Sunday, August 30, 2009

ഒരു വണ്ടിച്ചെക്ക്, പല പത്രങ്ങള്‍

'ആളുവില കല്ലുവില’ എന്നാണ് പഴമൊഴി. കടം വാങ്ങി തിരിച്ച് കൊടുക്കാതിരിക്കുന്നതായാലും ശരി, നിങ്ങള്‍ കൊടുത്ത ചെക്ക് മടങ്ങിയാലും ശരി, അല്ല ഇനി നിങ്ങള്‍ വണ്ടിച്ചെക്ക് കൊടുത്താലും ശരി, പഴമൊഴി പഴമൊഴിയാണ്. മാധ്യമങ്ങളെ നിങ്ങളാരും റിപ്പോര്‍ട്ടിംഗ് പഠിപ്പിക്കണ്ട.

മുന്‍‌മന്ത്രി മുനീറുമായി ബന്ധപ്പെട്ട് ഇന്നത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ വെറുതെ ഒരു ഓട്ടപ്രദക്ഷിണം....

ആദ്യം ദേശാഭിമാനി..വാര്‍ത്ത മുഴുവനായും താഴെ.

വണ്ടിച്ചെക്ക് കേസ് : എം കെ മുനീറിന് തടവും പിഴയും
സ്വന്തം ലേഖകന്‍

കോട്ടയം: വണ്ടിച്ചെക്ക് കേസില്‍ മുസ്ളിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിനെ തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പൊതുമരാമത്തുമന്ത്രിയായിരിക്കെ കരാറുകാരനില്‍നിന്ന് വായ്പ എന്ന പേരില്‍ വാങ്ങിയ 25 ലക്ഷം രൂപ തിരിച്ചുകൊടുക്കാതെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിനാണ് ശിക്ഷ. കരാറുകാരനായ കോട്ടയം വെള്ളാപ്പള്ളിയില്‍ മാത്യു അലക്സില്‍നിന്ന് 25 ലക്ഷം രൂപ വാങ്ങി തിരിച്ചുകൊടുക്കാതെ വഞ്ചിച്ച കേസിലാണ് ശിക്ഷ. ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് മുനീര്‍ വണ്ടിച്ചെക്ക് നല്‍കിയത്. മുനീറിനെ കൂടാതെ ഇന്ത്യാ വിഷന്‍ കമ്പനി സെക്രട്ടറി എസ് യോഗേന്ദ്രനാഥ്, റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി എന്നിവരും പ്രതികളാണ്. മൂന്നു പേരും ചേര്‍ന്നോ ഇന്ത്യാവിഷനോ 25 ലക്ഷം പിഴയായി അടയ്ക്കണം. ഇത് പരാതിക്കാരനു നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. മൂന്നു പ്രതികളെയും ഒരു ദിവസംവീതം തടവിനാണ് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് അമീര്‍ അലി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം തടവുകൂടി അനുഭവിക്കണം. മാത്യു അലക്സില്‍നിന്ന് 2005 മാര്‍ച്ച് 29നാണ് മുനീര്‍ കടമെന്ന പേരില്‍ 25 ലക്ഷം രൂപ വാങ്ങിയത്. ഉറപ്പിനായി ചെക്കും നല്‍കി. 15 ലക്ഷത്തിന്റെയും 10 ലക്ഷത്തിന്റെയും രണ്ട് ചെക്ക്. ഫെഡറല്‍ബാങ്ക് എറണാകുളം ശാഖയിലെ ചെക്കുകളായിരുന്നു ഇത്. മാത്യു അലക്സ് പലവട്ടം ആവശ്യപ്പെട്ടിട്ടും മുനീര്‍ പണം തിരിച്ചുകൊടുത്തില്ല. ചെക്ക് ബാങ്കില്‍ ഹാജരാക്കിയെങ്കിലും പണമില്ലാതെ മടങ്ങി. തുടര്‍ന്നാണ് കരാറുകാരന്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ സുരേഷ്ബാബു തോമസ്, വിനീത് ജേക്കബ് വര്‍ഗീസ് എന്നിവര്‍ ഹാജരായി.

