Sunday, July 22, 2007

വരികകള്‍ക്കിടയിലൂടെ മാതൃഭൂമി വായിക്കുമ്പോള്‍

മാതൃഭൂമി പത്രത്തിന്റെ ഒരു സ്ഥിരം വായനക്കാരനാണ് ഞാന്‍.

ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ കണ്ടു തുടങ്ങിയതു കൊണ്ടായിരിക്കണം രാവിലെ അതെടുത്തൊന്ന് മറിച്ചുനോക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ ഒരിതാണ്. വര്‍ഷങ്ങളായി വായിക്കുന്നതു കൊണ്ടായിരിക്കണം വെറുതെ മാതൃഭൂമി വായിച്ചാലും അത് വരികള്‍ക്കിടയിലൂടെ ആയിപ്പോകുന്നത്.

സ്ഥിരമായി ഒരേ പത്രം വായിക്കുന്നതിന് അതിന്റേതായ ഗുണവും ദോഷവുമുണ്ട്.

1. നമ്മള്‍ ആ പത്രത്തെ വിശ്വസിച്ചുപോകും.

2. പക്ഷെ, വരികള്‍ക്കിടയിലൂടെ വായിക്കാന്‍ നാം പഠിച്ചുകഴിഞ്ഞാല്‍ തലകുത്തി മറിഞ്ഞാലും ആ പത്രത്തിന് നമ്മെ പറ്റിക്കാന്‍ പറ്റില്ല.

മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതാണ് ഗുണം ഏതാണ് ദോഷം എന്നത് നിങ്ങള്‍ വായനക്കാരനാണോ പത്രമുടമയാണോ എന്നതിനെ ആശ്രയിച്ചിരിക്കും.

പറയാന്‍ വന്നത് വിജിലന്‍സ് അന്വേഷണങ്ങളെക്കുറിച്ചുള്ള ചില വാര്‍ത്തകളെക്കുറിച്ചാണ്.

ഈയടുത്ത ദിവസങ്ങളില്‍ കണ്ട രണ്ട് വിജിലന്‍സ് അന്വേഷണ വാര്‍ത്തകള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത് വായിക്കുന്നതും താരതമ്യം ചെയ്യുന്നതും തികച്ചും രസകരമാണ്.

ആദ്യം രമേഷ് ചെന്നിത്തലക്കെതിരായ അന്വേഷണത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത തന്നെ ആയിക്കോട്ടെ. വേണമെങ്കില്‍ മാതൃഭൂമിയുടെ വീക്ഷണം (No pun intended) എന്നും പറയാം.

ജൂലായ് 21 ലെ പത്രത്തിലെ‍ വാര്‍ത്തയാണിത്. ‘വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ല’ എന്ന് തലക്കെട്ടില്‍ത്തന്നെ മാതൃഭൂമി നമ്മെ പഠിപ്പിക്കുകയാണ്. വാര്‍ത്തയിലേക്ക് കടന്നാലുള്ള പദപ്രയോഗങ്ങള്‍ ഒന്നിനൊന്നു മെച്ചം.

1. തൊടുത്തുവിട്ട ആരോപണം -ആരോപണത്തില്‍ കാര്യമൊന്നുമില്ല എന്ന് സൂചന

2. പ്രതിപക്ഷത്തെ കൂച്ചുവിലങ്ങിടാനും, പൊടി തട്ടിയെടുത്ത്, തിടുക്കത്തില്‍ - മുകളില്‍ പറഞ്ഞ സൂചന തന്നെ

3. അന്വേഷണം വഴി മുട്ടുന്ന സ്ഥിതിയിലുമായി - തെളിവൊന്നുമില്ല എന്നര്‍ത്ഥം

4. അന്വേഷണം നിലനില്‍ക്കില്ല -പത്രം വിധിയെഴുതിക്കഴിഞ്ഞു

ഈ സൂചനകളിലൂടെ ചെന്നിത്തലയെ വെള്ള പൂശുന്ന പത്രം, ആ വാര്‍ത്തയില്‍ത്തന്നെ സി.പി.എമ്മിനെതിരെ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ നോക്കാം. ഊഹോപോഹങ്ങള്‍ മാത്രമായ പലതും ഇതിന്റെ കൂട്ടത്തില്‍ പത്രം കയറ്റി വിടുന്നുമുണ്ട്.

1. ആരോപണം സി.പി.എമ്മിനു തന്നെ തലവേദനയാകുന്നു.

2. സജിത്തിന്റെ കുടുംബാംഗങ്ങള്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

3. പാര്‍ട്ടി അണികളില്‍ ആശങ്ക നിലനില്‍ക്കുന്നു.

4. പാര്‍ട്ടി അണികളില്‍ എതിര്‍പ്പുണ്ടാക്കി.

5. പാര്‍ട്ടി അണികളെ ഞെട്ടിച്ചിട്ടുണ്ട്.

6. (സി.പി.എം) പ്രാദേശിക നേതൃത്വമാണ് ആദ്യം പ്രതിക്കൂട്ടിലാകുന്നത്

7. പാര്‍ട്ടി അണികളില്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമാവുകയാണ്.

ഈ പ്രയോഗങ്ങളുടെ ഒക്കെ സൂചന എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

രമേഷ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചുള്ള വാര്‍ത്തയാണിതെന്ന് ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. അന്വേഷണം തുടങ്ങുന്നതിനു മുന്‍പ് തന്നെ ചെന്നിത്തല നിരപരാധിയാണെന്ന് വിധിയെഴുതുന്ന പത്രം വാര്‍ത്തയുടെ ഭൂരിഭാഗവും സി.പി.എമ്മിനെതിരെയാണ് ചിലവഴിക്കുന്നത്.

