Friday, May 2, 2008

മാധ്യമസ്വാതന്ത്ര്യദിന ചിന്തകള്‍

മെയ് 3 അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ ദിനമാണ്.

പത്രസ്വാതന്ത്ര്യം, അതിന്റെ അടിസ്ഥാനതത്വങ്ങള്‍, മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവയൊക്കെ ഈ ദിനത്തോടനുബന്ധിച്ച് അവലോകനം ചെയ്യപ്പെടുന്നു. അതുപോലെ തന്നെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ വെടിയേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും ഈ ദിവസം വിനിയോഗിക്കുന്നു. 1991ല്‍ യുനെസ്കൊ നിര്‍ദ്ദേശിച്ചതനുസരിച്ച് 1993ല്‍ ഐക്യരാഷ്ട്രസഭയാണ് ഇങ്ങിനെ ഒരു ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷത്തെ ദിനാചരണം യുനെസ്കൊയുടെ ന്യൂയോര്‍ക്ക് ഓഫീസില്‍ വെച്ച് നടക്കും.ഇതിനോടനുബന്ധിച്ച് "Access to Information and the Empowerment of people" എന്ന വിഷയത്തില്‍ ഒരു പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്.

ഈ ദിനത്തോടനുബന്ധിച്ച് World Public Opinion.org ഇരുപത് രാജ്യങ്ങളില്‍ നടത്തിയ അന്താരാഷ്ട്രസര്‍വെയില്‍ ഒരു വിധം എല്ലാ രാജ്യങ്ങളിലേയും ഭൂരിഭാഗം ജനങ്ങളും സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്ത മാധ്യമസ്വാതന്ത്ര്യം വേണം എന്ന് അഭിപ്രായപ്പെടുന്നവരാണ്. ഇന്ത്യയിലാകട്ടെ 52 ശതമാനം പേര്‍ മാധ്യമസ്വാതന്ത്യം പ്രധാനമാണെന്നും , ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സെന്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ ലഭ്യമാക്കണം എന്നും അഭിപ്രായപ്പെടുന്നവരാണ്. 42% പേര്‍ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതെ വാര്‍ത്തകളും ആശയങ്ങളും പ്രസിദ്ധീകരിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം എന്നഭിപ്രായപ്പെട്ടപ്പോള്‍ 33% രാഷ്ട്രീയമായ അസ്ഥിരതക്കിടയാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയുവാന്‍ സര്‍ക്കാരിനു സ്വാതന്ത്രം അധികം വേണം എന്ന് അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ളതിലും കൂടുതല്‍ സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് വേണമെന്ന് 36% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കുറവ് മതി എന്നാണ് 32 ശതമാനം അഭിപ്രായപ്പെട്ടത്. ( 2008 ഫെബ്രുവരി 25 മുതല്‍ 28 വരെ നടന്ന ഈ സര്‍വെയില്‍ 1023 പേരോട് 6 ചോദ്യങ്ങള്‍ ചോദിക്കുകയാണുണ്ടായത്.

ഇത് വായിച്ചപ്പോള്‍ തോന്നിയ പ്രധാന സംശയം മാധ്യമസ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതിരിക്കുക എന്നത് മാത്രമാണോ എന്നതായിരുന്നു. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായ മാധ്യമങ്ങള്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്ത അവസ്ഥയിലും തങ്ങളുടെ സ്വാതന്ത്ര്യം ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി എത്രമാത്രം ഉപയോഗിക്കും എന്നത് നമുക്കറിയാവുന്ന കാര്യമാണ്. ഈ സര്‍വെയിലെ ചോദ്യങ്ങളില്‍ ഈയൊരു വശം ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ആലോചിക്കേണ്ട കാര്യമാണ്. ഫോര്‍ഡ് ഫൌണ്ടേഷനും മറ്റുമാണ് ഇവരുടെ പ്രായോജകര്‍ എന്നത് കൊണ്ട് തന്നെ അതില്‍ അല്‍ഭുതത്തിനവകാശമില്ല എന്നും തോന്നുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ മാത്രം പിന്തുടര്‍ന്നാല്‍ നാം തികഞ്ഞ അന്ധകാരത്തിലായിരിക്കും എന്നതിനു സംശയമില്ല. സമാന്തര മാധ്യമങ്ങള്‍ കൂടുതല്‍ കൂടുതലായി പ്രാമുഖ്യം നേടി വരുന്നതിന്റെയും കാരണം മറ്റൊന്നല്ല. ബ്ലോഗുകള്‍ക്ക് പ്രസക്തിയേറി വരുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്.

