Sunday, September 30, 2007

വിശ്വനാഥന്‍ ആനന്ദ് 2007ലെ വിശ്വ ചെസ്സ് ചാമ്പ്യന്‍

ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദിന് 2007ലെ വിശ്വചെസ്സ് കിരീടം.

മെക്സിക്കോ സിറ്റിയിലെ ഷെറാട്ടന്‍ സെന്റ്രോ ഹിസ്റ്റൊറിക്കോ ഹോട്ടലില്‍ നടക്കുന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദ് വിജയിയായതോടെ വിശ്വചെസ്സിന്റെ തലപ്പത്ത് വീണ്ടും ഒരു ഭാരതീയന്‍ അവരോധിതനായി.

എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന നിമിഷം

ആനന്ദിനു പുറമെ, റഷ്യയുടെ വാദിമിര്‍ ക്രാംനിക്ക് (Elo2769) , അലക്സാണ്ടര്‍ മൊറോസോവിച്ച്(Elo2758), ഹംഗറിയുടെ പീറ്റര്‍ ലീക്കോ(Elo2751), അര്‍മേനിയയുടെ ലെവോണ്‍ അരോണിയന്‍(Elo2750), റഷ്യയുടെ പീറ്റര്‍ സ്വിഡ്‌ലര്‍(Elo2735), ഇസായേലിന്റെ ബോറിസ് ഗെല്‍ഗാന്‍ഡ്(Elo2733), റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിഷ്‌ചുക്(Elo2726) എന്നിവരാണ് ഈ മത്സരത്തിലെ മറ്റു കളിക്കാര്‍. ലോകത്തിലെ ഏറ്റവും മികച്ച 14 കളിക്കാരിലെ എട്ടു പേരാണിവര്‍. ഇവരില്‍ ആനന്ദ്, മൊറോസെവിച്ച്, സ്വിഡ്‌ലര്‍ എന്നിവര്‍ 2005ലെ ഫിഡെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ സ്ഥാനം വഴിയും , ക്രാംനിക്ക് 2006ലെ സംയുക്ത ലോകചാമ്പ്യന്‍ഷിപ്പിലെ വിജയി എന്ന നിലക്കും, മറ്റുള്ളവര്‍ 2007ലെ കാന്‍ഡിഡേറ്റ്സ് മത്സരങ്ങളിലൂടെയുമാണ് ഈ കലാശക്കളിക്ക് അര്‍ഹത നേടിയത്.

ഡബിള്‍ റൌണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ (എല്ലാ കളിക്കാരും അന്യോന്യം രണ്ട് തവണ വീതം ഏറ്റുമുട്ടും) നടന്ന ഈ ടൂര്‍ണ്ണമെന്റില്‍ മൊത്തം 9 പോയിന്റ് നേടിയാണ് ആനന്ദ് ചാമ്പ്യനായത്.

പതിമൂന്നാമത്തെ റൌണ്ട് മത്സരത്തില്‍ അലക്സാണ്ടര്‍ ഗ്രിഷ്‌ചുക്കിനെതിരെ 74 നീക്കം നീണ്ട മാരത്തോണ്‍ മത്സരത്തില്‍ സമനില നേടിയ ആനന്ദ് അവസാന റൌണ്ടില്‍ ഹംഗറിയുടെ പീറ്റര്‍ ലീക്കോയുമായും സമനില നേടി.

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ആനന്ദ് വിജയിയായത്. തന്റെ വിജയ യാത്രയില്‍ ആനന്ദ് മൊറൊസോവിച്ചിനേയും, അരോണിയനേയും, ഗ്രിഷ്‌ചുക്കിനേയും, സ്വിഡ്‌ലറേയും ഓരോ തവണ തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളെല്ലാം സമനിലയിലാക്കി. ഈ ചാമ്പ്യന്‍ഷിപ്പിന്റെ മൊത്തം സമ്മാനത്തുക 1.3 ദശലക്ഷം യു.എസ്.ഡോളറാണ്.

ഇതിനു മുന്‍പ് രണ്ടായിരാമാണ്ടില്‍ ടെഹ്‌റാനില്‍ വെച്ച് നടന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അലെക്സി ഷിറോവിനെ 3.5-0.5 എന്ന സ്കോറിനു തോല്പിച്ച് ആനന്ദ് ചാമ്പ്യനായിട്ടുണ്ട്. 2003ലെ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലും ആനന്ദ് ആയിരുന്നു ചാമ്പ്യന്‍. 2002ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ റസ്‌ലിന്‍ പോനോമറിയോവിനോട് തോല്‍‌വിയടഞ്ഞു. 2005ലെ ചാമ്പ്യന്‍ഷിപ്പില്‍ പീറ്റര്‍ സ്വിഡ്‌ലറുമൊത്ത് രണ്ടാംസ്ഥാനം പങ്കുവെച്ചു. വാസലിന്‍ റ്റോപ്പലോവ് ആയിരുന്നു അത്തവണ ചാമ്പ്യന്‍. 1988ലെ ലോക ജൂനിയര്‍ ചാമ്പ്യനുമായിരുന്നു ആനന്ദ്.

