Monday, May 28, 2007

മാധ്യമങ്ങളെ കുറ്റം പറയുന്നില്ല




ഇന്ന്‌ ദേശാഭിമാനിയില്‍ കണ്ട രണ്ടു വാര്‍ത്തകളാണ് ഈ കുറിപ്പിനാധാരം.


ആദ്യത്തേത് “ മുള്‍ജിയെ മുരളിയാക്കി: കെ.എസ്.യുവിന്റെ രക്തസാക്ഷിത്വ തട്ടിപ്പ് പുറത്താകുന്നു” എന്ന വാര്‍ത്തയാണ്.


മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എന്‍.എന്‍. സത്യവ്രതന്‍ എഴുതിയ “വാര്‍ത്ത വന്ന വഴി” എന്ന പുസ്തകത്തിലെ ഒരു വെളിപ്പെടുത്തലാണിത്. ശനിയാഴ്ച ശ്രീ. വയലാര്‍ രവിയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.


1968ല്‍ എറണാകുളത്ത് നടന്ന സമരത്തില്‍ തേവര കോളേജിലെ കെ.എസ്.യുക്കാരും പോലീസും തമ്മിലുണ്ടായ സംഘട്ടനത്തിനെയും തുടര്‍ന്നുണ്ടായ രക്തസാക്ഷിത്വത്തെയും കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. അന്ന് മാതൃഭൂമി ലേഖകനായിരുന്ന സത്യവ്രതന്‍ പറയുന്നത് അന്ന് നടന്ന സംഘട്ടനത്തിനിടെ ഒരു ഗുജറാത്തി വിദ്യാര്‍ത്ഥിയായ മുള്‍ജി കാനയില്‍ വീണിരുന്നുവെന്നും ഏതോ പ്രൂഫ് റീഡര്‍ അത് മുരളിയെന്ന് തിരുത്തിയെന്നുമാണ്. പിറ്റേന്ന് മുരളി എന്ന പേരിലുള്ള ഒരു വിദ്യാര്‍ത്ഥി അസുഖം വന്നു മരിച്ചത്രെ. കെ.എസ്.യുവിന്റെ ആദ്യ രക്തസാക്ഷിയായ മുരളി , ഈ അസുഖം വന്നു മരിച്ച മുരളിയാണെന്നു ശ്രീ.സത്യവ്രതന്‍ വെളിപ്പെടുത്തുന്നു. ദേശാഭിമാനി വാര്‍ത്ത ഇവിടെ.


മറ്റേതെങ്കിലും പത്രത്തില്‍ ഈ വാര്‍ത്ത വന്നുവോ എന്നറിയില്ല. മാതൃഭൂമി, മാധ്യമം, മനോരമ എന്നീ പത്രങ്ങളില്‍ ഈ വെളിപ്പെടുത്തല്‍ കണ്ടില്ല.





മറ്റൊരു വാര്‍ത്ത കെ.എസ്.യുവിന്റെ സ്ഥാപക നേതാവായ വയലാര്‍ രവി കെ.എസ്.യു.വിന്റെ സുവര്‍ണ്ണ ജൂബിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ല എന്നതാണ്.


തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണിത് എന്നു ദേശാഭിമാനി പറയുന്നു. ദേശാഭിമാനി വാര്‍ത്ത ഇവിടെ.


വാര്‍ത്ത ശരിയാവാം തെറ്റാവാം. മാധ്യമം, മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളില്‍ ഈ വാര്‍ത്ത കണ്ടില്ല.


ആലോചിച്ചത് മറ്റൊന്നുമല്ല. സി.പി.എമ്മിന്റേയോ മറ്റേതെങ്കിലും ഇടതുപക്ഷകക്ഷികളിലുമോ ആണ് ഇത്തരത്തിലുള്ള ഒരു ചെറിയ നീക്കം എങ്കില്‍പ്പോലും എന്തെല്ലാം കോലാഹലങ്ങളാണ് ഇവിടെ നടക്കുക. എത്ര പേജ് ഇതിനുവേണ്ടി ചിലവാക്കുമായിരുന്നു?


മാധ്യമങ്ങളെ കുറ്റം പറയുന്നില്ല.


വി.എസ്സിന്റെയും പിണറായി വിജയന്റേയും മുഖഭാവം മാറുന്നതിന്റെയും ബോഡി ലാംഗ്വേജിലെ പ്രത്യേകതകളുയും അപഗ്രഥനം നടത്തുന്നതിന്റെ തിരക്കില്‍ വിട്ടുപോയതായിരിക്കാം..


എങ്കിലും നമ്മള്‍ കാണണ്ടേ?

30 മെയ് 2007ന് കൂട്ടിച്ചേര്‍ത്തത്

1967 ഒക്‍ടോബര്‍ 2 ലെ ദേശാഭിമാനി വാര്‍ത്ത. ലിങ്ക് ഇവിടെ


വാര്‍ത്തക്കും ചിത്രത്തിനും ദേശാഭിമാനി ദിനപ്പത്രത്തിനോട് കടപ്പാട്

19 comments:

മൂര്‍ത്തി said...

മുഖ്യധാരാ മാധ്യമങ്ങള്‍ കാണാതിരുന്നതോ കണ്ടിട്ടും അറിഞ്ഞില്ലെന്നു നടിച്ചതോ?

തറവാടി said...

മൂര്‍ത്തീ,

വിഷയത്തിലധിഷ്ടിത മല്ലാതെ അഭിപ്രായം പറയുന്നവന്‍ എന്ന ഒരു ഖ്യാതിയുണ്ടെനിക്ക്‌ ബൂലോകത്ത്‌ , അതുകൊണ്ടുതന്നെ എന്തും പറയാമല്ലൊ :)

ഒരു പത്രം പറയുന്നു ,
പണ്ട്‌ ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയ കരാറായിരുന്നു എന്തു കൊണ്ടും നല്ലത്‌ ,

വേറൊരു പത്രം പറയുന്നു വി.എസ്‌ ഉണ്ടാക്കിയ കരാറാണ്‌ നല്ലതെന്ന്‌.

( സ്മാര്‍ട്ട്‌ സിറ്റി - ഇതൊരു ഉദഹരണമായി മാത്രം പറഞ്ഞത്‌ )

എന്നെപ്പോലുള്ള സാധാരണ ജനം ഏതു വാര്‍ത്തയാണ്‌ വിശ്വസിക്കേണ്ടത്‌? ഈ അടുത്ത കാലത്തെങ്ങാനും ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസം എന്നത്‌ സാധ്യമാകുമോ?

അതോ വായനകാരന്‍ അവന്‍റ്റെ ഉചിതം പോലെ വിശ്വസിക്കട്ടെ എന്ന തത്വമാണോ?