യുഡിഎഫ് ഭരണകാലത്ത് ഇന്ത്യാ വിഷന്‍ ചാനല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മുനീര്‍ കരാറുകാരില്‍നിന്ന് കോടികളാണ് പിരിച്ചത്. 20 ലക്ഷം രൂപ കടമായി വാങ്ങി വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് മുനീറിനെതിരെ കൊല്ലം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഇന്ത്യാവിഷന്റെ പേരില്‍ വായ്പയെടുത്ത് സംസ്ഥാന സഹകരണബാങ്കിനെ കബളിപ്പിച്ചതു സംബന്ധിച്ച് മുനീറിനും കൂട്ടര്‍ക്കുമെതിരെ നേരത്തെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എട്ടു കോടി രൂപയാണ് സംസ്ഥാന സഹകരണബാങ്കിനു നഷ്ടപ്പെട്ടത്. ലക്ഷങ്ങള്‍ വാങ്ങി മുനീര്‍ ധാരാളം വണ്ടിച്ചെക്ക് നല്‍കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ പലരും കോടതിയില്‍ പോകുന്നില്ല. പൊതുമരാമത്ത് കരാറുകാരില്‍നിന്ന് ഭീഷണിപ്പെടുത്തിയും കരാറുകള്‍ മറിച്ചുകൊടുത്തതിന് പ്രത്യുപകാരമായും വന്‍ തുക മുനീര്‍ ഇന്ത്യാവിഷനുവേണ്ടി സംഘടിപ്പിച്ചു. വായ്പ എന്നു പേരിട്ടാണ് ചാനലിനായി കോടികള്‍ വാങ്ങിയത്. പത്തു ലക്ഷം മുതല്‍ 50 ലക്ഷംവരെ പലരോടും പലപ്പോഴായി വാങ്ങി. ഒട്ടേറെ കരാറുകാര്‍ പണം നഷ്ടപ്പെട്ട വിവരം പുറത്തു പറഞ്ഞിട്ടില്ല. വായ്പയെന്നു പറഞ്ഞ് വാങ്ങുന്ന പണം ആരും തിരികെ ചോദിക്കില്ലെന്ന ഉറപ്പിലായിരുന്നു മുനീര്‍. എന്നാല്‍, പലരും പണം മടക്കിച്ചോദിച്ചു. ചിലര്‍ കോടതിയെ സമീപിക്കാന്‍ തയ്യാറായതോടെ മുനീര്‍ നിയമക്കുരുക്കിലകപ്പെട്ടു. പിഡബ്ള്യുഡി കരാറുകാരന്‍ ചവറ പുത്തന്‍ചന്ത വലിയകത്ത് ഹൌസില്‍ ഇബ്രാഹിം കുട്ടിയില്‍നിന്ന് 20 ലക്ഷം വാങ്ങി കബളിപ്പിച്ചതിനാണ് കൊല്ലം കോടതിയില്‍ കേസ്. പൊതുമരാമത്ത് പ്രവൃത്തികള്‍ വീതം വെച്ചതിന്റെ മറവില്‍ മുനീറിന്റെ ഭരണകാലത്ത് 1000 കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നിരുന്നു. ചില പരാതികള്‍ അന്വേഷണത്തിലാണ്.



സംഭവം പിടി കിട്ടിയല്ലോ അല്ലേ? യാഹൂ/വെബ് ദുനിയ സൈറ്റുകളും നോക്കാം. വാര്‍ത്തയുടെ ടോണില്‍ വലിയ വ്യത്യാസമില്ല. വണ്ടിച്ചെക്ക് കേസ് തന്നെ.

ഇനി മാതൃഭൂമി

വാര്‍ത്തയില്‍ ഇത്തിരി വ്യത്യാസമൊക്കെ വന്നിട്ടുണ്ടല്ലേ? ഇത്തിരിയൊന്ന് പോളിഷ് ചെയ്ത് എടുത്ത പോലെ തോന്നുന്നില്ലേ? മുനീറിന്റെ സുന്ദരരൂപത്തിനു ചേര്‍ന്നതല്ല വണ്ടിച്ചെക്ക് എന്ന ദുഷ്ടലാക്കുള്ള പ്രയോഗം എന്ന് മാതൃഭൂമിക്ക് അറിയാം. ‘മടങ്ങിയ ചെക്ക്‘ എന്ന സൌമ്യമധുരമായ വാക്കുള്ളപ്പോള്‍ എന്തിനാണ് വണ്ടിച്ചെക്ക്? അതും ‘നമ്മുടെ കുട്ടി’ക്കെതിരെ.

കേരള കൌമുദി

വണ്ടി കാണുന്നില്ല. ചെക്ക് മാത്രം ഉണ്ട്. പൈസ കിട്ടിയില്ലെങ്കിലും ചെക്കെങ്കിലും കിട്ടിയല്ലോ എന്ന് സമാധാനിക്കുക..

മനോരമ


ഇതാണ് ഇതാണ് വാര്‍ത്ത . തമസ്കരണി മന്ത്രം പ്രയോഗിച്ചപ്പോള്‍ വന്ന മാറ്റം നോക്കണേ. വണ്ടിയും ഇല്ല, ചെക്കും ഇല്ല. ‘കടം വാങ്ങി തിരികെ നല്‍കാതിരുന്ന കേസില്‍’ എന്ന സുന്ദരന്‍ പ്രയോഗം മാത്രം. ‘നമ്മുടെ കുട്ടികള്‍’ക്കെതിരെയുള്ള വാര്‍ത്തയെ സോപ്പിട്ട് കുളിപ്പിക്കുന്നെങ്കില്‍ ഇങ്ങനെ വേണം..