പക്ഷെ, അതിബുദ്ധിമാന്‍ ആപത്തില്‍ച്ചാടും എന്നു പറഞ്ഞതുപോലെയാണ് ഇതിന്റെ സ്ഥിതി. തങ്ങളുടെ നേതാക്കളെക്കുറിച്ച് എന്തെങ്കിലും ചെറിയ വാര്‍ത്ത വന്നാല്‍പ്പോലും ആശങ്കാകുലരാവുകയും, ഞെട്ടുകയും ഒക്കെചെയ്യുന്ന ജാഗരൂകരായ അണികളാണ് സി.പി.എമ്മിനുള്ളതെന്ന് പത്രം അറിയാതെ പറഞ്ഞുതരികയാണ്.

കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിക്ക് അണികളേ ഇല്ലെന്നും അഥവാ ഉണ്ടെങ്കിലും അവര്‍ക്കിതൊന്നും വിഷയമല്ലെന്നും കൂടി പത്രം വായിക്കുമ്പോള്‍ നമുക്ക് തോന്നും.

ഇനി ഇതുകൊണ്ടാണോ മാതൃഭൂമിയെ “ഇടത് ചായ്‌വുള്ള” പത്രം എന്ന്‌ ചിലരെങ്കിലും വിശേഷിപ്പിക്കുന്നത്‌?

അടുത്ത വിജിലന്‍സ് വാര്‍ത്ത ദേശാഭിമാനി മുന്‍ ഡി.ജി.എം വേണുഗോപാലിനെക്കുറിച്ചും, വികസനബോണ്ടിനെക്കുറിച്ചുമാണ്.

ജൂലായ് 22ലെ പത്രത്തില്‍ നിന്ന്. ഇതിലെ ചില പ്രയോഗങ്ങള്‍ നമുക്ക് നോക്കാം

1. വിജിലന്‍സ് ആഴത്തില്‍ അന്വേഷിക്കേണ്ടി വരും -കഴിഞ്ഞ വാര്‍ത്തയിലെപ്പോലെ നിലനില്‍ക്കാത്തതല്ല എന്നു സൂചന.

2. കോഴ’ക്കേസുകള്‍’-ബഹുവചനം ശ്രദ്ധിക്കുക. രശീതി കൊടുത്ത് വാങ്ങിയാല്‍പ്പോലും കോഴയാകുന്നു.

തുടര്‍ന്ന് വിജിലന്‍സ് എന്തൊക്കെച്ചെയ്യും എന്ന് പറഞ്ഞുതരികയാണ്.

1. ലോക്കല്‍ കമ്മിറ്റി മറ്റ് ഭാരവാഹികളേയും ചോദ്യം ചെയ്യും.

2. സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരും.

3. കൊടിയേരി, പിണറായി, ജയരാജന്‍, വേണുഗോപാല്‍ എന്നിവരെ ചോദ്യം ചെയ്യേണ്ടി വരും

അത് കൂടാതെ വിജിലന്‍സിന്റെ അന്വേഷണ നടപടിക്രമങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നുമുണ്ട്. മൊത്തത്തില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന ഒരു ഇഫക്ട് സൃഷ്ടിക്കുകയാണ്.

മുകളില്‍പ്പറഞ്ഞ രണ്ട് വാര്‍ത്തകളിലും ആരെങ്കിലും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ തെളിയുമോ ഇല്ലയോ എന്നൊന്നും വായനക്കാരനോ പത്രത്തിനോ ഒരു തരത്തിലും പറയാന്‍ കഴിയില്ല. പക്ഷെ, ഒരു പത്രം അത് പറയാതെ പറയാന്‍ നോക്കുമ്പോള്‍ നിഷ്പക്ഷതാ നാട്യത്തിന്റെ മുഖം മൂടിയാണ് അഴിഞ്ഞു വീഴുന്നത്.

കൌതുകത്തിനുവേണ്ടി, രമേഷ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം വന്ന ദിവസത്തെ മാതൃഭൂമി എടുത്ത് വീണ്ടും മറിച്ചു നോക്കി. പതിവുപോലെ വാര്‍ത്തക്കൊപ്പം തന്നെ ചെന്നിത്തലയുടേയും കോണ്‍ഗ്രസ്സിന്റേയും വീക്ഷണങ്ങളുമുണ്ട്.



കഴിഞ്ഞ കുറേദിവസങ്ങളിലെ മാതൃഭൂമി പത്രമെടുത്ത് പരിശോധിച്ച് കണക്കെടുക്കുകയാണെങ്കില്‍, ആ പത്രം‍ ഗിന്നസ്സ് ബുക്കില്‍ വരാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട്. ഒരു പ്രത്യേക പാര്‍ട്ടിയെക്കുറിച്ച് ഒരു പ്രത്യേക പത്രം ചില പ്രത്യേകതരം വാര്‍ത്തകള്‍ ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ കൊടുത്തതിന്. :)

സംഭവാമി യുഗേ യുഗേ!!

21 comments:

മൂര്‍ത്തി said...

കഴിഞ്ഞ കുറേദിവസങ്ങളിലെ മാതൃഭൂമി പത്രമെടുത്ത് പരിശോധിച്ച് കണക്കെടുക്കുകയാണെങ്കില്‍, ആ പത്രം‍ ഗിന്നസ്സ് ബുക്കില്‍ വരാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട്. വിജിലന്‍സ് അന്വേഷണ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഒരല്പം മാധ്യമ വിചാരം.

Unknown said...