അപ്പോഴും ഒരു ചിന്ത വീണ്ടും ,

സത്യം ഒന്നല്ലെയുള്ളു?
യാഥാര്‍ത്ഥ്യത്തിനും ഇല്ലായ്മക്കും ഇടക്കാണോ സത്യം? അങ്ങിനെയെങ്കില്‍ പോലും

കൂടുതല്‍ ശരി എന്ന തത്വം അംഗീകരിച്ചുകൊണ്ട്‌ പറഞ്ഞുകൂടെ സത്യം?

വര്‍ഷങ്ങളായി മനസ്സില്‍ കിടക്കുന്ന ചോദ്യങ്ങള്‍

Vanaja said...

"വി.എസ്സിന്റെയും പിണറായി വിജയന്റേയും മുഖഭാവം മാറുന്നതിന്റെയും ബോഡി ലാംഗ്വേജിലെ പ്രത്യേകതകളുയും അപഗ്രഥനം നടത്തുന്നതിന്റെ തിരക്കില്‍ വിട്ടുപോയതായിരിക്കാം.."

മൂര്‍ത്തീ, ചിലപ്പോ ഡെല്‍ഹിയില്‍ പെയ്ത മഴയില്‍ ഒലിച്ചുപോയതാവാനും മതി.

സൂര്യോദയം said...

മൂര്‍ത്തീ.... സംഭവം ശരിയാണെങ്കില്‍ കെ.എസ്‌.യു വിനും അതിന്റെ അന്നത്തെ കാലത്തെ നേതാക്കള്‍ക്കും (ഇപ്പോഴത്തെ വല്ല്യ നേതാക്കള്‍) മുണ്ഠനം ചെയ്ത്‌ തലയില്‍ മുണ്ടിട്ട്‌ നടക്കാം..

പിന്നെ, ആടിനെ പട്ടിയാക്കുന്ന പരിപാടിയ്ക്ക്‌ മനോരമയും ഒട്ടും പിന്നിലല്ല....

പാര്‍ട്ടി പത്രങ്ങള്‍ അവരുടെ പാര്‍ട്ടിയെ അനുകൂലിച്ച്‌ എഴുതുന്നത്‌ മനസ്സിലാക്കാം... മറ്റ്‌ പത്രങ്ങളെങ്കിലും കുറച്ച്‌ നിഷ്പക്ഷത കാണിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഇവറ്റകള്‍ ചവച്ചുതുപ്പുന്നതൊന്നും ജനം വിശ്വസിക്കാതെ വരും....

കുട്ടന്‍സ്‌ | S.i.j.i.t.h said...

മൂര്‍ത്തി,
ഇതേ വാര്‍ത്ത മംഗളത്തില്‍ ( http://www.mangalam.com/cgi-bin/newsviewframe.cgi?adcount=19&category=mainnews&code=317666 )ഞാനും വായിച്ചൂ..മനോരമയില്‍ ഇതു വരാനോ !!!!!????

മാനസപുത്രന്മാര്‍ക്കു ചെളിതെറിക്കാതെ നോക്കേണ്ടത് മനോരമയുടെ കടമയല്ലെ..

കുടുംബംകലക്കി said...

വഴക്കുപറഞ്ഞാല്‍ നന്നാകുന്നവരെയല്ലേ ശാസിക്കാറുള്ളൂ.

N.J Joju said...

മൂര്‍ത്തി,
ദേശാഭിമാനി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ കാരണവും മനോരമ ആ വാര്‍ത്ത പ്രസിദ്ധീകരിക്കാത്തതിന്റെ കാരണവും താങ്കള്‍ക്കറിയാമല്ലോ.( ഈയിടെ തന്നെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന വിധം നകുലന്‍ പത്രകട്ടിങ്സ് സഹിതം പോസ്റ്റുചെയ്തിരുന്നു.നേരറിയാന്‍ സി(ഡി)ബിഐ! )

1968ല്‍ എറണാകുളത്ത് നടന്ന സമരത്തിന്റെ സത്യാവസ്ഥ എന്തുകൊണ്ടു അന്നു മാതൃഭൂമി ലേഖകനായ സത്യവ്രതന് അന്നോ അതിനുശേഷമോ, കോണ്‍ഗ്രസ്സ് ഭരിക്കുന്ന സമയം പോട്ടെ പകുതികാലം ഇടതുപക്ഷമാണല്ലോ ഭരിച്ചത് അന്നൊന്നും പുറത്തുകൊണ്ടുവരാന്‍ കഴിയാതെപോയി. അന്നും ദേശാഭിമാനി ഉണ്ടായിരുന്നല്ലോ? എന്തേ അന്നെ കെ.എസ്.യുവിന്റെ രക്തസാക്ഷിത്വ തട്ടിപ്പ് പുറത്താക്കിയില്ല. അതോ സത്യവ്രതന് കഴിഞ്ഞ ശനിയാഴ്ചയാണോ പ്രൂഫ് റീഡര്‍ അത് മുരളിയെന്ന് തിരുത്തിയെന്ന് മനസ്സിലായത്. തേവര കോളേജില്‍ കെ.എസ്.യു മാത്രമാണോ ഉള്ളത്? എതിര്‍കക്ഷിക്കാരാരും എന്തേ ഇത്രയും നാള്‍ ഇതു പറഞ്ഞില്ല.

മുഖ്യധാരാമാധ്യമങ്ങള്‍ക്ക് തീര്‍ച്ചയായും രാഷ്ടീയമുണ്ട്. എന്നിരുന്നാല്‍ തന്നെയും അവയൊന്നും ദേശാഭിമാനിയെയോ വീക്ഷണത്തെയോപോലെ പാര്‍ട്ടി പത്രങ്ങളല്ല. വീ.എസ് -പിണറായി ചേരിതിരുവുകള്‍ അവര്‍ ആഘോഷിക്കുന്നതുപോലെ തന്നെ അവര്‍ കരുണാകരന്‍-ആന്റണി-മുരളി-ഉമ്മഞ്ചാണ്ടി തര്‍ക്കങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്(മനോരമയുള്‍പ്പെടെ.) ദേശീയ ദിനപത്രമെന്നു പറയാവുന്ന ഹിന്ദു പോലെയുള്ള പത്രങ്ങളുടെ ആദ്യതാളില്‍ തന്നെ വെണ്ടക്കാ അക്ഷരത്തില്‍ ഇടം‌പിടിച്ച വാര്‍ത്തകളെ പ്രാദേശിക മുഖ്യധാരാ പത്രങ്ങള്‍ ഒന്നു പൊലിപ്പിച്ചെഴുതിയതാണോ തെറ്റ്?

ഇനി “സത്യസന്ധമായ” വാര്‍ത്തയറിയാന്‍ ദേശാഭിമാനിതന്നെ വായിക്കേണ്ടി വരുമോ മൂര്‍ത്തിയേയ്....

മൂര്‍ത്തി said...