Reporters Without Borders ന്റെ 2008 ലെ വാര്‍ഷിക റിപ്പോര്‍ട്ടും പുറത്തിറങ്ങിയിട്ടുണ്ട്.

ഇതില്‍ തമിഴ് പത്രമായ ദിനകരന്റെ മൂന്ന് സ്റ്റാഫംഗങ്ങള്‍ 2007 മെയ് മാസത്തില്‍ കരുണാനിധിയുടെ മകനായ അഴഗിരിയെ പിന്തുണക്കുന്നവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും, ഹിന്ദു രാഷ്ട്രീയ സഭ മിശ്രവിവാഹത്തെക്കുറിച്ചുള്ള ഒരു പരിപാടി പ്രക്ഷേപണം ചെയ്തതിനു കഴിഞ്ഞ ഏപ്രിലില്‍ സ്റ്റാര്‍ ടിവി ഓഫീസ് തല്ലിത്തകര്‍ത്തതും ഒക്കെ വിവരിക്കുന്നുണ്ട്. കൂടാതെ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പതിപ്പില്‍ ബാല്‍ താക്കറെയെ വില്ലന്മാരുടെ പട്ടികയില്‍പ്പെടുത്തിയതിനെതിരെ 2007 ആഗസ്റ്റില്‍ ശിവസേനക്കാര്‍ ഔട്ട്‌ലുക്ക് ഓഫീസ് ആക്രമിച്ചതും ആസാമിലും കാഷ്മീരിലും മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഈ റിപ്പോര്‍ട്ടിലുണ്ട്. പശ്ചിമബംഗാളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചതും ഈ റിപ്പോര്‍ട്ടിലുണ്ട്.

ഇവര്‍ പ്രസിദ്ധീകരിച്ച 2007ലെ മാധ്യമസ്വാതന്ത്ര്യസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 120 ആണ്. അമേരിക്ക നാല്പത്തി എട്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അധിനിവേശിത ഇറാഖ് നൂറ്റി അന്‍പത്തിഏഴാം സ്ഥാനത്താണ്. ഇറാഖില്‍ പത്രസ്വാതന്ത്ര്യം കുറവായിരിക്കുന്നത് തികച്ചും സ്വാഭാവികം. മാധ്യമപ്രവര്‍ത്തകര്‍ കൂടുതലായി കൊല്ലപ്പെടുന്നുണ്ട് എന്നതും ഈ താഴ്ന്ന റാങ്കിങ്ങിനു കാരണമാകാം. എങ്കിലും അതിനു ശരിയായ കാരണക്കാര്‍ ആര് എന്ന് ചോദിക്കുമ്പോള്‍ ലിസ്റ്റൊന്നു മാറ്റിപ്പണിയേണ്ടിവരും.


2007 ജനുവരി 19ന് ഇസ്താംബുളില്‍ വെച്ച് വധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ Hrant Dink

എന്തായാലും മാധ്യമസ്വാതന്ത്ര്യം എന്നത് ജനാധിപത്യവ്യവസ്ഥിതിയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശത്തില്‍ അധിഷ്ഠിതമായ ശരിയായ മാധ്യമസ്വാതന്ത്രത്തിനുവേണ്ടിയാകട്ടെ ഈ ദിനാചരണവും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകളും. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ നമുക്ക് ആദരവോടെ സ്മരിക്കാം.

*****

വായിക്കാവുന്ന ലേഖനങ്ങള്‍

8 comments:

മൂര്‍ത്തി said...

മാധ്യമസ്വാതന്ത്ര്യം എന്നത് ജനാധിപത്യവ്യവസ്ഥിതിയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശത്തില്‍ അധിഷ്ഠിതമായ ശരിയായ മാധ്യമസ്വാതന്ത്രത്തിനുവേണ്ടിയാകട്ടെ ഈ ദിനാചരണവും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകളും. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ നമുക്ക് ആദരവോടെ സ്മരിക്കാം.