കിടിലന്‍ ‍നിരീക്ഷണം. സൂപ്പര്‍!

chithrakaran ചിത്രകാരന്‍ said...

പ്രിയ മൂര്‍ത്തി,
വരികള്‍ക്കിടയിലെ വാര്‍ത്താവായന എല്ലാവരും ശീലിച്ചാല്‍ പത്രങ്ങള്‍ മര്യാദക്കാരാകും; രാഷ്ട്രീയക്കാര്‍ ജനസേവകരാകും; നാട്ടില്‍ ജനാധിപത്യം പുലരും.
നമ്മള്‍ ഭയഭക്തി ബഹുമാനവും, വിനയവും, അനുസരണയും കൂരും, ഉണ്ടചോരിനു നന്ദിയുമുള്ള വിഴുങ്ങല്‍ സംസ്കാരമുള്ളവരുടെ കൂട്ടമായിരുന്നു എന്ന് ചിത്രകാരന്‌ അഭിപ്രായമുണ്ട്‌. അതിനൊരു മാറ്റം വരേണ്ടത്‌ നമ്മുടെ നാടിന്റെ വളര്‍ച്ചക്ക്‌ ഒഴിച്ചുകൂടാനാകാത്തതാണ്‌
താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക്‌ ചിത്രകാരന്റെ ആശംസകള്‍ !!!!

myexperimentsandme said...

നല്ല നിരീക്ഷണം.

കുഴപ്പം ഈ പുകമറ തന്നെ-പത്രക്കാരും രാഷ്ട്രീയക്കാരും അത് നന്നായി മുതലെടുക്കുന്നുണ്ട്. പത്രത്തില്‍ വരുന്നതൊന്നും വിശ്വസിക്കാന്‍ പറ്റില്ല എന്നൊരു സ്ഥിതിവിശേഷം രാഷ്ട്രീയക്കാര്‍ക്കും നല്ലത്. പക്ഷേ അവരവരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ച് ചില വാര്‍ത്തകളൊക്കെ വിശ്വസിപ്പിക്കുകയും വേണം അവര്‍ക്ക്.

ഇതുപോലെ തന്നെ കോടതിയും. തങ്ങള്‍ക്കിഷ്ടമില്ലാത്ത വിധി വന്നാല്‍ കോടതിയെ വിശ്വസിക്കാന്‍ പറ്റില്ല. പക്ഷേ തങ്ങള്‍ക്കനുകൂലമായ വിധി (അത് കോടതി വിധിച്ചതാണെങ്കിലും വക്കീലിനെയും പ്രോസിക്യൂഷനെയുമൊക്കെ സ്വാധീനിച്ചുള്ള വിധിയാണെങ്കിലും)വന്നാല്‍ കോടതിവിധിയാണ് പിന്നെ ആധാരം.

ഈ രണ്ട് കണ്‍ഫ്യൂഷനുകള്‍ക്കിടയിലാണ് സാധാരണക്കാര്‍. അതുകൊണ്ട് പത്രങ്ങള്‍ നന്നാവണമെങ്കില്‍ നമ്മളെല്ലാവരും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടി വിശ്വാസങ്ങള്‍ മാറ്റിവെച്ചിട്ട് ഏത് പത്രവും എന്ത് വാര്‍ത്തയും (അത് നമ്മുടെ വിശ്വാസത്തിനനുകൂലിച്ചാണെങ്കിലും പ്രതികൂലിച്ചാണെങ്കിലും) ഈ രീതിയില്‍ കൊടുത്താല്‍ അതിനെ ചോദ്യം ചെയ്യണം. നമ്മള്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ ആ പ്രസ്ഥാനത്തെ അനുകൂലിക്കുന്ന പത്രങ്ങള്‍ തെറ്റായ രീതിയില്‍ കൊടുത്താലും നമ്മള്‍ ചോദ്യം ചെയ്യണം. അവരോട് പറയണം, നാളെ നമ്മളെപ്പറ്റി ആരെങ്കിലും ഇല്ലാത്തത് പറയുമ്പോള്‍ നമ്മള്‍ അത് ചൂണ്ടിക്കാണിക്കുമ്പോള്‍ ജനം നമ്മളെ വിശ്വസിക്കണമെങ്കില്‍ നമ്മള്‍ ഇക്കാര്യത്തില്‍ നിഷ്‌പക്ഷമായ ഉറച്ച നിലപാടെടുക്കണം എന്ന്.

ഉദാഹരണത്തിന് ദേശാഭിമാനിയിലാണ് ഇത്തരം ഒരു വിശകലനം വരുന്നതെങ്കില്‍ എത്ര പേര്‍ അതിന് വില കൊടുക്കും? ഇത്തരമൊരു വിശകലനത്തിനു പിന്നാലെ ദേശാഭിമാനിയിലെ കാക്കത്തൊള്ളായിരം വാര്‍ത്തകള്‍ ആള്‍ക്കാര്‍ വിശകലിച്ച് “നിങ്ങളെന്താ മോശമാണോ?” എന്ന് ചോദിക്കും. കാര്യം പറയുന്നതെന്താണെന്ന് നോക്കിയാല്‍ മതി, പറയുന്നതാരാണെന്ന് നോക്കേണ്ട എന്നൊക്കെയാണെങ്കിലും മനുഷ്യനല്ലേ, എല്ലായ്‌പ്പോഴും അങ്ങിനെ പറ്റി എന്ന് വരില്ലല്ലോ.