ഈ മുനീറിന്റെ സ്ഥാനത്ത് വല്ല സി.പി.എം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും അപ്പാവിയോ ആകണമായിരുന്നു. അപ്പോള്‍ കാണാമായിരുന്നു മാതൃഭൂമി മാതൃഭൂമി ആകുന്നത്. പോയ വണ്ടിയൊക്കെ തന്നെ തിരികെ വരും.



ഇന്ത്യാ വിഷനിലും മംഗളത്തിലും വാര്‍ത്തയേ ഇല്ല. പോള്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട തിരക്കു കാണും. ക്ഷമിച്ചേക്കാം.

10 comments:

മൂര്‍ത്തി said...

ഒരു വണ്ടിച്ചെക്ക്, പല പത്രങ്ങള്‍"

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
ശോ ഇതൊക്കെ ഇത്രകാര്യമാക്കാനുണ്ടോ.
ചിലരുടെ‍ ജീവന്‍പോയാല്‍‍ ചത്തു എന്നു പറയും,
ചിലര്‍ മരിക്കും,
ചിലര്‍ അന്തരിക്കും,
ചിലര്‍ നാടുനീങ്ങും,
ഇതെല്ലാത്തിനും ബാധകമാണെന്നെ.

കിരണ്‍ തോമസ് തോമ്പില്‍ said...

മറ്റ്‌ പാര്‍ട്ടിക്കാര്‍ക്കൊന്നും പണ്ടേ ധാര്‍മ്മികത്‌ ഇല്ല. ഇനി പത്രക്കാര്‍ വിമര്‍ശിച്ചാല്‍ വരികയും ഇല്ല. എന്നാല്‍ CPM അങ്ങനെ അല്ല ജനങ്ങള്‍ക്ക്‌ CPM ഇല്‍ പ്രതീക്ഷയുണ്ട്‌ അതിനാല്‍ അതുകൊണ്ട്‌ തന്നെ CPM ന്റെ മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനം തടയാനുള്ള ബാധ്യത പത്രക്കാര്‍ക്കില്ലെ

ഷാനി പ്രഭാകരന്റെ വാക്കുകള്‍ കടമെടുത്താല്‍ ജനത്തിന്റെ ആശങ്കള്‍ മാധ്യമ പ്രവര്‍ത്തകന്‌ എങ്ങനെ അവഗണിക്കാന്‍ കഴിയും

Radheyan said...

നമ്മുടെ ഉമ്മ ഉമ്മ ,ബാക്കി ഉള്ളവന്റെ ഉമ്മ ചുമ്മാ

Anil cheleri kumaran said...

:)

ജിവി/JiVi said...

ഹ ഹ ഹ...

ഈ മൂര്‍ത്തിയും മനോരമയും ചേര്‍ന്ന് ചിരിപ്പിച്ച് കൊല്ലും. കശ്മലന്മാര്‍..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിലും കിരണും പറഞ്ഞതിനോട് യോജിപ്പില്ല.സത്യസന്ധമായി വാർത്തകൾ അവതരിപ്പിക്കുക എന്നത് മാധ്യമ ധർമ്മം ആണു.ആദ്യം തന്നെ അത് ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.അവതരിപ്പിച്ച വാർത്തയിൽ തന്നെ വെള്ളം ചേർത്തു.തീർച്ചയായും ഇഷ്ടമുള്ള കുട്ടി ചെയ്യുമ്പോൾ തെറ്റല്ല എന്നതു തന്നെ പ്രമാണം.”ഫ്രോഡ്’ എന്ന് വിളിക്കാവുന്ന പണിയല്ലേ അയാൾ കാണിച്ചത്..25 ലക്ഷം ആണ് പിഴ അടക്കേണ്ടത്.അതിന്റെ പ്രഭവ സ്ഥാനം ഒന്നും ആരും അന്വേഷിക്കരുതേ.....

ഹോ സി.പി.എമ്മിനോടു ഇത്ര സ്നേഹമുള്ള ജനങ്ങളും മാധ്യമങ്ങളും!

പാമരന്‍ said...

:)

Unknown said...

you are exposing munir's name but hiding cpm guy's name in your blog.
You too are in the same band wangon.

മൂര്‍ത്തി said...

അനില്‍, കിരണ്‍, കുമാരന്‍, ജിവി,രാധേയന്‍,സുനില്‍, പാമരന്‍ ലിലിയ, നന്ദി..

ലിലിയ,

അവസാനത്തെ 2 വാര്‍ത്തകള്‍ മാതൃഭൂമിയുടെ ഇരട്ടത്താപ്പ് കാണിക്കാനായി കൊടുത്തത്. അതിലെ പേരുകള്‍ക്ക് ഈ പോസ്റ്റില്‍ ഒരു പ്രസക്തിയും ഇല്ല എന്നു മാത്രമല്ല കൊടുക്കുന്നതായിരിക്കും തെറ്റ്. അവരെ ഇതില്‍ വലിച്ചിഴക്കേണ്ട കാര്യമില്ലല്ലോ.