Tuesday, September 16, 2008

രണ്ടു കുറിപ്പുകള്‍

വീക്ഷണം ദിനപ്പത്രത്തില്‍ വന്ന “അമേരിക്കയെ ആര്‍ക്കാണ് പേടി“ എന്ന ആണവ കരാര്‍ അനുകൂല ലേഖനത്തിലെ വളരെ രസകരമായി തോന്നിയ ഒരു പാരഗ്രാഫ് താഴെ.

“വളരുന്ന ഇന്ത്യക്ക്‌ എതിരെ അമേരിക്കന്‍ പ്രതിലോമ ശക്തികളുമുണ്ട്‌. ഇവര്‍ സ്വാധീനമുള്ളവരാണ്‌. ഇന്‍ന്തോ-യു.എസ്‌. കരാര്‍ നിലവില്‍ വന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അമേരിക്കയെ തളര്‍ത്തുമെന്ന്‌ അവര്‍ക്കറിയാം. ചൈനയില്‍ നിന്നുള്ള കയറ്റുമതിയും സാമ്പത്തിക കടന്നുകയറ്റവും അമേരിക്കന്‍ തൊഴില്‍ മേഖലയേയും സാമ്പത്തിക മേഖലയേയും ബാധിച്ചിട്ടുണ്ട്‌. ഇനി ഇന്ത്യയില്‍ നിന്ന്‌ അത്തരം അനുഭവം ഉണ്ടാകാന്‍ ഈ പ്രബല ശക്തികള്‍ ആഗ്രഹിക്കുന്നില്ല. അവരാണ്‌ അമേരിക്കയില്‍ ഇന്‍ന്തോ യു.എസ്‌. കരാറിനെ എതിര്‍ക്കുന്നത്‌. അവര്‍ക്കു കൂട്ടുനില്‍ക്കുകയാണ്‌ ഇന്ത്യയിലെ ഇടതുപക്ഷം. ബി.ജെ.പി. തല്‍ക്കാലം എതിര്‍ക്കുന്നുവെങ്കിലും അവര്‍ അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ ഇളവുകളോടെ കരാര്‍ നടപ്പാക്കും.“

അമേരിക്കന്‍ പ്രതിലോമ ശക്തികള്‍ എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത് എന്നത് അത്ര മനസ്സിലായില്ല. ആരെങ്കിലും ആകട്ടെ. എന്നാലും ഇന്ത്യ വളരുന്നത് അമേരിക്കയെ തകര്‍ക്കും എന്നറിഞ്ഞ് അതിനൊരു തട ഇടാന്‍ നോക്കുന്നവര്‍ എന്തായാലും അമേരിക്കന്‍ വിരുദ്ധരാവില്ല എന്ന് കരുതാം. ചൈനയില്‍ നിന്നുള്ള അനുഭവം ഇന്ത്യയില്‍ നിന്നു കൂടി ഉണ്ടാവാന്‍ ഈ പ്രബല ശക്തികള്‍ ആഗ്രഹിക്കുന്നില്ല, അവര്‍ കരാറിനെ എതിര്‍ക്കുന്നു. ആ നിലക്ക് അമേരിക്കയെ തളര്‍ത്താന്‍ ആഗ്രഹിക്കാത്ത അവര്‍ അമേരിക്കന്‍ രാജ്യസ്നേഹികള്‍ തന്നെ. സംശയമൊന്നുമില്ല.

എന്നാലും ഒരു ചിന്ന സന്ദേഹം...

ഈ കരാറിനു വേണ്ടി മരിച്ചു നില്‍ക്കുന്ന ബുഷും റൈസും കൂട്ടരും അപ്പോ ഏത് ടൈപ്പില്‍ വരും? ഇന്ത്യയെ വളര്‍ത്തി അമേരിക്കയെ കൊല്ലാന്‍ ആഗ്രഹിക്കുന്നവര്‍? അതോ 1,2,3 കരാറിലൂടെ ‘ഇന്ത്യ വളരും എന്നും അമേരിക്ക തകരും‘ എന്നും മനസ്സിലാകാത്ത മന്ദബുദ്ധികള്‍?