മാതൃഭൂമിക്കാരും അറിയണം ഇത്തരം വിശകലനങ്ങള്‍ ആള്‍ക്കാര്‍ നടത്തുന്നുണ്ട് എന്ന്. തങ്ങള്‍ പറയുന്നതെല്ലാം ആള്‍ക്കാര്‍ കണ്ണടച്ചങ്ങ് വിശ്വസിക്കുന്നില്ല എന്നൊരു ബോധ്യം വന്നാല്‍ തന്നെ ചിലപ്പോള്‍ അവര്‍ നന്നാകാന്‍ നോക്കും.

അശോക് കർത്താ said...

"പക്ഷെ, അതിബുദ്ധിമാന്‍ ആപത്തില്‍ച്ചാടും എന്നു പറഞ്ഞതുപോലെയാണ് ഇതിന്റെ സ്ഥിതി. തങ്ങളുടെ നേതാക്കളെക്കുറിച്ച് എന്തെങ്കിലും ചെറിയ വാര്‍ത്ത വന്നാല്‍പ്പോലും ആശങ്കാകുലരാവുകയും, ഞെട്ടുകയും ഒക്കെചെയ്യുന്ന ജാഗരൂകരായ അണികളാണ് സി.പി.എമ്മിനുള്ളതെന്ന് പത്രം അറിയാതെ പറഞ്ഞുതരികയാണ്."
സംഗതി ഇപ്പോള്‍ ദില്‍ബാസുര്‍ജി പറഞ്ഞയിടത്ത് എത്തി. മാദ്ധ്യമങ്ങളുടെ ഈ ഔത്സുക്യം കാണുമ്പോള്‍ പാര്‍ട്ടിക്ക് ഭാവിഅയുണ്ടെന്ന് തോന്നുന്നു. ഇതങ്ങ് ഇല്ലാതായിപ്പോകാതിരിക്കാന്‍ പശുക്കള്‍(പത്രശുംഭന്‍ എന്നതിന്റെ ചുരുക്കം)കിണഞ്ഞ് ശ്രമിക്കുന്നുണ്ടല്ലോ. അത് മതി.

വേണു venu said...

ഇന്നത്തെ പത്രം കണ്ടില്ലല്ലോ എന്നു പറഞ്ഞു് വേവലാതിപ്പേടുന്ന ഒരു ശരാശരി മലയാളി, കബളിപ്പിക്കപ്പേടുന് ദയനീയമായ കാഴ്ച. ചിത്രകാരന്‍‍ പറഞ്ഞതു പോലെ പത്രക്കാര്‍‍ മര്യാദക്കാരും രാഷ്ട്രീയക്കാര്‍ ജനസേവകരും ആകുന്ന ആ ദിവസം വിദൂരമല്ലെന്നു് ആശിക്കാം.‍‍‍
നല്ല നിരീക്ഷണം മൂര്‍ത്തി.:)

Anonymous said...

What is the big deal in this? Stop Mathrubhumi, and start subscribing Deshabhimani. Without anybody seeing, you can read Mathrubhumi from the local reading room. In case you are afraid of that, just take the opposite of news in Deshabhimani to get the truth.

Balakrishnan Payyanur

കിരണ്‍ തോമസ് തോമ്പില്‍ said...

ദേശാഭിമാനിക്കുള്ള മറുപടിയായി മാതൃഭൂമി മാറിക്കഴിഞ്ഞു. ഇന്ന് മനോരമ മാതൃഭുമിയേക്കാള്‍ സത്യസന്ധത പുലര്‍ത്തുന്നു എന്ന് പറയാതേ വയ്യ. കാരണം മനോരമ കമ്യൂനിസ്റ്റ്‌ വിരുദ്ധരാണ്‌ എന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിച്ചുകൊണ്ടാണ്‌ വാര്‍ത്ത നല്‍കുന്നത്‌. എന്നാല്‍ മാതൃഭൂമി ഞങ്ങള്‍ ഇടതുപക്ഷമാണ്‌ എന്ന് മുഖം മൂടി അണിഞ്ഞ്‌ വാര്‍ത്ത ചമക്കുന്നു.

പിണറായും കൂട്ടരൌം കരുണാകരനേ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നഖശിഘാന്തം എതിര്‍ത്ത മാതൃഭൂമിയും വീരനും ഇന്ന് വീരേന്ദ്രകുമാറിനെ അനുകൂലിച്ച്‌ പ്രസ്താവനയിറക്കാന്‍ മുരളിയേ കൂട്ടുന്ന അവസ്ഥയാണുള്ളത്‌. ജനതദള്ളിനെ NCP യില്‍ ലയിപ്പിക്കാന്‍ കോപ്പു കൂട്ടുന്നതും വീരനും മകനും. എന്തൊരു തീവ്ര ഇടതുപക്ഷ സ്നേഹം.

ഇന്ദ്രന്മാരും നിരീക്ഷകരും ഇതൊന്നും കാണുന്നില്ലായിരിക്കും. പിന്നെ കൂടെ കിടക്കുന്നവനല്ലെ രാപ്പനി അറിയൂ.

പിന്നെ ദേശാഭിമാനി ചെയ്യുന്നതുകൊണ്ടാണ്‌ ഞങ്ങള്‍ ചെയ്യുന്നത്‌ എന്ന മറുപടി എത്രത്തോളം മുഖവിലക്കെടുക്കണം എന്നെനിക്കറിയില്ല്. ദേശാഭിമാനിയേ ആരെങ്കിലും ഒരു നിഷ്പക്ഷ പത്രമായി അംഗീകരിച്ചിട്ടില്ല. പക്ഷെ പത്രത്തിനൊപ്പം ഒരു സംസ്കാരമൊന്നും പ്രചരിപ്പിക്കുന്നു എന്ന് ദേശാഭിമനി അവകാശപ്പെടുന്നില്ലല്ലോ

N.J Joju said...

