Monday, December 3, 2007

യേശുദേവന്‍ ഈ ക്രിസ്മസിന് എന്ത് വാങ്ങും?

മോര്‍ഗന്‍ സ്പര്‍ലോക്ക്(Morgan Spurlock) നിര്‍മ്മിച്ച് Rob VanAlkemade സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി സിനിമയുടെ പേരാണ് What Would Jesus Buy. ക്രിസ്മസിന്റെ വാണിജ്യവല്‍ക്കരണവും, അമിത ഉപഭോഗാസക്തിയും, ആഗോളവല്‍ക്കരണവും, വന്‍‌കിട കോര്‍പ്പറേറ്റുകളുടെ ബിസിനസ് തന്ത്രങ്ങളും, അവര്‍ നമ്മുടെ സാമ്പത്തിക സാംസ്കാരിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവുമൊക്കെയാണ് 2007 നവംബറില്‍ പൊതുപ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിന്റെ പ്രമേയം.

താങ്ക്സ് ഗിവിങ് ഡേ (അമേരിക്കയില്‍ നവംബറിലെ നാലാമത്തെ വ്യാഴാഴ്ച്ച)ക്കു ശേഷമുള്ള വെള്ളിയാഴ്ച ബ്ലാക്ക് ഫ്രൈഡേ എന്നാണ് അറിയപ്പെടുന്നത്. ക്രിസ്മസ് ഷോപ്പിങ്ങ് തുടങ്ങുന്ന ദിവസമായി പൊതുവേ ഇത് കരുതപ്പെടുന്നു.അന്ന് അമേരിക്കയില്‍ തൊഴില്‍ ഉടമകള്‍ തൊഴിലാളികള്‍ക്ക് ശംബളത്തോടുകൂടിയ അവധി നല്‍കും. 1929 ഒക്ടോബര്‍ 29 ചൊവ്വാഴ്ചയാണ് അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ചരിത്രത്തിലെ വലിയ തകര്‍ച്ച നേരിട്ടത്. ഗ്രേറ്റ് ഡിപ്രഷന്‍ എന്ന് അറിയപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം ഈ ദിവസമാണെന്ന് പൊതുവെ കരുതപ്പെടുന്നു. അതല്ലെന്നും അത് ഒരു രോഗലക്ഷണം മാത്രമായിരുന്നുവെന്ന് മറ്റു ചിലരും പറയുന്നു. ആ ദിവസത്തെ തിരക്കും ടെന്‍ഷനുമൊക്കെ ഈ വെള്ളിയാഴ്ചയും ഉണ്ട് എന്നതിന്റെയൊക്കെ കാരണമായാവാം ബ്ലാക്ക് ഫ്രൈഡേ എന്ന് വിളിക്കുന്നത് എന്ന് വിക്കി പറയുന്നു.

ആദ്യത്തെ 11 മാസം നഷ്ടം സഹിക്കുകയും കണക്കു പുസ്തകത്തില്‍ ചുവന്ന മഷിയില്‍ അത് രേഖപ്പെടുത്തുകയും ചെയ്യുന്ന കച്ചവടക്കാര്‍ അവസാനത്തെ മാസമാണ് ലാഭം ഉണ്ടാക്കുന്നത്രേ! ചുവപ്പ് മഷിയില്‍ നിന്ന് കണക്കുകള്‍ കറുപ്പു മഷിയിലേക്ക് മാറുന്ന ദിവസമായതുകൊണ്ടാണ് ബ്ലാക്ക് ഫ്രൈഡേ എന്ന് പേരു വന്നതെന്ന് വേറെ ചില സ്ഥലത്തും കാണുന്നു. അന്നേ ദിവസം കച്ചവട സ്ഥാപനങ്ങളൊക്കെ അതിരാവിലെ തന്നെ തുറന്നിരിക്കുകയും, സ്ഥാപനങ്ങളില്‍ ഡിസ്‌കൌണ്ടുകളും, സൌജന്യങ്ങളും ഒക്കെ നല്‍കുന്നതായുള്ള പരസ്യങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഷോപ്പിങ്ങ് മാളുകള്‍ നിറയ്ക്കാനുള്ള ഒരു തരം ആഹ്വാനം.

