിഡണ്ട് ജോര്‍ജ് ബുഷും ഉന്നയിച്ച ന്യായങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് സെനറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വേളയില്‍ സെനറ്റ്സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റി റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെക്കും. സെപ്തംബര്‍ 11ന്റെ ആക്രമണത്തിന് സദ്ദാം ഹുസൈനും അല്‍ ഖ്വയ്ദയും ഉത്തരവാദിയാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയിരുന്നുവെന്ന് സെനറ്റ് കമ്മിറ്റി കണ്ടെത്തി. ഇതിന് രഹസ്യ റിപ്പോര്‍ട്ടുകളൊന്നും ഉണ്ടായിരുന്നില്ലെ. ഇറാഖ് രാസ ജൈവ ആണവായുധങ്ങള്‍ ഭീകരരര്‍ക്ക് നല്‍കുമെന്നും ഇറാഖ് ഡ്രോണേ വിമാനങ്ങള്‍ വികസിപ്പിക്കുകയാണെന്നും അമേരിക്കന്‍ അധികൃതരും ജോര്‍ജ് ബുഷും പ്രചരിപ്പിച്ചു. എന്നാല്‍ ഇതിനൊന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പിന്‍ബലം ഇല്ലായിരുന്നുവെന്ന് സെനറ്റ് കമ്മിറ്റി വിലയിരുത്തി. വ്യാഴാഴ്ച പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് സെനറ്റ് കമ്മിറ്റിയുടെ അന്വേഷണങ്ങളുടെ രണ്ടാം ഘട്ടമാണ്. ഇറാഖ് ആക്രമണത്തിന് ഗവര്‍മെണ്ടാണ് ഉത്തരവാദിയെന്ന് റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നതായും ഇനിയൊരിക്കലും ഇങ്ങനെ സംഭവിച്ചുകൂടെന്ന് വ്യക്തമാക്കുന്നതായും കമ്മിറ്റി ചെയര്‍മാന്‍ ജെയ് റോക്ഫെല്ലര്‍ പറഞ്ഞു. തെറ്റായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് യുദ്ധത്തിലേക്ക് നയിച്ചതെന്ന് ബുഷിന്റെ പ്രസ് സെക്രട്ടറി ഡാന പെരിനോ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണായിരുന്നു. പക്ഷേ അത് തെറ്റായിരുന്നു. തീര്‍ച്ചയായും അതില്‍ പശ്ചാതിപ്പിക്കുന്നു - ഡാന തുടര്‍ന്നു. (ദേശാഭിമാനി വാര്‍ത്ത)
ഹഹ നന്നായി മൂര്‍ത്തി മാഷെ, അല്ലെങ്കില്‍ തന്നെ ആദ്യമല്ലലൊ യാങ്കികളു കള്ളം പറയുന്നതു. യാങ്കികളുടെ ഈ രാജ്യം തന്നെ കെട്ടിപ്പടുത്തിരിക്കുന്നതു ഒരു പിടി നുണകളുടെയും ഒരു പാടു ചോരയുടെയും മുകളിലല്ലെ, അവരില്‍ നിന്നും ഒരിക്കലും ഒരു സത്യം പ്രതീക്ഷിക്കുക വയ്യ, ഈ ലോകമവസാനിച്ചാലും..
എന്നാണൊ ഈ യാങ്കികളു തകരുന്നതു കാണാന്‍ കഴിയുക...!!!
Post a Comment