മൂര്‍ത്തീ,

ഇവിടെ മൂര്‍ത്തിയെഴുതിയ പോസ്റ്റിനോട് ഒരാളൊഴികെ മറ്റെല്ലാവരും അനുകൂലമായി കമന്റെഴുതിയ സ്ഥിതിയ്ക്ക് ഒരു വിയോജനക്കുറിപ്പ് ഞാനെഴുതട്ടെ.

അതിനു മുന്‍പേ ഒരു മുന്‍‌കൂര്‍ ജാമ്യം ഞാനെടുക്കട്ടെ. ഇവിടുത്തെ ഏത് രാഷ്ടീയ-മത-സാമൂഹിക നേതാവിനെതിരെയും അന്വേഷണങ്ങള്‍ നടത്തുന്നതിന് ഞാന്‍ എതിരല്ല.

1. "വരികകള്‍ക്കിടയിലൂടെ മൂര്‍ത്തിയുടെ ബ്ലോഗ് വായിക്കുമ്പോള്‍" എന്ന ഒരു പോസ്റ്റിന് എത്രമാത്രം പ്രസക്തിയുണ്ട്?.

2. രണ്ട് വിജിലന്‍സ് അന്വേഷണങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ദേശാഭിമാനി പ്രശ്നത്തില്‍ ശരിയല്ലാത്ത എന്തോ നടന്നതായി CPI(M)ന് ബോധ്യപ്പെട്ടിട്ടുള്ളതും അതിനെതിരെ നടപടികള്‍ ആരംഭിച്ചിട്ടുള്ളതുമാണ്. ചെന്നിത്തല പ്രശ്നത്തില്‍ ഒരു അന്വേഷണം നടന്നതാണെന്നാണ് അറിവ്.

3. ദേശാഭിമാനിപ്രശ്നം വിവാദമായ സാഹചര്യത്തിലാണ് ചെന്നിത്തല പ്രശ്നം വീണ്ടും ഉയരുന്നതിത് എന്നതില്‍ നിന്ന് അത് തികച്ചും സാന്ദര്‍ഭികമാണ് എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്(അന്വേഷണത്തെ ഞാന്‍ അനുകൂലിക്കുമ്പോള്‍ പോലും).

അടുത്തകാലത്തായി മാതൃഭൂമിയ്ക്ക് കുറച്ച് CPM പ്രകടമാണ് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ അംഗീകരിയ്ക്കുന്നു. അതുപോലെതന്നെ CPM എന്റെ മാതൃഭൂമി വിരോധവും.

Kaithamullu said...

മാതൃഭൂമി എന്നു മാറ്റി വീരഭൂമി യെന്നാക്കണമെന്നാണോ?

മനോരമ പിന്നീട് നുണരമ യായ പോലെ!

N.J Joju said...

കിരണ്‍,
"പക്ഷെ പത്രത്തിനൊപ്പം ഒരു സംസ്കാരമൊന്നും പ്രചരിപ്പിക്കുന്നു എന്ന് ദേശാഭിമനി അവകാശപ്പെടുന്നില്ലല്ലോ"

കിരണ്‍ അപ്പറഞ്ഞത് ശരിയാണെങ്കിലും ദേശാഭിമാനി അവകാശപ്പെടുന്നത് എന്താണെന്നുകൂടെ പറയണമായിരുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു നമ്മള്‍ പത്രങ്ങളെ തരം തിരിച്ചപ്പോള്‍ ദേശാഭിമനിയോ, വീക്ഷണമോ ജന്മഭുമിയോ ചന്ദ്രികയോ പരിഗണിച്ചിട്ട്‌ പോലുമില്ല. കാരണം അതിന്റെ നിലപാടുകള്‍ ആ പത്രങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പരിധി വരെ മാധ്യമം പത്രവും ഈ കാറ്റഗ്ഗറിയില്‍ തന്നേയാണ്‌. അതുകൊണ്ട്‌ തന്നെ ദേശാഭിമാനി എന്ത്‌ പറയുന്നു എന്ത്‌ നിലവാരം പുലര്‍ത്തുന്നു ഏത്‌ സംസ്കാരം പുലര്‍ത്തുന്നു എന്നത്‌ പ്രസ്ക്തമേ അല്ല.

എന്നാല്‍ ദേശാഭിമാനിക്ക്‌ മറുപടി എന്ന രീതിയില്‍ മാതൃഭൂമി മാറുമ്പോള്‍. അല്ലെങ്കില്‍ ദേശാഭിമനിയുടെ നിലവാരത്തിലേക്ക്‌ മാതൃഭൂമി താഴുമ്പോള്‍ 20 വര്‍ഷമായി മാതൃഭുമി വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക്‌ വിഷമമുണ്ട്‌. കാരണം ഞാന്‍ എറ്റവും അധികം വിശ്വസിച്ചിരുന്ന ഒരു പത്രമായിരുന്നു. എന്നാല്‍ ഇന്ന് മാതൃഭൂമി വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ മനോരമയും മാധ്യമംവും മംഗളവും എന്തിന്‌ ദേശാഭിമാനി പോലും വായിക്കേണ്ടി വരുന്നു.

സൂര്യോദയം said...

മൂര്‍ത്തീ... നല്ല വിശകലനം... സത്യം തന്നെ... മുഖം മൂടിയണിഞ്ഞ്‌ ഇറങ്ങിയിരിക്കുകയാണ്‌ മാതൃഭൂമി... ദേശീയദിനപ്പത്രമായി അത്രേ... മഞ്ഞക്കളര്‍ വല്ല്യ ദേഷ്യവും.... :-)

വിനയന്‍ said...