മാധ്യമങ്ങളും കച്ചവടക്കാരും പരസ്യക്കാരുമൊക്കെ ഈ ദിവസത്തെ വാണിജ്യ താല്പര്യത്തിനായി അമിതമായി ഉപയോഗിക്കുമ്പോള്‍ അതിനെതിരായ ശബ്ദങ്ങളും സ്വാഭാവികമായും ഉയരുമല്ലോ. അതിലൊന്നാണ് Buy Nothing Day എന്ന് ഈ ദിവസത്തിനു പേരിടുകയും അന്നേ ദിവസം ഒന്നും വാങ്ങാതിരിക്കുവാനുള്ള പ്രചരണം നടത്തുകയും ചെയ്യുന്ന ഒരു മൂവ്മെന്റ്. വാന്‍‌കൂവറിലെ ആഡ്‌ബസ്റ്റെര്‍സ് (Ad busters) മാസികയിലെ Kalle Lasn കൂട്ടുകാരും തുടങ്ങിയ ഈ പ്രസ്ഥാനം ഉപഭോഗതൃഷ്ണക്കെതിരായ ഒരു നീക്കം കൂടിയാണ്.

മറ്റു രാജ്യങ്ങളിലെ വിയര്‍പ്പുശാലകളില്‍(sweat shops) രാവന്തിയോളം കഠിനാദ്ധ്വാനം ചെയ്യുന്ന കുട്ടികളുടേയും വനിതകളുടേയും വിയര്‍പ്പിലും, രാജ്യത്തെ തൊഴില്‍ശാലകളില്‍ കുറഞ്ഞ വേതനത്തിനു പണിയെടുക്കുന്നവരുടേയും വിയര്‍പ്പിലുമൊക്കെയാണ് ഭ്രാന്തവും, ക്രെഡിറ്റില്‍ അധിഷ്ഠിതവും പരിഹാസ്യവുമായ ഉപഭോഗസംസ്കാരം പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതെന്ന് ഇവര്‍ പറയുന്നു. വന്‍കിട കോര്‍പ്പറേറ്റുകളുടെ ലാഭമാകുന്നത് ഈ വിയര്‍പ്പ് തന്നെ എന്നും.

ഇതിനെതിരായ ഒരു നീക്കം...തദ്ദേശീയമായി നിര്‍മ്മിച്ച, ജീവിക്കാനാവശ്യമായ വേതനം തൊഴിലാളികള്‍ക്ക് ഉടമ നല്‍കുന്നു എന്നുറപ്പുള്ള സ്ഥാപനങ്ങളില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്ന, ഓര്‍ഗാനിക് ഉല്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്ന, അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഒരു പ്രസ്ഥാനം പച്ച പിടിച്ചു വരുന്നുണ്ട് അമേരിക്കയില്‍. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും മറ്റും നിര്‍മ്മാതാവും കര്‍ഷകനുമൊക്കെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധപ്പെടുക വഴി, ഇടനിലക്കാരാ‍യ കുത്തകകളെ ഒഴിവാക്കുന്ന രീതിയിലുള്ള ഒരു പ്രസ്ഥാനം.

അതിനോട് യോജിച്ചു പോകുന്ന ഒന്നാണ് ഈ ഡോക്യുമെന്ററിയും. ക്രിസ്മസിനെ Shopocalypse ല്‍ നിന്നും രക്ഷിക്കുക എന്ന സന്ദേശം, ആവശ്യത്തിന് മാത്രം വാങ്ങുക, അര്‍ത്ഥവത്തായി വാങ്ങുക എന്ന സന്ദേശം നല്‍കുന്ന ചിത്രം.

The Shopocalypse is coming! Who will be $aved? Let me exorcise your credit cards! Changellujuah!" എന്ന വാചകം ഡോക്യുമെന്ററിയെക്കുറിച്ചുള്ള കൃത്യമായ ചിത്രം നല്‍കുന്നു.

Thanks giving dayക്കു ശേഷമുള്ള തിങ്കളാഴ്ച സൈബര്‍ മണ്‍‌ഡേ(Cyber Monday) എന്ന് വിളിക്കപ്പെടുന്നു. ഓണ്‍‌ലൈന്‍ ഷോപ്പിങ്ങ് പ്രചാരത്തിലാക്കുന്നതിനുള്ള ഒരു വഴി എന്ന നിലക്ക്. കൂട്ടത്തില്‍ പറയട്ടെ ക്രിസ്മസിനു മുന്‍പുള്ള ശനിയാഴ്ചയാണത്രേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഷോപ്പിങ്ങ് നടക്കുന്ന ദിവസം.