മുഖ്യധാരാ പത്രങ്ങള്‍ക്ക് രാഷ്ട്രീയം ഉണ്ട് . അതില്ല എന്നു പറഞ്ഞുകൊണ്ട് നിഷ്പക്ഷ മാധ്യമങ്ങള്‍ എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കുന്നതിനോടേ എതിര്‍പ്പുള്ളൂ. അവര്‍ക്കാവശ്യമുണ്ടെങ്കില്‍ തമസ്കരിക്കേണ്ടത് തമസ്കരിച്ചും വളയ്ക്കേണ്ടത്
വളച്ചുമൊക്കെത്തന്നെയാണ് അവര്‍ മുന്നോട്ട് പോകുന്നത്. ദേശീയ പത്രങ്ങള്‍ മുന്‍‌പേജില്‍ കൊടുത്ത വാര്‍ത്ത ഒന്നു ‘പൊലിപ്പിച്ചെടുക്കുക’ എന്ന നിഷ്കളങ്കമായ കര്‍മ്മമൊന്നുമല്ല ഇവിടെ നടക്കുന്നത്. മുഖ്യപ്രശ്നങ്ങളെ ഒഴിവാക്കി പേജുകള്‍ മുഴുവന്‍ സെന്‍സേഷണലിസം കൊണ്ടു നിറയ്ക്കുന്നത് ഉത്തരവാദിത്വമുള്ള മാധ്യമ പ്രവര്‍ത്തനം അല്ല. കരുണാകരന്‍ ആന്റണി തര്‍ക്കത്തിനാണ് ഈ വ്യായാമം എങ്കില്‍പ്പോലും.

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഒരു ക്ഷമാപണം പോലും നടത്താതെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. വായനക്കാരനോട് ഇത്ര പുച്ഛമോ?

പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയില്‍ മാത്രമല്ല തമസ്കരിക്കുന്ന വാര്‍ത്തയിലും രാഷ്രീയം പ്രകടമാകും എന്ന്‌ സൂചിപ്പിക്കുവാന്‍ ഇന്നു കണ്ട ഒരു ഉദാഹരണം എടുത്തു എന്നു മാത്രം.

പാര്‍ട്ടി പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളൊക്കെ 100% സത്യസന്ധം എന്ന ഒരു ധാരണയും ഇല്ല. പാര്‍ട്ടി പത്രമായതുകൊണ്ട് വായനക്കാരന് ഡിസ്‌കൌണ്ട് കൊടുത്തു വിശ്വസിക്കാനുള്ള അവസരം എങ്കിലും ഉണ്ട്. നിഷപക്ഷരാണെന്ന് അവകാശപ്പെടുമ്പോള്‍ അതില്ല.

ഈ വാര്‍ത്തകളിലെ ശരിയും തെറ്റുമൊക്കെ വരും ദിവസങ്ങളില്‍ വ്യക്തമായേക്കാം. വാര്‍ത്തകള്‍ ഒഴിവാക്കപ്പെട്ടു എന്നതിലാണ് എന്റെ ഊന്നല്‍.

N.J Joju said...

മൂര്‍ത്തി,

നിഷ്പക്ഷ മാധ്യമങ്ങള്‍ എന്ന ലേബല്‍ ആരെങ്കിലും ചാര്‍ത്തിക്കൊടുക്കുന്നതിന് മാധ്യമങ്ങള്‍ എന്തുപിഴച്ചു. പൊതുവെ വിമര്‍ശ്ശനവിധേയമാകാറ് മനോരമയാണല്ലോ. കൈരളി ടി.വി യില്‍ വന്ന K.M മാത്യുവുമായുള്ള അഭിമുഖം കണ്ടതിന്റെ വെളിച്ചത്തില്‍ പറയാം രാഷ്ടീയ ചായ്‌വ് ഇല്ല എന്ന് മനോരമ ഒരിക്കലും അവകാശപ്പെടില്ല. വ്യക്തമായ കോണ്‍ഗ്രസ് ചായ്‌വ് അവര്‍ക്കുണ്ട്. കിരണിന്റെ ബ്ലോഗില്‍ ഇത്തരം ചായ്‌വുകളെക്കുറിച്ച് ഒരു ചര്‍ച്ചവന്നിരുന്നു. പാര്‍ട്ടി പത്രങ്ങളല്ലാത്തവയുടെ നിലപാടുകളെക്കുറിച്ച് അവിടെ പറഞ്ഞിരുന്നു. അതൊന്നും പ്രസ്തുതമാധ്യമങ്ങളുടെ മാനേജുമെന്റിന് നിഷേധിക്കാനാവാത്തതാണ്. പ്രസ്തുതനിലപാടുകള്‍ക്കനുസരിച്ച് വാര്‍ത്തകളുടെ priority യും മാറും.

താങ്കളുടെ പോസ്റ്റിലെ ഒന്നാമത്തെ വിഷയം (K.S.U) അതു സംഭവിച്ചപ്പൊഴോ പിന്നീടുണ്ടായ പത്തു നാല്പതു കൊല്ലത്തിനിടയിലെപ്പൊഴെങ്കിലുമോ ഏതങ്കിലും പത്രം പ്രസിദ്ധീകരിച്ചതാവാം. അല്ലെങ്കില്‍ അത് അതിന്റെ വിശ്വാസ്യതയില്‍ സംശയം തോന്നിയിരിക്കാം.

രണ്ടാമത്തെ വാര്‍ത്ത വയലാര്‍ രവി KSU ന്റെ സുവര്‍ണ്ണ ജൂബിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ല എന്നതിന് ദേശാഭിമാനി കൊടുക്കുന്ന പ്രാധാന്യം മറ്റു പത്രങ്ങള്‍ നല്‍കണം എന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനം മനസ്സിലായില്ല. പ്രത്യേകിച്ച് രാഷ്രീയമോ, സാമൂഹികിമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്ത ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ട് ദേശാഭിമാനിക്കല്ലാതെ ആര്‍ക്കും പ്രയോജനമുണ്ടെന്നും തോന്നുന്നില്ല. അതുകൊണ്ട് അതിന്റെ തമസ്കരണം ഒരു നിഷ്പക്ഷമാധ്യമം നടത്തിയാല്‍ പോലും തെറ്റാണെന്നു ഞാന്‍ പറയില്ല.

myexperimentsandme said...