ഭൂമിപുത്രി said...

ഇന്‍ഡ്യയുടെ സ്ഥാനം 120 എന്നത് ചിന്തിപ്പിയ്ക്കേണ്ട
വിഷയമാണല്ലൊ!
അമേരിയ്ക്ക എത്രയോ മുകളിലും!

ബാബുരാജ് ഭഗവതി said...
This comment has been removed by the author.
ബാബുരാജ് ഭഗവതി said...

പത്രങ്ങള്‍, പ്രത്യേകിച്ചും, മലയാളപത്രങ്ങള്‍ സര്‍ക്കാരിന്റെ ജിഹ്വ ആയി മാറുന്നതാണ് പൊതുവില്‍ കാണുന്നത്. കേരളത്തില്‍ സമീപകാലത്തായി നടന്ന പത്രങ്ങളുടെ ഇടപെടല്‍ അതാണ് സൂചിപ്പിക്കുന്നത്.
അവര്‍ സര്‍ക്കാരിന്റെ കുറിപ്പടിക്കനുസരിച്ച് സംസാരിക്കുന്നു. കേരളത്തിലുണ്ടായ മാവോയിസ്റ്റ് ഭീഷണിയെ കുറിച്ചുള്ള ചര്‍ച്ച് ഇത്തരത്തില്‍ വികസിച്ച ഒന്നാണ്.
പത്രങ്ങള്‍ മനപ്പൂര്‍വ്വം ദുരൂഹത സൃഷ്ടിക്കുന്നു.

എല്ലാ സമരങ്ങളേയും തകര്‍ക്കാനുള്ള ഒരു ഉപാദിയായി മാറുകയായിരുന്നുവല്ലോ അത്.

ഒരു പക്ഷേ ഈ ഏറാന്‍ മൂളിത്തരത്തിന് മലയാളമായിരിക്കുമോ മുന്നില്‍?
പിന്നെ
‘ഇത് വായിച്ചപ്പോള്‍ തോന്നിയ പ്രധാന സംശയം മാധ്യമസ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതിരിക്കുക എന്നത് മാത്രമാണോ എന്നതായിരുന്നു. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായ മാധ്യമങ്ങള്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്ത അവസ്ഥയിലും...‘
പ്രസകതമായ ചോദ്യം.

അതേ സമയം ഇലക്ട്രോണീക് മാധ്യമങ്ങള്‍ കുറച്ചുകൂടി ഭേദമാ‍യിരുന്നു.അതൊരുപക്ഷേ ഒരു മാധ്യമമെന്ന നിലയില്‍ അവയുടെ പ്രത്യേകത കൊണ്ടുമാകാം.

ചിതല്‍ said...

ഇന്ത്യക്ക് 120 എന്ന് പറഞ്ഞാല്‍..... ഇറാഖ് 157ഉം വിത്യാസം 37...

ആലോചിച്ച് പോവുകയാണ് 1, 2 സ്ഥാനത്ത് മാധ്യമങ്ങള്‍ തന്നെയാണോ ഭരണാധികളും... തെഹല്‍ക്കയെ ഒക്കെ നശിപ്പിച്ചെങ്കിലും അത്ര മാധ്യമസ്വാതന്ത്ര്യം ഇല്ലാത്ത സ്ഥലമാണോ ഇത്

പപ്പൂസ് said...

’മാധ്യമസ്വാതന്ത്ര്യം’ എന്ന വാക്ക് ഇന്ത്യയില്‍ വെറുതെ പെരുപ്പിച്ചു കാണിച്ച ഒരു വാക്കു മാത്രമല്ലേ. മാധ്യമങ്ങള്‍ക്കു മാത്രമായി ഇന്ത്യയില്‍ ഒരു സ്വാതന്ത്ര്യവും കൊടുത്തിട്ടില്ല. ഭരണഘടന Article 19 (1) (a) പ്രകാരം ഇന്ത്യയിലെ ഏതൊരു പൌരനുമുള്ള Right to freedom and information എന്ന മൌലികാവകാശം മാധ്യമങ്ങള്‍ക്കും ഉണ്ടെന്നല്ലാതെ.