വക്കാരി മാഷെ
ജനങ്ങള്‍ വായിക്കുന്നെണ്ടെന്നും വായനക്കാര്‍ വെറും മണ്ടന്മാര്‍ അല്ലെന്നും പത്രക്കാ‍ാര്‍ക്കറിയാം.പക്ഷെ പത്ര സ്ഥാപനം നടത്തുന്നവര്‍ ജനാധിപത്യം പൂലര്‍ത്താനും, സത്യം ജനങ്ങളില്‍ എത്തിക്കാനും അല്ല അത് നടത്തുന്നത് .പത്ര സ്ഥാപനങ്ങള്‍ ഇന്ന് എല്ലാ അര്‍ഥത്തിലും ഒരു ബിസിനസ്സ് സംരഭമാണ്.വാര്‍ത്തകള്‍ കണ്ടുപിടിക്കുകയും അത് തല്പര കക്ഷികള്‍ ഈരെന്ന് മനസ്സിലാക്കി ആ രീതിയില്‍ വളച്ചൊടിക്ക്kഉകയും.ഇനി വാര്‍ത്തകള്‍ ഇല്ലെങ്കില്‍ അത് ഉണ്ടാക്കുകയും ചെയ്യുക എന്നതൊക്കെയാണ് ഇപ്പോല്‍ മാത്യഭൂമി അടക്കമുള്ള അമ്മാവന്‍ പത്രങ്ങളുടേ ധര്‍മം.

പണ്ടത്തെ അല്‍ അമീനോ സ്വദേശാഭിമാനിയോ അല്ല മാത്യഭൂമിയും , മനോരമയും , മാധ്യമവും എല്ലാം.

പത്രങ്ങള്‍ക്ക് കിട്ടുന്ന പ്രതികരണങ്ങളില്‍ 90 ശതമാനവും ചവറ്റു കൊട്ടയില്‍ പ്പൊകുന്നു.പിന്നെങ്ങെനെയാണ് മാഷെ ഇവിടെ ജനാധിപത്യം പുലരുക.പത്ര സ്ഥാപനങ്ങള്‍ വങ്കിട കമ്പനികള്‍ ആണിന്ന് അത് മാറി ജനപക്ഷത്ത് നില്‍ക്കുന്ന് അകാലത്ത്തേ അത് നന്നാവൂ.അത് ഇനി അടുത്ത ഭാവിയിലൊന്നു ഉണ്ടാവുമെന്ന് തോന്നൂന്നില്ല.

മൂര്‍ത്തി സാറിന് നന്ദി

മൂര്‍ത്തി said...

കോടതിവിധി എങ്ങിനെ സ്വീകരിക്കപ്പെടുന്നു എന്ന വക്കാരിയുടെ പോയിന്റില്‍ സത്യമുണ്ട്. എങ്കിലും എല്ലാ കോടതിവിധികളും നൂറു ശതമാനം കൃത്യത അവകാശപ്പെടാവുന്നവയാണോ എന്ന ചോദ്യവുമുണ്ട്.

മാധ്യമങ്ങളില്‍ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള സെന്‍സേഷണലിസം വയറ്റുപ്പിഴപ്പ് രാഷ്ട്രീയക്കാര്‍ക്ക് ഗുണകരമാണ്. ശരിതെറ്റുകള്‍ കൃത്യമായി വിവേചിച്ചറിയാന്‍ സഹായിക്കുന്ന മാധ്യമപ്രവര്‍ത്തനമാണിവിടെ ഉള്ളത് എങ്കില്‍ ആദ്യം പുറത്താകുന്നത് കള്ള നാണയങ്ങളായിരിക്കുമല്ലോ. എല്ലാം കണക്കാണ് എന്ന് ജനത്തിനെക്കൊണ്ട് പറയിക്കുന്ന രീതിയിലുള്ള വാര്‍ത്താവ്യാ‍പനം വെറും കണക്കായ രാഷ്ട്രീയക്കാരെ പരോക്ഷമായി വെള്ളപൂശുകതന്നെയാണ് ചെയ്യുന്നത്. അല്പമെങ്കിലും പ്രതിബദ്ധത ഉള്ളവര്‍ക്ക് പക്ഷെ ഇത് ദോഷകരവുമാണ്‍. അങ്ങിനെയിരിക്കെ, മാധ്യമങ്ങളുടെ ചില പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഗുണകരമായിരിക്കും എന്ന് തോന്നുന്നു. ഒരു ബാലന്‍സിങ്ങ് ആക്റ്റ് എന്ന നിലക്ക് പ്രത്യേകിച്ചും.

നിഷ്പക്ഷത അവകാശപ്പെടുന്ന മാധ്യമങ്ങള്‍ അങ്ങിനെയല്ലാതെ പ്രവത്തിക്കുന്നതിനെ, പാര്‍ട്ടി പത്രങ്ങളുടെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നാണ്‍ എന്റെ അഭിപ്രായം. പക്ഷെ, പാര്‍ട്ടി പത്രങ്ങള്‍ക്കും പാര്‍ട്ടികളെത്തന്നെ തിരുത്തുന്ന കറക്ടീവ് ഫോര്‍സ് കൂടി ആയി മാറാന്‍ കഴിയുമെങ്കില്‍ അതും കൊള്ളാം എന്ന് തോന്നുന്നു. മൊത്തത്തില്‍ രാഷ്ടീയത്തിന്റെ നിലവാരം മെച്ചപ്പെടുമല്ലോ.