ജോജു, ചില കടമകളും ചില ഉത്തരവാദിത്തങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പ്രതീക്ഷിക്കുന്ന കാര്യങ്ങളാണ്. ജോജു പറഞ്ഞതുപോലെയാണെങ്കില്‍ ആര്‍ക്കും ഒരു മാധ്യമത്തെപ്പറ്റിയും പരാതി പറയേണ്ട കാര്യമില്ലല്ലോ. മനോരമ മുതലായ മുഖ്യധാരാ പത്രങ്ങളില്‍ വാര്‍ത്തകളൊക്കെ വരുന്നുണ്ടെന്നും അവരുടെ രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കനുസരിച്ച് അവ വളച്ചൊടിക്കപ്പെടില്ല എന്നും ഇപ്പോഴും വിശ്വസിക്കുന്ന നല്ലൊരു ശതമാനം ജനങ്ങള്‍ നാട്ടിലുണ്ട് എന്ന് മനോരമയ്ക്കും അറിയാം. അത് അറിഞ്ഞുകൊണ്ട് അവരുടെ വിശ്വാസങ്ങളെ മുതലെടുക്കുന്നത് നിയമപ്രകാരം തെറ്റൊന്നുമല്ലായിരിക്കാം, പക്ഷേ മൊറാലിറ്റി, സോഷ്യല്‍ റെസ്‌പോണ്‍‌സിബിലിറ്റി മുതലായ കാര്യങ്ങള്‍ ഈ പത്രങ്ങളില്‍ നിന്നൊക്കെ പ്രതീക്ഷിക്കുന്നു. മാത്രവുമല്ല, എന്തെങ്കിലുമൊക്കെ ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍‌നിന്നും മറ്റും ടാക്സ് കൊടുക്കുന്നുവരുടെ വകയായി ഈ മാനേജ്‌മെന്റുകള്‍ പത്രപ്രവര്‍ത്തനത്തിനായി വാങ്ങിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സമൂഹത്തോട് ബാധ്യതയുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

അതല്ലെങ്കില്‍ ഓരോ ദിവസവും പത്രത്തില്‍ അവര്‍ ഡിസ്‌ക്ലെയ്‌മര്‍ കൊടുക്കണം-എല്ലാ വാര്‍ത്തകളും ഈ പത്രത്തില്‍ നിന്നും പ്രതീക്ഷിക്കണ്ട എന്നും ഞങ്ങളുടെ രാഷ്ട്രീയ-വാണിജ്യ-വര്‍ഗ്ഗീയ താത്‌പര്യങ്ങളനുസരിച്ച് ചില വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടും, ചിലവ വളച്ചൊടിക്കപ്പെടുമെന്നുമൊക്കെ. ഒരു ഇന്റര്‍വ്യൂവില്‍ പറയുകയല്ല, പത്രത്തില്‍ ഡിസ്‌ക്ലെയ്‌മറായി കൊടുക്കണം, ഈ വാര്‍ത്തകള്‍.

മുരിങ്ങൂ‍രില്‍ പോലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ച വിവരവും ആ എഫ്.ഐ.ആറില്‍ എന്തായിരുന്നു പരാമര്‍ശിക്കപ്പെട്ടതെന്നും ദീപിക വായനക്കാര്‍ അറിയരുതെന്ന് തീരുമാനിക്കാന്‍ ദീപികയ്ക്കെന്താണ് അവകാശം? വായനക്കാര്‍ പറഞ്ഞോ ദീപികയോട്?വാര്‍ത്ത വാര്‍ത്തയായി കൊടുത്തിട്ട്, ദീപികയ്ക്ക് പറയാമായിരുന്നു, ആ എഫ്.ഐ.ആര്‍ ശരിയാണോ തെറ്റാണോ എന്ന്-അത് തമസ്‌കരിക്കുകയല്ല വേണ്ടത്.

മനോരമ എന്റെ വിശ്വാസങ്ങളെ എങ്ങിനെയൊക്കെ വഞ്ചിച്ചു എന്ന് ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്. അത് വായിക്കുകയാണെങ്കില്‍ വായിച്ച് കഴിഞ്ഞിട്ട് എന്തിനാണ് മനോരമയെ വിശ്വസിക്കാന്‍ പോയത് എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല.

ഞങ്ങള്‍ക്ക് തോന്നിയവ മാത്രം തോന്നിയപോലെ എഴുതും, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ വായിച്ചാല്‍ മതി എന്ന നിലപാട് പത്രമാനേജ്‌മെന്റുകള്‍ക്ക് എടുക്കുന്നതിന് നിയമപരമായി തടസ്സമുണ്ടോ എന്നറിയില്ല-പക്ഷേ അങ്ങിനെയാണെങ്കില്‍ അതാണ് ആ പത്രത്തിന്റെ നയമെന്ന് വ്യക്തമായി പറയണം. പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ അതേ പടി വിശ്വസിക്കുന്ന ഒരു കൂട്ടം വായനക്കാര്‍ ഞങ്ങള്‍ക്കുണ്ട് എന്ന് പത്രങ്ങള്‍ക്കറിയാമെങ്കില്‍ ആ വായനക്കാര്‍ക്ക് ശരിയായ വാര്‍ത്തകള്‍ കൊടുക്കാനും വാര്‍ത്തകള്‍ തമസ്‌കരിക്കാതിരിക്കാനുമുള്ള കടമ പത്രങ്ങള്‍ക്കുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതല്ലേ എന്ന് ചോദിച്ചാല്‍ എത്രപേര്‍ക്കറിയാം?

വയലാര്‍ രവിയുടെ കാര്യം മറ്റു പത്രങ്ങള്‍ പറയാതിരുന്നതിലല്ല, സാമൂഹ്യമോ രാഷ്ട്രീയമോ സാംസ്കാരികമോ ആയ യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടാക്കില്ലാത്ത അച്യുതാനന്ദന്റെ പേശീവലിവും പിണറായി വിജയന്റെ മനസ്സിലിരുപ്പും വെച്ച അടികളുടെ കണക്കും മുഖഭാവങ്ങളും എല്ലാം വിശകലനം ചെയ്യുന്ന പത്രം വയലാര്‍ രവിയുടെ കാര്യത്തില്‍ കാണിച്ച ഇരട്ടത്താപ്പാണ് മൂര്‍ത്തി ചൂണ്ടിക്കാണിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇതൊന്നും നിയമപരമായി തെറ്റേ അല്ല. ഇങ്ങിനെയൊക്കെയാണ് എന്ന് പത്രവായനക്കാരായ ബ്ലോഗേഴ്സിനെ (എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും) ഓര്‍മ്മിപ്പിക്കാന്‍ ഇത്തരം കാര്യങ്ങള്‍ സഹായിക്കും.

മൂര്‍ത്തി said...

ദേശാഭിമാനി വാര്‍ത്തകളുടെ അപ്‌ഡേറ്റ്

സത്യവ്രതന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാന രഹിതമെന്ന് ഉമ്മന്‍‌ചാണ്ടി . ഇതിനെക്കുറിച്ചുള്ള വിശദീകരണം പിന്നീട് നല്‍കുമെന്ന് അദ്ദേഹം. ശരിയാകാമെന്ന് വയലാര്‍ രവി പറഞ്ഞതായി ദേശാഭിമാനി. മുരളിക്ക് ഒരു പക്ഷെ ലാത്തിച്ചാര്‍ജ്ജ് ഏറ്റിരിക്കാമെന്നും അദ്ദേഹം അത് വീട്ടില്‍ പറയാത്തതായിരിക്കാമെന്നും വയലാര്‍ രവി പറഞ്ഞതായി ദേശാഭിമാനി.വാര്‍ത്ത ഇവിടെ

മാതൃഭൂമിയും മനോരമയും തപ്പിയെങ്കിലും വാര്‍ത്ത കണ്ടില്ല.