വിവരാവകാശനിയമവും (Right to Inormation Act 2005) പത്രങ്ങള്‍ക്ക് പ്രത്യേകിച്ചൊരു അവകാശവും നല്കിയതായി കാണുന്നില്ല. പിന്നെന്താണീ മാധ്യമസ്വാതന്ത്ര്യം? ഇത് മാധ്യമസ്വാതന്ത്ര്യമല്ല, പൌരസ്വാതന്ത്ര്യമാണ്. എന്‍റെ അഭിപ്രായത്തില്‍ വേണ്ടതും അതു തന്നെയാണ്. ഒരു പക്ഷേ, ഇപ്പോഴുള്ളതിലും കൂടുതല്‍ പൌരസ്വാതന്ത്ര്യം.

വെറും ആയിരമോ പതിനായിരമോ ആള്‍ക്കാരുടെയിടയില്‍ സര്‍വേ നടത്തി ശതമാനക്കണക്കുകള്‍ പൊതുജനാഭിപ്രായമെന്ന ലേബലില്‍ പുറത്തിറക്കുന്നതും അത്ര ശരിയായ ഏര്‍പ്പാടല്ലെന്നു തോന്നുന്നു.

വിവരങ്ങള്‍ - വിത്ത് ലിങ്ക് - തന്നതിനു നന്ദി. :-)

santhosh balakrishnan said...

മാധ്യമസ്വാ‍തന്ത്രം എന്നത്‌
മാധ്യമ മുതലാ‍ളിയുടെതാണോ
അതോ മാധ്യമപ്രവര്‍ത്തകന്റെ
സ്വാതത്രമാണോ എന്ന കാര്യത്തിലും
ചര്‍ച്ചകള് നടക്കേണ്ടതുണ്ട്‌.

മാധ്യമപ്രവര്‍ത്തകന്‍
അവന്റെ യുക്തിബോധത്തിന്‌
അനുസരിച്ച്‌ തനിക്ക്‌ ശരിയെന്ന്‌
തോന്നുന്ന കാര്യങള് എഴുതുംബോള്
അത്‌ തന്റെ പത്രത്തില്‍ വരുമോ
എന്ന കാര്യം കൂടി പരിഗണിക്കേണ്ട സാഹചര്യം നിലവിലുണ്ട്‌.

അതുപോലെ തന്റെ പത്രത്തില്‍
വരുന്ന വാര്‍ത്ത
അധികാരകേന്ദ്രങളെ ശത്രുപക്ഷത്താ‍ക്കുമോ
എന്ന ഭയം ഉടമകള്‍ക്കും ഉണ്ട്‌.

ഇക്കാര്യം പരിഗണിക്കുംബോള്
മാധ്യമ പ്രവര്‍ത്തകന്റെ
സ്വാത്ന്ത്രം അതിവേഗം ഇല്ലാതാകുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്‌.

സര്‍ക്കാരുകളുടെ മാത്രമല്ല
സമൂഹത്തില്‍ ഏതെങ്കിലും രീതിയില്‍
സ്വാധീനമുള്ള വ്യക്തികളുടേയും
സംഘടനകളുടേയും താല്‍പ്പരങള്‍ക്ക്‌ മാധ്യമപ്രവര്‍ത്തകനും മുതലാളീയും
ഒരുപോലെ വഴങേണ്ടി വരുന്നു.

നേരത്തെ മാധ്യമ ഉടമകളോട്`
നേരിട്ട്‌ ബന്ധം സ്ഥാപിക്കുന്ന
അധികാരകേന്ദ്രങള് കുറവായിരുന്നു.
അല്ലെങ്കില്‍ ഉടമകള് പരമാവധി
ഇത്തരം ബന്ധങള് ഒഴിവാക്കിയിരുന്നു.
ഇന്ന്‌ മത്സരം ശക്തമായപ്പോള്
ആരെയും പിണക്കാതെ മുന്നോട്ട്‌ പോകാനാണ് ഉടമകളും ശ്രമിക്കുന്നത്‌.

ജനങള്‍ക്ക്‌ സത്യം മാത്രം നല്‍കും
എന്ന ലക്ഷ്യത്തോടെ ഇന്ന്‌ ഒരു
പത്രത്തീനും മുന്നോട്ട്‌ പോകനാകില്ല
എന്ന അവസ്ഥ വന്നിരിക്കുന്നു.