ജോജു, ഈ കേസുകളില്‍ ആരെങ്കിലും കുറ്റവാളികളാണോ അല്ലയോ എന്നത് ഈ പോസ്റ്റിന്റെ വിഷയമല്ല. രണ്ടു കേസുകളും നിഷ്പക്ഷത അവകാശപ്പെടുന്നവര്‍ വാര്‍ത്തയാക്കുന്നതിലെ വ്യത്യാസം. അത് കണ്ടല്ലേ മതിയാകൂ.

അപ്പു ആദ്യാക്ഷരി said...

നല്ല നിരീക്ഷണം മൂര്‍ത്തീ..

കെ said...

ഇക്കഴിഞ്ഞ ഞായറാഴ്ച മാതൃഭൂമിയില്‍ നിരീക്ഷകന്‍ എന്ന പേരില്‍ പത്രാധിപര്‍ കെ ഗോപാലകൃഷ്ണന്റെ ലേഖനം മൂര്‍ത്തി ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. സജിത്തിന്റെ അനുജന്‍ രജിത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം.

ലേഖനത്തിലെ രണ്ടാം ബ്ലര്‍ബില്‍ ഇങ്ങനെയൊരു വാചകം കാണാം.

"...ഈ എം പിമാരിലൊരാള്‍ മാധ്യമ സദാചാരത്തെക്കുറിച്ച് ആഴ്ചതോറും ചില്ലറ വ്യാപാരം നടത്തുന്നയാളും മറ്റെയാള്‍ ഡോക്ടറുമാണ്...."

സെബാസ്റ്റ്യന്‍പോള്‍ കൈരളിയില്‍ നടത്തുന്ന പ്രതിവാര മാധ്യമ വിചാരം പരിപാടിയെ എത്ര ഹീനമായാണ് സംസ്ക്കാരം പ്രചരിപ്പിക്കുന്ന പത്രം വിശേഷിപ്പിക്കുന്നത് എന്ന് ശ്രദ്ധിക്കൂ. ഏറെക്കാലം മനസില്‍ കിടന്നു തികട്ടിയതിന്റെ വൃത്തികെട്ട ദുര്‍ഗന്ധമുണ്ട് ഈ വാചകത്തില്‍.

തൊട്ടു തലേന്ന് സജിത്തിന്റെ പത്രസമ്മേളനം മാതൃഭൂമി ഒന്നാം പേജില്‍ മൂന്നുകോളം ബാനറിലാണ് ആഘോഷിച്ചത്.

ഞായറാഴ്ച ഒമ്പതാം പേജില്‍ നല്‍കിയ സിബിഐ അന്വേഷണത്തിനു വേണ്ടി സജിത്ത് നീക്കം തുടങ്ങി എന്ന വാര്‍ത്തയില്‍ "വിശ്വസിച്ച പ്രസ്ഥാനം തന്നെ തിരിഞ്ഞു നോക്കിയില്ല" എന്നുമുണ്ടൊരു വാചകം.

അതായത് സജിത്ത് വിശ്വസിച്ചിരുന്ന സിപിഎം ആപത്തു കാലത്ത് തിരിഞ്ഞു നോക്കിയില്ലെന്നാണ് ധ്വനി. (ശനിയാഴ്ച മാതൃഭൂമിയോടു പറഞ്ഞു എന്നെഴുതിയാണ് വാര്‍ത്ത അവസാനിപ്പിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ഞായര്‍ വരെ മുടങ്ങാതെ കൊലക്കേസ് പ്രതിയുടെ പിറകെ നടക്കുകയാണ് മാതൃഭൂമി ലേഖകന്‍)

വിശ്വസിച്ച പ്രസ്ഥാനം കൊലക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ സഹായിച്ചില്ലെന്ന് പ്രതി തന്നെ തുറന്നു പറയുമ്പോള്‍ പിന്നെ എവിടെയാണ് ചിത്രത്തില്‍ സിപിഎം പ്രത്യക്ഷപ്പെടുന്നത്?

നടേ സൂചിപ്പിച്ച ഗോപാലകൃഷ്ണ നിരീക്ഷണത്തില്‍ രമേശ് ചെന്നിത്തലയെപ്പോലെ ഉന്നതനായ ഒരു കോണ്‍ഗ്രസ് നേതാവിനെതിരെയുളള പഴയ ആരോപണം സിപിഎമ്മിലെ ബുദ്ധികേന്ദ്രങ്ങള്‍ പൊടിതട്ടിയെടുത്തുവെന്നാണ് ആരോപിക്കുന്നത്. ഉന്നതനായ കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്ന് നീരീക്ഷക വേഷത്തില്‍ ഗോപാലകൃഷ്ണന്‍ എഴുതുമ്പോള്‍ അതിന് അര്‍ത്ഥം പലതാണ്.

പിണറായിക്കെതിരെയോ കോടിയേരിക്കെതിരെയോ എന്തും പറഞ്ഞോളൂ. പക്ഷേ രമേശ് നമ്മുടെ പുളളയാണ്. പുളളയെ തൊട്ടുകളിച്ചാള്‍ അക്കളി തീക്കളി സൂക്ഷിച്ചോ. ഏതൊരാരോപണത്തിലും അല്‍പം കുഴമ്പു പുരട്ടി കഴമ്പില്ലാതാക്കാന്‍ നമുക്കറിയാം.