രണ്ട്

ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികള്‍ക്കും ആഹ്ലാദം പകരുന്ന പ്രസ്താവന സോണിയാ ഗാന്ധിയില്‍ നിന്നുണ്ടായി.

യോഗ്യതയും വിജയസാധ്യതയും മാത്രം കണക്കിലെടുത്താവും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയെന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധി വ്യക്തമാക്കി. ജനസംഖ്യാ ഘടകങ്ങളും പരിഗണിക്കപ്പെടും. നേതാക്കന്മാരുടെയും ഗ്രൂപ്പുകളുടെയും താത്‌പര്യത്തിനനുസരിച്ച്‌ ആര്‍ക്കും ടിക്കറ്റ്‌ നല്‍കില്ല. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല.“

എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും സന്തോഷമുണ്ടാകേണ്ട പ്രസ്താവന തന്നെ. ഇതുവരെ ഇങ്ങനെയൊക്കെയായിരുന്നോ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നത് എന്ന് ചോദിക്കുന്നില്ല. കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ജനാധിപത്യകക്ഷി എന്നു വിശ്വസിക്കുന്നവരുടെ വികാരത്തെ മാനിക്കണമല്ലോ.

എന്നാലും ഇത്രയും കാലം യോഗ്യതയില്ലാതെ, വിജയസാധ്യതയില്ലാതെ, നേതാക്കന്മാരുടെയും ഗ്രൂപ്പുകളുടെയും സ്വാധീനത്തിനനുസരിച്ച് സ്ഥാനാര്‍ത്ഥികളായിക്കൊണ്ടിരുന്നവര്‍ ഈ പ്രസ്താവനയെ എങ്ങിനെ കാണും എന്നൊരു ശങ്ക ഇല്ലാതില്ല.

അവക്ക് രക്ഷ കപില്‍ സിബലും കൂട്ടരും തന്നെ.

മുടക്കമില്ലാതെ ഇന്ധനവിതരണം ഉറപ്പു വരുത്തുവാന്‍ അമേരിക്കക്ക് ബാദ്ധ്യതയില്ലെന്ന് ജോര്‍ജ് ബുഷിന്റെ ഡിറ്റര്‍മിനേഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ കപില്‍ സിബല്‍ പറഞ്ഞത് ‘ക്ലാസിക്‘ മറുപടിയായിരുന്നു.

ലോകത്തുള്ളവരുടെ പ്രസ്താവനകളല്ല നമ്മെ നയിക്കുന്നത്.” ബുഷ് പറഞ്ഞതെന്താണെന്നോ അതിന്റെ അന്തരാര്‍ത്ഥങ്ങള്‍ എന്താണെന്നോ ഒന്നും വിഷയമല്ല. “ഉദ്ധരിക്കാവുന്ന ഉദ്ധരണി“ കൃത്യസമയത്ത് വായില്‍ വരണം. അങ്ങിനെ വന്നതാണാ വാചകം. ആ വാര്‍ത്തയുടെ വീക്ഷണം തലക്കെട്ടും കൊള്ളാവുന്ന ഒന്നാണ്. “ബുഷിന്റെ പരാമര്‍ശത്തില്‍ കാര്യമില്ലെന്ന്‌ കപില്‍ സിബല്‍“

ഗ്രൂപ്പുകാരുടെയും ഒരു രക്ഷ അതു തന്നെ..

“ലോകത്തുള്ളവരുടെ പ്രസ്താവനകളല്ല നമ്മെ നയിക്കുന്നത്.” “സോണിയാജിയുടെ പരാമര്‍ശത്തില്‍ കാര്യമില്ല.”