നമ്മള്‍ പണ്ട് കേട്ടിട്ടില്ലാത്ത പല പല വിശേഷ ദിവസങ്ങളും പരസ്യങ്ങളിലൂടെ അറിയുകകയും ആ ദിവസങ്ങള്‍ സ്വര്‍ണ്ണം വാങ്ങാനും മറ്റുമൊക്കെ നല്ലതാണെന്ന പ്രചരണങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഈ ചിത്രവും ഷോപ്പിങ്ങ് രഹിത ദിവസം പോലുള്ള കാമ്പയിനുകളും നല്‍കുന്ന സന്ദേശം പ്രസക്തം എന്നു തന്നെ തോന്നുന്നു.

ഒരു റിവ്യൂ ഇവിടെ ഒന്നിവിടെ.

ഒരു ട്രെയ്‌ലര്‍ ഇവിടെ

9 comments:

മൂര്‍ത്തി said...

മോര്‍ഗന്‍ സ്പര്‍ലോക്ക്(Morgan Spurlock) നിര്‍മ്മിച്ച് Rob VanAlkemade സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി സിനിമയുടെ പേരാണ് What Would Jesus Buy. ക്രിസ്മസിന്റെ വാണിജ്യവല്‍ക്കരണവും, അമിത ഉപഭോഗാസക്തിയും, ആഗോളവല്‍ക്കരണവും, വന്‍‌കിട കോര്‍പ്പറേറ്റുകളുടെ ബിസിനസ് തന്ത്രങ്ങളും, അവര്‍ നമ്മുടെ സാമ്പത്തിക സാംസ്കാരിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവുമൊക്കെയാണ് 2007 നവംബറില്‍ പൊതുപ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിന്റെ പ്രമേയം.

അപ്പു ആദ്യാക്ഷരി said...

മൂര്‍ത്തീ, കാലികപ്രാധാന്യമുള്ള ലേഖനം. വിശേഷദിവസങ്ങളെ കൊമേഴ്സലൈസ് ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണം. ദുബായിലൊക്കെ ഇത്തരം ബിസിനസ് ക്രിസ്മസ് മൂഡ് ഒരുമാസം മുമ്പ്തന്നെ എത്തിക്കഴിഞ്ഞൂ.

Unknown said...

"എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു് വിളിക്കപ്പെടും എന്നു് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ക്കുന്നു." എന്നു് പറഞ്ഞുകൊണ്ടു് യേരുശലേം ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെയും, പൊന്‍‌വാണിഭക്കാരെയും, പ്രാവുകളെ വില്‍ക്കുന്നവരെയും ആട്ടിയോടിച്ച യേശുവിന്റെ ജന്മദിനത്തിന്റെ ഓര്‍മ്മയാണത്രേ ക്രിസ്മസ്!

ഇത്തരം ആഘോഷങ്ങളൊക്കെ ജനങ്ങള്‍‍ക്കു് വര്‍ഷത്തില്‍ രണ്ടോ മൂന്നോ വട്ടം മേളിക്കാനുള്ള ഓരോരോ അവസരങ്ങള്‍, അത്രതന്നെ! തത്വത്തില്‍ എല്ലാം നല്ലതു്. തനിക്കു് വേണ്ടതു് എന്തെന്നു് വ്യക്തമായി അറിയാവുന്നവര്‍ക്കു് ദോഷം ഒന്നും സംഭവിക്കുകയുമില്ല. അയല്‍ക്കാരനെ കാണിക്കാന്‍ കടമെടുത്തു് മിനുങ്ങുന്നവന്‍ അനുഭവിക്കുമ്പോള്‍ പഠിക്കും. അങ്ങനെയുള്ളവര്‍ ഇതുപോലുള്ള documentary-കള്‍ കാണാറില്ല, കണ്ടാല്‍ പോലും വേണ്ടപോലെ മനസ്സിലാക്കുകയുമില്ല.

ഈ പള്ളീടേം പട്ടക്കാരന്റേം വിശ്വാസത്തിന്റേമൊക്കെ പിറകില്‍ കച്ചവടമല്ലാതെ പിന്നെയെന്തു് കുന്തമാന്നാ?

ഹരിശ്രീ said...

മൂര്‍ത്തിച്ചേട്ടാ,

നല്ല വിവരണം.