മംഗളത്തില്‍ വിശദമായ ഫോളോഅപ്പ് ഉണ്ട്. മുരളിയുടെ സഹോദരന്‍ വിജയന്‍ പറയുന്നത് മുരളി കെ.എസ്.യുക്കാരനേ ആയിരുന്നില്ലെന്നാണ്. മംഗളം പത്രം സന്ദര്‍ശിക്കുമല്ലോ. വാര്‍ത്തയുടെ ലിങ്ക് ശരിയാവുന്നില്ല.

വയലാര്‍ രവി കെ.എസ്.യു. ജൂബിലി ആഘോഷങ്ങള്‍ക്ക് എത്തിയില്ല. എങ്കിലും അദ്ദേഹത്തിന്റെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു. എല്ല്ലാ പത്രങ്ങളിലും ഈ വാര്‍ത്ത ഉണ്ട്.

vimathan said...

മൂര്‍ത്തീ, നിഷ്പക്ഷമെന്ന് വിശേഷിക്കപ്പെടുന്ന പത്രങളുടെ “നിഷ്പക്ഷത” എന്നത് ഒരു മിഥ്യാധാരണയാണ്. കേരളത്തില്‍ ഇന്ന് അറിയപ്പെടുന്ന “നിഷ്പക്ഷ” പത്രങള്‍ ഒക്കെയും തന്നെ അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരുദ്ധ പത്രങള്‍ ആണ്. കോട്ടയം നിയോജകമണ്ഡലത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ എലക്ഷനില്‍ ജയിച്ചാല്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ പത്രാധിപരുടെ പാരമ്പര്യമുള്ള മനോരമയുടെ കാര്യം പറയാനുമില്ല. ദൃശ്യമാധ്യമങള്‍ ഇല്ലാതിരുന്ന കാലത്ത് കേരളത്തിലെ ഭൂരിപക്ഷം ജനതയും വാര്‍ത്തകള്‍ക്കും, വിശകലനത്തിനും ആശ്രയിച്ചിരുന്നത് ഈ പത്രങളെയും, ഓള്‍ ഇന്ദിരാ റേഡിയോ എന്നറിയപ്പെട്ടിരുന്ന ഓള്‍ ഇന്ത്യാ റേഡിയോയെയും മാത്രമായിരുന്നു. മേല്‍പ്പറഞ്ഞ മാധ്യമങളുടെ നുണപ്രചാരണങള്‍ ഇടതുപക്ഷ പ്രസ്ഥാനങളെ പറ്റി ജനമനസ്സുകളില്‍ തെറ്റിദ്ധാരണ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഉദാഹരണമായി വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കാര്യമെടുത്താല്‍, “അക്രമ രാഷ്ട്രീയം അല്ലെങ്കില്‍ കൊലപാതക രാഷ്ട്രീയം” എന്നിവയുടെ പര്യായമായി എസ് എഫ് ഐ യെയാണ് ഈ പത്രങള്‍ എന്നും ഉയര്‍ത്തിപിടിക്കാറുള്ളത്. ഭൂരിപക്ഷം മലയാളി മധ്യവര്‍ഗ്ഗങളുടെ മനസ്സിലും പത്രങള്‍ അടിച്ചേല്‍പ്പിച്ച ഈ ധാരണ തന്നെയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍ നിന്നും വളരെ അകലെയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍, കൊല ചെയ്യപ്പെട്ടവരുടെ കണക്കെടുത്താല്‍ അതില്‍ ഭൂരിപക്ഷവും വലതുപക്ഷക്കാരുടെ കുത്തേറ്റ് വീണ എസ് എഫ് ഐക്കാര്‍ ആണ് എന്ന് കാണാം. (കൊലപാതകങളുടെ കണക്കെടുക്കുകയോ? അക്രമം, ലജ്ജാവഹം എന്ന ചോദ്യം അപ്പോള്‍ ഉയരും ..)അതേപോലെ തന്നെ കെ എസ് യുക്കാരന്റെ മുതുകില്‍ കോമ്പസ്സ് കൊണ്ട് എസ് എഫ് ഐ എന്ന് വരഞ്ഞു എന്ന കള്ള കഥ ആഘോഷിച്ചതും ഈ പത്രങള്‍ ആയിരുന്നു. പക്ഷെ അതൊരു കള്ളകഥയായിരുന്നു എന്ന് പിനീട് തെളിഞ്ഞപ്പോള്‍, ഈ പത്രങള്‍ക്ക് ഒന്നും പറയാനുണ്ടായില്ല. എന്നാല്‍ ഇന്ന് വിവിധ റ്റി വി ചാനലുകള്‍ ഈ രംഗത്തേയ്ക്ക് വന്നിട്ടുള്ള ഒരു അവസ്ഥയില്‍ പത്രങളുടെ ഈ വക കളികള്‍ അത്ര വിലപോകില്ല. പക്ഷെ നേരില്‍ കാണുന്നതും, കേല്‍ക്കുന്നതും വിശ്വസിക്കാതെ, മനോരമയിലും, മാതൃഭൂമിയിലും, അച്ചടിച്ചു വരുന്ന അക്ഷരങളെ മാത്രം വിശ്വസിക്കുന്ന ശീലം ഇന്നും പലരും കൈവിട്ടിട്ടില്ല.

N.J Joju said...

മൂര്‍ത്തി,

എനിക്കിപ്പൊഴും മനസ്സിലാകാത്ത കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1. മാതൃഭൂമി എന്തുകൊണ്ട് പ്രസ്തുത വാര്‍ത്തകൊടുക്കാതിരിക്കണം? (മനോരമയുടെ കാര്യം മനസ്സിലാക്കാം.)
2. എന്തുകൊണ്ട് EMS നോ അദ്ദേഹത്തിന്റെ പോലീസിനോ സത്യാവസ്ഥ പുറത്തുകൊണ്ടു വരാന്‍ അന്നു കഴിഞ്ഞില്ല.
3. ഏന്തുകൊണ്ട് കോണ്‍ഗ്രസ് അനുഭാവികളല്ലാ‍ത്ത പത്രങ്ങളോ വ്യക്തികളോ പത്രപ്രവര്‍ത്തകരോ എന്തുകൊണ്ട് ഇത്രയും കാലം ഇത് അറിഞ്ഞില്ല അല്ലെങ്കില്‍ പറഞ്ഞില്ല?