നിക്കോളാസ് ബേണ്‍സ് ഹൈഡ് ആക്ട് 123 കരാറിനു ബാധകമാണെന്ന് പറഞ്ഞപ്പോള്‍ ഇവിടെ ചിലര്‍ പറഞ്ഞിരുന്നു “ അത് അമേരിക്കയിലെ പൊതുജനത്തിനുവേണ്ടി പറഞ്ഞതാണ്. നമ്മളോടല്ല.”

ഗ്രൂപ്പുകളിക്കാരുടെ രണ്ടാമത്തെ രക്ഷ അതാണ്...സോണിയാജിയുടെ പ്രസ്താവന മാധ്യമങ്ങള്‍ക്കും,. ജനാധിപത്യ വിശ്വാസികള്‍ക്കും വേണ്ടിയുള്ളതാണ്. ഗ്രൂപ്പുകളിക്കാര്‍ക്ക് അതൊന്നും ബാധകമല്ല.

8 comments:

മൂര്‍ത്തി said...

ഇത്തിരി ആണവം, ഇത്തിരി രാഷ്ട്രീയം

ജിവി/JiVi said...

അല്ലെങ്കിലും കോണ്‍ഗ്രസ്സുകാരെപ്പോലെ മനുഷ്യരെ ചിരിപ്പിക്കാന്‍ കഴിവുള്ളവര്‍ വേറെയുണ്ടോ?

എന്തായാലും കലക്കി.

Unknown said...

സ്വന്തതാത്പര്യങ്ങള്‍ക്കു് മുന്‍‌തൂക്കം നല്‍കാതെ മറ്റൊരു രാജ്യത്തെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്ന ഒരു രാജ്യവുമില്ല. എന്തിനു് അവര്‍ അതു് ചെയ്യണം? ജീവകാരുണ്യപ്രവര്‍ത്തികളുടെ പിന്നില്‍‍ പോലും പൂര്‍ണ്ണമായ നിസ്വാര്‍ത്ഥതയല്ല. ഭാരതത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണു് നമ്മള്‍ ശ്രമിക്കേണ്ടതു്. അതിനു് എത്രത്തോളം നമുക്കു് കഴിയും എന്നതു് നമ്മുടെ വൈദഗ്ദ്ധ്യത്തില്‍ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. ഏതു് മേഖലയിലും ലോബികളുണ്ടു്. അവര്‍ ശ്രമിക്കുന്നതു് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായിരിക്കും. ജനങ്ങളുടെ പൊതുനന്മ ലക്‍ഷ്യമാക്കുന്ന യോഗ്യതയുള്ള നേതാക്കളെയാണു് ഏതു് രാജ്യത്തിനുമെന്നപോലെ ഭാരതത്തിനും ആവശ്യം. വാചകമടി എളുപ്പമാണു്. അതു് ഉപദേശികള്‍ക്കുമാവും.

നൂറുകോടിയില്പരം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യത്തില്‍ ആണവശക്തിയുടെ അപകടസാദ്ധ്യതകള്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്നുണ്ടു്. അണക്കെട്ടു് പൊട്ടിയാലും തീര്‍ച്ചയായും അപകടമാണു്. പക്ഷേ അതു് ഒരു ആറ്റോമിക് ഡിസാസ്റ്ററുമായി താരതമ്യം ചെയ്യാവുന്നതല്ല. ഭൂമികുലുക്കമോ മറ്റോ വഴി ആണവ പവര്‍ സ്റ്റേഷന്‍ തകരുന്നതു് മാത്രമല്ല അതുവഴിയുള്ള ഭീഷണി. ഉദാഹരണത്തിനു്, ജര്‍മ്മനി പോലുള്ള പരിഷ്കൃതരാജ്യങ്ങള്‍ക്കുപോലും ആറ്റോമിക് വേസ്റ്റ് ഇന്നും ഒരു തലവേദനയാണു്. അണുശക്തിയില്‍നിന്നും അന്തിമമായി സ്വതന്ത്രമാവുക എന്നതായിരിക്കണം നമ്മുടെ ലക്‍ഷ്യം. കക്ഷിരാഷ്ട്രീയത്തിനു് അതീതമായി കാണേണ്ട ഒരു വിഷയമാണിതു്.