സംഗതി ഇത്രേയ ഉളളൂ. കൊലക്കേസോ കൂട്ട ബലാത്സംഗമോ എന്തു നടത്തിയാലും കൊളളാം, സിപിഎമ്മിനെയോ പിണറായി വിജയനെയോ കുറിച്ച് ഇച്ചിരി ആരോപണം നടത്തിയാല്‍ ഫ്രണ്ടു പേജില്‍ നാലുകോളം ബാനര്‍ തലക്കെട്ടും സ്വ. ലേ.യുടെ അകമ്പടിയും മാതൃഭൂമിയില്‍ സംവരണം ചെയ്തിട്ടിട്ടുണ്ട്. ഏത് സംസ്കാരമാണാവോ പ്രചരിപ്പിക്കുന്നത്. മഞ്ഞയെന്നൊന്നും പറയാന്‍ മാരീചനില്ലേയ്.....

ഇതും കൂടി അറിയൂ....പിണറായി വിജയനെതിരെ ലേഖനമെഴുതിയതിന്റെ ഉപകാര സ്മരണയായി ക്രൈമിനെതിരെ പണ്ട് ഹൈക്കോടതിയില്‍ നല്‍കിയ കേസ് വി എസ് അച്യുതാനന്ദന്‍ ഒത്തു തീര്‍പ്പാക്കുന്നു. മധ്യസ്ഥരുടെ റോളില്‍ വീരേന്ദ്രകുമാറും ഗോപാലകൃഷ്ണനും. പിണറായിക്ക് റഷ്യന്‍ സുന്ദരികള്‍ പാ വിരിച്ചെന്ന് അച്ചടിച്ച ക്രൈം ദേശാഭിമാനിയുടെ എറണാകുളം സ്റ്റാളില്‍ പരസ്യമായി വില്‍ക്കുന്നു.

പഴി മുഴുവന്‍ ഏറ്റുവാങ്ങുന്നവര്‍ അവരാല്‍ കഴിയുന്ന വിധം ഒന്നു പ്രതികരിച്ചോട്ടെന്നേ. ഇതു കേരളമല്ലേ സാര്‍. ജനാധിപത്യത്തിന്റെ കുതിരപ്പുറത്തല്ലേ പ്രയാണം.

അരവിന്ദ് നീലേശ്വരം said...

മൂര്‍ത്തിച്ചേട്ടാ ഒരു സംശയം ബാക്കി. ആ 2 കോടി തിരിച്ചു മാര്‍ട്ടിനു കൊടുത്തോ? നാട്ടില്‍ ഇല്ലാത്തതു കൊണ്ട് പലതും കൃത്യമായി ഫോളോ ചെയ്യാന്‍ പറ്റുന്നില്ല. അല്ലെങ്കില്‍ രാവിലെയുള്ള ക്യാന്റീന്‍ വെടിവട്ടത്തിലെങ്കിലും കാര്യം അറിയാന്‍ കഴിഞ്ഞേനേ....

ഉപാസന || Upasana said...

ഇറാഖ് യുദ്ധത്തിന് മാത്രുഭൂമി കൊടുത്ത കവറേജ് കണ്ടപ്പോള്‍ തന്നെ അവരുടെ ഉദ്ധേശം മനസ്സിലായിരുന്നു. മനോരമയും മോശമല്ലാട്ടോ, മാര്‍ക്സിസ്റ്റുകാരെപ്പറ്റി പറയാന്‍ മനോരമക്ക് നൂറ് നാവാണ്... മാധ്യമം ആണെങ്കില്‍ പണ്ട് “മുസ്ലിം കിഡ്നി” ആവശ്യമുണ്ടെന്ന് പരസ്യം കൊടുത്ത ആളുകള്‍... പത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മറുപറ്റി പറയട്ടെ...
:)
പൊട്ടന്‍

അതുല്യ said...

പത്രത്തില്‍ നിന്നും റ്റി.വിയില്‍ നിന്നും വാര്‍ത്ത അന്വേക്ഷിയ്കുന്നുണ്ടോ ആരെങ്കിലും? അതൊക്കെ പരസ്യം കാണാനല്ലേ ഉപകരിയ്കുക? പിന്നെ ട്രെയിനിലു സീറ്റ് കിട്ടിയിലെങ്കില്‍ ബെര്‍ത്തായിട്ടോ അതുമല്ലെങ്കില്‍ ഗള്‍ഫിലെ ആളുകളു ചെയ്യണ പോലെ വിരിച്ചിട്ടിരുന്ന് നോബ് തുറക്കാനൊ? എനിക്കിപ്പോഴും വാര്‍ത്തകള്‍ ന്ന് പറഞ് നിറഞ് നില്‍ക്കുന്നത് പഴയ പി.ടി.എഇ ആപ്പീസിന്റെ ഇരുണ്ട അങ്കണത്തിലെ പ്ഫോട്ടോകള് വെട്ടി ഒട്ടിച്ച അടിക്കുറിപ്പ് എഴുതിയിട്ടിരിയ്കുന്ന “കഴിഞ” ന്യൂസുകളോടാണു. (അല്ലെങ്കിലും വാര്‍ത്ത എന്ന പറയാന്‍ ജനത്തിനു വേണ്ടത് വല്ലതും നമ്മടെ കേരളത്തിലു സംഭവിയ്കുന്നുണ്ടോ? )

Rajeeve Chelanat said...

മൂര്‍ത്തീ,

താങ്കളുടെ ബ്ലോഗ്ഗ് ലോകത്തിലൂടെ ഒന്നോടിച്ചു നോക്കി. മാധ്യമം എന്ന വിഭാഗം വളരെ നന്നായിരിക്കുന്നു. പൊതുവെ പറഞ്ഞാല്‍, കാര്യമാത്ര പ്രസക്തമായ ബ്ലോഗ്ഗ്. ലളിതമായ എഴുത്ത്. ആശംസകള്‍

സ്നേഹപൂര്‍വ്വം