വയലാര്‍ രവിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം “അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ്” എന്ന് ദേശാഭിമാനി മാത്രമല്ലേ പറഞ്ഞുള്ളൂ. അത് അവരുടെ ആവശ്യമാണ്. അത് ശരിയാകണമെന്നുണ്ടോ? അങ്ങനെ ഒരു വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങള്‍ കൊടുക്കാതിരിക്കുന്നത് തമസ്കരണമാവുമോ?

N.J Joju said...

വക്കാരീ,

താന്‍ നിഷ്പക്ഷനാണെന്നും തന്റെ ചിന്താഗതികള്‍ ശരിയാണെന്നും ഏറെക്കുറേ എല്ലാ മനുഷ്യരും ചിന്തിക്കും. അതിനനുസരിച്ച് മാധ്യമങ്ങളോ ഗവര്‍മെന്റോ കോടതിയോ സ്ഥാപനങ്ങളോ പ്രവര്‍ത്തിച്ചാല്‍ അവര്‍ നല്ലവരാണെന്നും അവര്‍ നിഷ്പക്ഷരാണെന്നും ഒക്കെ ചിന്തിയ്ക്കും. നേരേ മറിച്ചാണെങ്കില്‍ തിരിച്ചും. അത് സ്വാഭാവികമാണ്. ഇവിടെ എന്റെയും മൂര്‍ത്തിയുടെയും വക്കാരിയുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തങ്ങളാണെന്നതാണ് പ്രശ്നം. അതുപോലെതന്നെ മനോരമയുടെയും മാതൃഭൂമിയുടെയും ദേശാഭിമാനിയുടെയും നിലപാടുകളും.

മനോരമ പറയുന്നത് അപ്പാടെ വിഴുങ്ങുന്നവരുണ്ടായിരിക്കും. അതുപോലെതന്നെ ദേശാഭിമാനിയും കൈരളിയും വിളമ്പുന്നത് സ്വീകരിക്കുന്നവരുമുണ്ട്. പാര്‍ട്ടിപറയുന്നതാണ് ശരിയെന്നു കരുതുന്നവരുണ്ട്. പട്ടക്കാര് പറയുന്നതെല്ലാം ശരിയെന്നു കരുതുന്നവരുമുണ്ട്. അങ്ങനെ വിശ്വസിക്കുന്നവരെ എന്തു ചെയ്യാന്‍ കഴിയും.

മനോരമപറയുന്നത് വിശ്വസിക്കുന്നവരു മാത്രമാണ് ഉള്ളതെങ്കില്‍ പലയിടങ്ങളിലും ഇടതുപക്ഷക്കാര്‍ ജയിക്കില്ലായിരുന്നു. അതായത് മനോരമ വായിക്കുന്നവരും ഇടതുപക്ഷത്തിന് വോട്ടു ചെയ്തിട്ടുണ്ട്. മനോരമവായിക്കുന്നവരെല്ലാം മനോരമയെ കണ്ണുമടച്ച് വിശ്വസിക്കുന്നവരല്ല എന്നര്‍ത്ഥം.

ഒരു വിഷയത്തെക്കുറിച്ച് ഞാന്‍ എഴുതിയാല്‍ എന്റെ നിലപാടുകളും അതില്‍ പ്രതിഫലിക്കാം. മാനേജുമെന്റുകള്‍ നിഷ്പക്ഷരായാല്‍ പോലും വാര്‍ത്ത്കള്‍ നിഷ്പക്ഷമാവണമെന്നില്ല. അതുപോലെതന്നെ മാധ്യമങ്ങള്‍ക്കും അവരുടേതായ നിലപാടുകളും താത്പര്യങ്ങളുമുണ്ട്. അതു മനസ്സിലാക്കുകയാണ് വായനക്കാരന്‍ ഒന്നാമതായി ചെയ്യേണ്ടത്.

‘അച്യുതാനന്ദന്റെ പേശീവലിവും പിണറായി വിജയന്റെ മനസ്സിലിരുപ്പും വെച്ച അടികളുടെ കണക്കും മുഖഭാവങ്ങളും’ ഉണ്ടാക്കിയ രാഷ്ട്രീയ പ്രത്യാഘാതമാണ് പി.ബി യില്‍ നിന്നുള്ള അവരുടെ സസ്പെന്‍ഷന്‍. ഇടതുപക്ഷാനുഭാവമുള്ള ദേശീയദിനപത്രങ്ങളില്‍ പോലും അത് വലിയ വാര്‍ത്തയായിരുന്നു. ഇടതുപക്ഷത്തിലെ പടലപിണക്കങ്ങളും മറ്റും എഴുതിപ്പിടിപ്പിക്കാന്‍ “പ്രത്യേകിച്ചൊരു” താറ്റ്പര്യമുള്ള മനോരമ ഈ വിഷയത്തില്‍ താത്പര്യം കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അതേ സമയം വയലാര്‍ രവിയുടെ അഭാവം ഒരു സംഭവമേ ആകാതെ പോവുകയും ചെയ്തു. അതുകൊണ്ട് ദേശാഭിമാനിക്കു മാത്രമേ അതില്‍ താത്പര്യമുണ്ടായുള്ളൂ.

മൂര്‍ത്തി said...

ജോജൂ..പത്രങ്ങള്ക്ക് രാഷ്ട്രീയമുണ്റ്റ് എന്ന് ഒഴുക്കന് മട്ടില് പറയുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? നമുക്കറിയാമെങ്കില് കിട്ടുന്ന അവസരത്തില് അത് പറയുകയും ചര്ച്ച ചെയ്യുകയും മറ്റുള്ളവരെ അറിയിക്കുകയും ഒക്കെ വേണ്ടേ? ജോജുവിനറിയുന്നത് പലര്ക്കും അറിയണം എന്നില്ല. അറിയുന്ന ജോജു
പോലും മുകളിലെ ഒരു കമന്റില് നിഷ്പക്ഷമാധ്യമങ്ങല് എന്ന് പ്രയോഗിച്ചിട്ടുണ്റ്റ്. അപ്പോള് പിന്നെ അറിയാത്തവരുടെ കാര്യം പറയാനുണ്ടോ?