പരസ്യവിപണിയുടെയും
സ്വാധീനശക്തികളുടെയും
സമ്മര്‍ദ്ദങള് അവയെ ഓരോ
നിമിഷവും വരിഞു മുറുക്കുകയാണ്‍.

മാത്രമല്ല വാര്‍ത്തകള്‍ക്ക്‌ വേണ്ടി മാത്രം
അല്ലല്ലൊ നാം പത്രം വായിക്കുന്നത്‌.
പലവിധ ഫീച്ചറുകള് പരസ്യങള് സപ്ലിമെന്റുകള് തുടങിയവയ്ക്ക്‌ വാര്‍ത്തകളേക്കാള്
വായനക്കാരുണ്ട്`.

ഈ സാഹചര്യത്തില്‍ ബ്ലോഗുകള്‍`
പോലുള്ള സ്വതന്ത്രമാധ്യമങളുടെ
സ്വാധീനം ഇനിയും വര്‍ദ്ധിക്കുമെന്നതും
ശ്രദ്ധേയമാണ്

Rajeeve Chelanat said...

വളരെ പ്രസക്തമായ പോസ്റ്റ്. സര്‍ക്കാര്‍ ഇടപെടലുകളുമായി മാത്രം കൂട്ടിക്കുഴക്കേണ്ട ഒന്നല്ല മാധ്യമസ്വാതന്ത്ര്യമെന്ന അഭിപ്രായം തന്നെയാണ് ഇതെഴുതുന്നയാള്‍ക്കും.

ഇവിടെ അറബ് ലോകത്തും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ ചില നടപടികളെ എവിടെയും തൊടാതെ വിലയിരുത്തലാണ് ഇവര്‍ക്ക് സങ്കല്‍പ്പിക്കാനവുന്ന പരമാവധി സ്വാതന്ത്ര്യം. അതേസമയം കോര്‍പ്പറേറ്റ് ശക്തികളുടെ ഭാഗവുമാണ് ഒട്ടുമിക്ക മുഖ്യധാരാ പത്രങ്ങളും. മുന്‍‌കൂട്ടി അനുവാദം വാങ്ങി, മുന്‍‌നിശ്ചയിച്ച സ്ഥലത്തു മാത്രം പ്രതിഷേധം പ്രകടിപ്പിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാരുകളാണ് ഈ ഭാഗത്തുള്ളത്. നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ വിമര്‍ശനപരമായി വിലയിരുത്തുന്ന ഒരു മാധ്യമപ്രവര്‍ത്തനവും ഇവിടെ നടക്കുന്നില്ല. റിയല്‍ എസ്റ്റേറ്റ് ശക്തികളുടെതന്നെ ഭരണമാണ് ഇവിടെ, യു.എ.ഇ.യില്‍ നടക്കുന്നത്. ഒരു മൂഢസ്വര്‍ഗ്ഗത്തിലാണ് ഇവിടുത്തെ പത്രക്കാരും, ഭരണാധികാരികളും ഇന്ന് കഴിയുന്നത്. വിചാരിക്കുന്നതിലുമധികം സമ്പത്ത് കുമിഞ്ഞുകൂടുന്നത് കണ്ട് മദിക്കുകയും, ഏതുനിമിഷത്തിലും പൊട്ടിപ്പോകാവുന്ന (അത് ആരംഭിക്കുകയും ചെയ്തിരിക്കുന്നുവെന്നതാണ് ഏറെ രസകരം)കുമിളപോലുള്ള സമ്പദ്‌‌വ്യവസ്ഥ മാത്രമാണ് തങ്ങളുടേതെന്ന തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു ഭീഷണമായ അവസ്ഥയാണ് ഇന്നുള്ളത്. മിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും സ്ഥിതി ഇതുതന്നെ.

അതുകൊണ്ടുതന്നെ, പത്രധര്‍മ്മം കൂടുതല്‍ വലിയ ഉത്തരവാദിത്ത്വങ്ങളാണ് നമ്മില്‍ നിക്ഷിപ്തമാക്കുന്നത്.

അഭിവാദ്യങ്ങളൊടെ