ആശംസകള്‍.

un said...

it happens in india എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട് ഫ്യൂച്ചര്‍ ഗ്രൂപ്പു തലവനായ(പാന്റലൂണ്‍, ബിഗ് ബസാര്‍ തുടങ്ങിയവ) കിഷോര്‍ ബിയാനി. അങ്ങോര് സായിപ്പന്മാരെ കടത്തിവെട്ടും. ജാനുവരി 26ന് ഒറ്റ ദിവസം കൊണ്ട് 26 കോടി രൂപയുടെ കച്ചവടം ബിഗ് ബസാറില്‍ നടത്തി. കണ്‍സ്യ്യൂമര്‍മാരുടെ തിക്കും തിരക്കും കാരണം പോലീസിനെ വിളിക്കേണ്ടി വന്നു. ഇക്കൊല്ലം ആഗസ്റ്റ് 15നും നടത്തി ഇതേ സംഭവം.. ഇപ്പൊ വാലന്റൈന്‍സ് ഡേ, മദേര്‍സ് ഡേ, അക്ഷര ത്രിദീയ എന്നിങ്ങനെ എന്തെല്ലാം മാര്‍ക്കറ്റിങ് നാടകങ്ങള്‍! ഏതായാലും എയിഡ്സ് ഡേയെന്നും പറഞ്ഞ് ലാറ്റെക്സ് കമ്പനി ഒരാഘോഷക്കച്ചവടം നടത്താഞ്ഞതു മാത്രം ആശ്വാസം. അല്ലെങ്കില്‍ അവരെയെന്തിനു കുറ്റം പറയാന്‍, ഇതൊക്കെ വാങ്ങിക്കൂട്ടുന്ന നമ്മളെയൊക്കെ തന്നെ പറയണം!

Pramod.KM said...

കുറിപ്പ് നന്നായി:)

Arun Jose Francis said...

ഒരു സംശയം ചോദിച്ചോട്ടെ... ഈ പറയുന്ന ദിവസങ്ങളില്‍ സാധനങ്ങള്‍ മേടിക്കുന്നത് ബാക്കി ദിവസങ്ങളേക്കാളും ലാഭകരമാണ്... അതുകൊണ്ട് വീട്ടിലെക്കവശ്യമായ ചില സാധനങ്ങള്‍ മേടിക്കാന്‍ ഈ ദിവസങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടു എന്തെങ്കിലും കുഴപ്പമുണ്ടോ?
പിന്നെ, sweatshop - ഈ സ്ഥലങ്ങളില്‍ ജോലി എടുക്കുന്നത് കൊണ്ടു മാത്രം ജീവിതം മുന്നോട്ടു കൊണ്ടു പോവുന്ന എത്രയോ പേരുണ്ട്... അവരെ മുതലാളിമാര്‍ ചൂക്ഷണം ചെയ്യുകയാണ്, സമ്മതിച്ചു. പക്ഷെ, ഇതില്ലയിരുന്നെന്കില്‍ ആ പതിനായിരങ്ങളില്‍ എത്രയോ പേര്‍ പട്ടിണി കിടന്നു മരണത്തെ പുല്കിയേനെ?

മൂര്‍ത്തി said...

ഉപഭോഗസംസ്കാരത്തിനും വാണിജ്യവല്‍ക്കരണത്തിനുമെതിരായ ആശയപ്രചരണം എന്ന നിലക്കാണ് ഇതിനു പ്രസക്തി. ആവശ്യമില്ലാത്ത സാധനങ്ങളും വാങ്ങിപ്പിക്കുക എന്ന മട്ടില്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോള്‍, അതിനെതിരെ ഒരു ശബ്ദം. അര്‍ത്ഥവത്തായി വാങ്ങുക...

വിയര്‍പ്പുശാലകളില്‍ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്നവരും മനുഷ്യരാണ്. അവര്‍ക്കും മാന്യമാ‍യ വേതനവും മറ്റും നല്‍കണം എന്ന കാര്യത്തില്‍ സംശയമേ വേണ്ട. ആ ജോലി ഇല്ലായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ഇവരൊക്കെ എന്ന ചോദ്യം ചൂഷണത്തിനു ന്യായീകരണമല്ല. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം ഇല്ല എന്നതുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങളില്‍ പണിയെടുത്ത് ജീവിക്കേണ്ട ദുഃസ്ഥിതിയില്‍ കൂടുതല്‍ ജനങ്ങള്‍ ഉള്ളത്.

കൊച്ചുമുതലാളി said...

വളരെ പ്രസക്തിയുള്ള വിഷയം. നല്ല എഴുത്ത് ശൈലി.


പക്ഷെ ഒരു കാര്യം ചോദിച്ചോട്ടെ, ഞങ്ങള്‍ക്കും ജീവിക്കണ്ടേ??