൧. മുതിര്ന്ന ഒരു പത്രപ്രവര്ത്തകന് തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയ, ഈ വാര്ത്ത ദേശാഭിമാനിക്കും മംഗളത്തിനും(കുട്ടന്സിനു നന്ദി- തറവാടി, വനജ, സൂര്യോദയം,കുടുംബംകലക്കി,വിമതന് വക്കാരീ,ജോജൂ എല്ലാവര്ക്കും നന്ദിയുണ്ടേ.) ഒഴിച്ച് മറ്റു
പത്രങ്ങള്ക്ക് എന്തുകൊണ്ട് വാര്ത്തയായില്ല? ഇക്കാര്യം തമസ്കരിച്ചതില്‌ അവര്ക്ക് അവരുടേതായ രാഷ്ട്രീയ ചായ്‌വ്/പക്ഷപാതം ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കുമ്പോള് നേരത്തെ എന്തുകൊണ്ടു പറന്ഞില്ല, ചെയ്തില്ല, ഇ.എം.എസ് എന്തുകൊണ്ട് കണ്ടുപിടിച്ചില്ല എന്ന് ചോദിക്കുന്നതിനു എന്തു മറുപടി പറയാനാണ്‌? എന്തായാലും വാര്ത്ത തെറ്റാണെന്ന് ഉറപ്പുള്ളതു കൊണ്ടൊന്നുമലല്ലോ ഈ തമസ്കരണം.എങ്കില്
അങ്ങിനെ ഒരു വാര്ത്ത കൊടുക്കാമായിരുന്നല്ലോ?

൨. കെ.എസ്‌. യു വിന്റെ സ്ഥാപക നേതാവായ വയലാര് രവി എന്തായാലും സമ്മേളനത്തില് പങ്കെടുത്തില്ല.
അത്രയെങ്കിലും ആ വാര്ത്ത ശരിയാണ്‌. ഇതിനേക്കാളൊക്കെ നിസ്സാരമായ കാര്യങ്ങള് ഇടതുപക്ഷത്തിന്റെ ബ്രാഞ്ച് കമ്മിറ്റി മീറ്റിങ്ങില് നടക്കുമ്പോള്, ഊഹോപോഹങള്‌ എഴുതാന് പേജുകള് ചിലവഴിക്കുന്ന ഇവര്
ഇതെന്തുകൊണ്ട് വാര്ത്തയാക്കിയില്ല? മീറ്റിങ്ങ്‌ കഴിഞപ്പോള് അവര്ക്ക അറിയാമല്ലോ രവി പങ്കെടുത്തില്ല എന്ന്? ഏതെങ്കിലും പത്രത്തിന് ബോക്സ് ന്യൂസ് എങ്കിലും ആയോ ഇത്? ഈ പക്ഷപാതം തിരിച്ചറിഞല്ലേ മതിയാവൂ.

മാധ്യമങ്ങള് പറയുന്നതു മുഴുവന് ജനം വിശ്വസിക്കുന്നുവോ ഇല്ലയോ എന്ന കാര്യം. നമ്മള് മാധ്യമങ്ങളെ ഒരല്പം ഉയര്ന്ന തലത്തില് പ്രതിഷ്ഠിച്ചിട്ടുള്ളവരാണ്‌. ഫോര്ത്ത് എസ്റ്റേറ്റ് എന്നും, മാധ്യമ ധര്മ്മം എന്നും മാധ്യമങ്ങളുടെ പ്രത്യേക അവകാശം എന്നും ജനാധിപത്യത്തിന്റെ കാവല് ഭടന്മാര് എന്നുമൊക്കെ നാം അടിക്കടി പറയാറുണ്ട്. പ്രസ്സിനു ഒരു പ്രത്യേക പദവി ഉണ്ട്. അങ്ങിനെയുള്ള മാധ്യമങ്ങള് അതിനനുസരിച്ചുള്ള
നിലവാരം കാത്തുസൂക്ഷിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മള് വായനക്കാരുടെ ചുമതല അല്ലേ? അല്ലാതെ അവര്ക്കവരുടേതായ രാഷ്ട്രീയം ഉണ്ട് അതനുസരിച്ച് അവര് എഴുതുന്നു എന്ന് ഉദാസീനമായി പറയുകയല്ലല്ലോ? വിശ്വസിക്കുന്നവര് ധാരാളം ഉണ്ട് എന്ന് അറിയാവുന്നതു കൊണ്ട് തന്നെയാണ്‌ അവര് ഇതൊക്കെ ചെയ്യുന്നത്. മാധ്യമങ്ങള്ക്ക് അവരുടെ രാഷ്ട്രീയ-വാണിജ്യ-വര്‍ഗ്ഗീയ താല്പര്യങ്ങള്ക്ക് യോജിക്കുന്ന രീതിയില് വാര്ത്തകള് പ്രസിദ്ധീകരിക്കുവാനും തമസ്കരിക്കുവാനും അവകാശമുണ്ടോ എന്ന വക്കാരിയുടെ പരാമര്ശം തികച്ചും പ്രസക്തമാണ്‌.

absolute_void(); said...

കുറെ പറയുവാന് തോന്നി. പിന്നെ എന്തു കാര്യമെന്നും തോന്നി.

താത്പര്യങ്ങളാണ് എല്ലാ ബന്ധങ്ങളെയും നിയന്ത്രിക്കുന്നത്. മനോരമയുടെ വാര്ത്തകളില് ഒളിഞ്ഞിരിക്കുന്ന വിഷം വിഷമാണെന്ന് അറിഞ്ഞുകൊണ്ടാണ് പലരും ദിവസവും കുടിക്കുന്നത്. ദിവസവും അങ്ങനെ ഒരു കിക്ക് കിട്ടിയില്ലെങ്കില് അന്നത്തെ കാര്യം പോക്കാണ്.

ദേശാഭിമാനി നല്കിയ ആ രണ്ടു വാര്ത്തകളും വാസ്തവത്തില് എല്ലാ മലയാള പത്രങ്ങളും പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല് അങ്ങനെ ഉണ്ടായില്ല.

എങ്കിലും ഇതു സംബന്ധിച്ച ചര്ച്ചയില് വിമതന് പറഞ്ഞ ചില കാര്യങ്ങളോട് എനിക്ക് എതിരഭിപ്രായം തോന്നി. ഒന്ന് ക്യാന്പസിലെ അക്രമത്തെ എസ്. എഫ്. നോട് മാത്രം ഉപമിക്കുന്നു എന്നു പറഞ്ഞത്. എബിവിപിയെക്കുറിച്ചും അങ്ങനെ പറയാറുണ്ട്. തിരുവനന്തപുരം എംജി കോളജ്, ധനുവച്ചപുരം എന് എസ് എസ് കോളജ്, ചങ്ങനാശേരി എന് എസ് എസ് കോളജ് തുടങ്ങിയ ഇടങ്ങളില് എബിവിപി നടത്തുന്ന പരിപാടിയെ അക്രമരാഷ്ട്രീയം എന്നു തന്നെയാണ് ജന്മഭൂമി ഒഴികെയുള്ള പത്രങ്ങള് വിശേഷിപ്പിച്ചിട്ടുള്ളത്. വേളി സെന്റ് സേവിയേഴ്സ് അടക്കം ചില കോളജുകളിലെ കെ. എസ്. യു പ്രവര്ത്തനത്തെയും അങ്ങനെ തന്നെയാണ് പത്രങ്ങള് വിശേഷിപ്പിക്കാറ്.