കടത്തുകാരന്‍/kadathukaaran said...

ബുഷും റൈസും ഒരു പക്ഷെ കാരാട്ടിനെപ്പോലെ പിണറായിയെപ്പോലെ ത്രികാലഞ്ജാനികളായ നാലാംലോകനിവാസികളാകാം.

ഇതുവരെ കോണ്‍ഗ്രസ്സിലും പാന്‍ഥേയെപ്പോലെയുള്ള മതേതരവാദികള്‍ക്കും ഫെര്‍ണാണ്ടസ്സിനെപ്പോലെയുള്ള സോഷ്യലിസ്റ്റുകള്‍ക്കുമായിരുന്നിരിക്കണം സീറ്റ് വിഭജനം നടന്നിട്ടുണ്ടാവുക.

പിന്നെ, ചിരി നല്ലതാണ്, അല്ലാതെ പിണറായി ഒന്ന് ചിരിച്ച് കണ്ടിട്ട് മരിക്കാന്‍ കാത്തിരിക്കുന്ന സഖാക്കള്‍ക്ക് ഇങ്ങനേയും ഒരു ഓണം ഓഫര്‍.

Joker said...

മൂര്‍ത്തിജീ
വീക്ഷണമല്ലേ...പഞ്ച പാണ്ഡവര്‍ കട്ടില്‍ കാലു പോലെ മൂന്ന്.
തമാശകള്‍ ലൈവായി കാണണമെങ്കില്‍ ജയ് ഹിന്ദ് ടിവി കണ്ടാല്‍ മതി.

ഒരു ഓടോ.
കെ.പി.സി.സി പുസ്തക പ്രസാധനം തുടങ്ങാന്‍ പോകുന്നു.’പ്രിയ ദര്‍ശിനി ‘എന്നായിരിക്കും പേര്‍.
ആദ്യത്തെ പുസ്തകം . മന്മോഹനും 41 നുണയന്‍ മാരും എന്നായിരിക്കും.മന്മോഹനേ ഇതിലൊന്നും കൂട്ടാന്‍ കഴിയില്ല.അത് വേറെ ജനുസ്സ് ആണ് അത് കൊണ്ട് ഇവിടെ പറയാന്‍ പ്രയാസമാണ്.

വീ.കെ.ബാല said...

നന്നായിട്ടുണ്ട് മൂർത്തി, താഴെ കടത്തുകാരൻ ഒച്ചവച്ച് ആളെകൂട്ടുന്നുണ്ട്, എന്തിനാണെന്ന് ചോദിച്ചാൽ ....ആ.., 1+1=2 ഇത് മനസ്സിലാക്കാൻ ത്രികാലജ്ഞാനം ഒന്നും വേണ്ടമാഷെ, പിന്നെ രാജ്യത്തെ വിറ്റ് കമ്മ്യൂണിസ്റ്റുകളെ ചിരിപ്പിക്കാൻ ശ്രമിക്കുന്നത്, എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്നുപറയുന്നപോലെല്ലെ മൂർത്തി പേസ്റ്റിയ പാര ഒന്നൂടെ വായിക്ക് പിന്നെ അതിന് ചേരുന്ന കമന്റ് പോസ്റ്റ്....അങ്ങനെ ചിന്തിക്കുന്നവനായി വളര്, കടത്തുകാരൻ ദേഷ്യപ്പെടല്ലെ..., കടത്തുകാരനും മറ്റെല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ

Kunjipenne - കുഞ്ഞിപെണ്ണ് said...

രണ്ട്‌ കുറിപ്പും പ്രസക്തം
ആശംസകള്‍

ബൈജു (Baiju) said...

ലേഖനം നന്നായി..............

ഈശ്വരോ രക്ഷതു.....
ങേ, മൂപ്പര്‍ക്കും പറ്റില്ലെന്നോ?