ഏതു സംഘടനയ്ക്കും അപ്രമാദിത്യമുള്ള ക്യാമ്പസുകളില് ആ സംഘടന ഹിറ്റ്ലറുടെ തവിട്ടുപടയാകാറുണ്ട്. മറ്റു ജില്ലകളില് നിന്ന് നെടുനാളത്തെ എസ്. എഫ്. പ്രവര്ത്തനവും കഴിഞ്ഞ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില് പഠിക്കാനെത്തുന്ന ഇടതുപക്ഷ അവബോധമുള്ള ആരും അവിടുത്തെ ക്യാമ്പസ് രാഷ്ട്രീയത്തില് പങ്കാളിയാകാത്തത് എന്തുകൊണ്ടാണെന്ന് തിരക്കിയിട്ടുണ്ടോ? അവിടെ നടക്കുന്ന തോന്നയാസങ്ങള് നേരില് കാണുകയും അറിയുകയും ചെയ്ത ഒരാളാണ് ഞാന്.

അപ്പോള് പത്രങ്ങള് മറച്ചുവയ്ക്കുന്നത് മാത്രമല്ല കാര്യം എന്നു വരുന്നു. പ്രസിദ്ധീകരിക്കപ്പെടുന്ന വാര്ത്തകളിലും നമുക്ക് ഇഷ്ടമുള്ളതു മാത്രമാണ് നാം സ്വീകരിക്കുന്നത്. അല്ലാത്തത് ശ്രദ്ധിക്കാതിരിക്കുകയോ ശരിയല്ലെന്ന് തള്ളിക്കളയുകയോ ചെയ്യും.

എനിക്ക് താത്പര്യമുള്ള വാര്ത്ത മാത്രമാണ് എന്റെ ശരി. അത് എല്ലാവരുടെയും ശരിയാവണമെന്ന് കരുതാന് പറ്റുമോ?

മൂര്‍ത്തി said...

തേവരയിലെ സംഘട്ടന സ്ഥലത്ത് മുരളി ഉണ്ടായിരുന്നില്ലെന്നും ഹൃദ്രോഗം മൂലമാണ്‍ മുരളി മരിച്ചതെന്നും 1967 ഒക്‍ടോബര്‍ 2 ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന വാര്‍ത്തഇവിടെ.
കെ.എസ്.യു. ജൂബിലി സമ്മേളനം നടന്ന വേദികള്‍ക്ക് മുരളിയുടെ പേരിട്ടില്ലെന്ന് ദേശാഭിമാനി ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. മുരളിയുടെ പേരിടുമെന്നാണ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നതത്രേ.

N.J Joju said...

അതേതായാലും നന്നായി. സംഭവം പണ്ടേ തന്നെ ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്തതതാണ്. അതായത് “കെ.എസ്.യുവിന്റെ രക്തസാക്ഷിത്വ തട്ടിപ്പ് പുറത്താകുന്നു” എന്ന വാ‍ര്‍ത്ത തെറ്റാണ്. അതു പണ്ടേതന്നെ പുറത്തായതാണ്.

മൂര്‍ത്തി ഒരു ക്ലെറിക്കല്‍ മിസ്റ്റേക്കാണെന്നു കരുതിക്കോട്ടെ. “1968ല്‍ എറണാകുളത്ത് നടന്ന സമരത്തില്‍ തേവര കോളേജിലെ കെ.എസ്.യുക്കാരും പോലീസും തമ്മിലുണ്ടായ സംഘട്ടനത്തിനെയും തുടര്‍ന്നുണ്ടായ രക്തസാക്ഷിത്വത്തെയും കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍” “1967 ഒക്‍ടോബര്‍ 2 ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന്” വിശ്വസിക്കണോ. അക്ഷരത്തെറ്റാ‍ണെങ്കില്‍ തിരുത്തുക.
അതോ ഇതാണോ “നേരറിയാന്‍...നേരത്തേ അറിയാന്‍” എന്നൊക്കെ പറയുന്നത്!!(തമാശയാണേയ്...).

മൂര്‍ത്തി said...

1967 ഒക്ടോബര്‍ 2 തിങ്കളാഴ്ച്ചയാണ്. പത്രത്തിന്റെ ഇമേജില്‍ ഇത് വ്യക്തമായി കാണാം. അതുകൊണ്ട് 1968നു പകരം 1967 എന്നു വായിക്കുകയായിരിക്കും കൂടുതല്‍ ശരി. എന്തായാലും നാളെ ദേശാഭിമാനിയില്‍ തിരുത്ത് കണ്ടേക്കും. ക്ലെറിക്കല്‍ മിസ്റ്റേക്ക് എന്നു തന്നെ പറയാം. കൊല്ലം ഇത്തിരി അങ്ങോട്ടോ ഇങ്ങോട്ടോ അച്ചടിപിശാചിന്റെ സ്വാധീനത്തില്‍ മാറിപ്പോയിട്ടുണ്ട്. എന്തായാലും വാര്‍ത്തക്കൊരു വഴിത്തിരിവോ, പുതിയ വെളിപ്പെടുത്തലുകളോ ഒക്കെ ഉണ്ടായിരിക്കുന്നു. മാധ്യമങ്ങള്‍ അത് വെളിപ്പെടുത്തിയില്ല. അത്രയേ ഉള്ളൂ.

വിമതനും സ്നിഗ്ദ റെബേക്കയും പറയുന്നതില്‍ ശരിയുണ്ട്. സ്നിഗ്ദ ചൂണ്ടിക്കാണിക്കുന്ന സംഭവങ്ങള്‍ സത്യമാണെങ്കിലും ഒര്‍ aberration ആയി എടുക്കുകയായിരിക്കും ശരി എന്നു തോന്നുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ (പ്രത്യേകിച്ച് ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാ‍നങ്ങള്‍) സജീവമായുള്ള കോളേജുകളില്‍ മയക്കുമരുന്ന്, റാഗിങ്ങ്, പെണ്‍കുട്ടികളെ അപമാനിക്കല്‍, മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ കുറവായിരിക്കും. അരാഷ്ട്രീയത നടമാടുന്ന കേരളത്തിനു പുറത്തുള്ള കോളേജുകളുമായി ഒരു താരതമ്യം നടത്തി നോക്കിയാല്‍ മതി. അതുപോലെത്തന്നെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തിലും. ഒരല്പം കാവ്യ ഭാഷ പ്രയോഗിക്കുകയാണെങ്കില്‍ ‘ ആരുടേയൊക്കെയോ മക്കള്‍ക്ക് സുഖമായി പഠിക്കുവാന്‍ വേണ്ടി, റോഡില്‍ കിടന്നു തല്ലുവാങ്ങുന്ന” ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നമ്മുടെ ആദരവര്‍ഹിക്കുന്നു.