1969 ഡിസംബര്‍ 11ന് ചെന്നെയില്‍ വിശ്വനാഥന്‍-സുശീല ദമ്പതികളുടെ മകനായി ജനിച്ച വിശ്വനാഥന്‍ ആനന്ദ് ചെസ്സ് രംഗത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് കടന്നു വന്നത്. അമ്മയില്‍ നിന്നും ആറാം വയസ്സില്‍ പഠിച്ചു തുടങ്ങിയ പാഠങ്ങളുമായി, മിന്നല്‍ വേഗത്തില്‍ തന്റെ നീക്കങ്ങള്‍ നടത്തുന്ന ‘വിഷി’ 1983ല്‍ പതിനാലാമത്തെ വയസ്സില്‍ നാഷണല്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 9ല്‍ 9 പോയിന്റും നേടി ചാമ്പ്യനായി. പതിനഞ്ചാമത്തെ വയസ്സില്‍ അന്നത്തെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയ ആനന്ദ് പതിനാറാമത്തെ വയസ്സില്‍ നാഷണല്‍ ചാമ്പ്യനായി. തുടര്‍ന്ന് രണ്ടു തവണ അദ്ദേഹം ഈ പദവി നേടിയിട്ടുണ്ട്. പതിനെട്ടാമത്തെ വയസ്സില്‍ രാജ്യത്തെ ആദ്യത്തെ ഗ്രാന്‍ഡ്‌മാസ്റ്ററായി.

1997, 1998, 2003, and 2004 വര്‍ഷങ്ങളില്‍ ചെസ്സ് ഓസ്കാര്‍ നേടിയിട്ടുള്ള ആനന്ദ് ഫിഡേ റേറ്റിങ്ങില്‍ 2800 കടന്നിട്ടുള്ള ആറുകളിക്കാരില്‍ ഒരാളാണ്. ഫിഷര്‍, കാസ്പറോവ്, കാര്‍പ്പോവ്, ക്രാംനിക്ക്, റ്റോപ്പലോവ് എന്നിവരാണ് മറ്റു അഞ്ച്‌ പേര്‍. ഇപ്പോള്‍ 2792 റേറ്റിങ്ങ് ഉള്ള ആനന്ദിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങ് 2803 ആയിരുന്നു. (ഏപ്രില്‍ 2006ലെ ഫിഡെ റേറ്റിങ്ങ് ലിസ്റ്റില്‍). ഫിഡെയുടെ ഏറ്റവും പുതിയ ലിസ്റ്റ് അനുസരിച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ താരമാണ് വിശ്വനാഥന്‍ ആനന്ദ്. (കാസ്പറോവ് ഇപ്പോള്‍ ഫിഡെയുടെ ലിസ്റ്റില്‍ ഇല്ല.)

ആനന്ദിനു ലഭിച്ചിട്ടുള്ള ബഹുമതികള്‍

1985 - മികച്ച കായികതാരത്തിനുള്ള അര്‍ജുന അവാര്‍ഡ്

1987- പദ്മശ്രീ, നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്

1991-92 - ആദ്യത്തെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്

1998 - ആനന്ദ് എഴുതിയ “മൈ ബെസ്റ്റ് ഗെയിംസ്” എന്ന പുസ്തകത്തിന് ബ്രിട്ടീഷ് ചെസ്സ് ഫെഡറേഷന്റെ(BCF) ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്

2000- പദ്മഭൂഷണ്‍

2001 - സ്പെയിനിലെ Jameo de Oro ബഹുമതി. അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

അരുണയാണ് ഭാര്യ. ഇപ്പോള്‍ രണ്ടുപേരും സ്പെയിനില്‍ താമസം.

ആനന്ദിന്റെ 1984മുതല്‍ 2007 വരെയുള്ള മികച്ച പ്രകടങ്ങളുടെ ഒരു പട്ടിക ഇവിടെ

ഒരു ഇന്റര്‍വ്യൂവില്‍ ആനന്ദ് പറഞ്ഞ ഒരു തമാശ

ലോക ജൂനിയര്‍ ചെസ്സ് ചാമ്പ്യനും ഗ്രാന്‍ഡ്‌മാസ്റ്ററുമൊക്കെയായി പയ്യന്‍ ആനന്ദ് പ്രശസ്തനായി കത്തി നില്‍ക്കുന്ന സമയം.

ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യവെ, അടുത്തിരിക്കുന്ന ആള്‍ ആനന്ദിനോട് എന്തു ചെയ്യുന്നു എന്ന് ചോദിച്ചു.

താനൊരു ചെസ്സ് കളിക്കാരനാണെന്ന് ആനന്ദ് പറഞ്ഞു.

യാത്രക്കാരന് ഒട്ടും പിടിച്ചില്ല. അയാള്‍ വീണ്ടും ചോദിച്ചു. ജീവിക്കാനെന്തു ചെയ്യും? അച്ഛനു വല്ല ബിസിനസ്സും?

ആനന്ദ് പറഞ്ഞു “ ഇല്ല”

യാത്രക്കാരന്‍ കുറച്ചു നേരം ആനന്ദിന്റെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു

“ചെസ്സ് കളിക്കുന്നതൊക്കെ നല്ലത് തന്നെ. പക്ഷെ കളിക്കുന്നുണ്ടെങ്കില്‍ ആ വിശ്വനാഥന്‍ ആനന്ദിനെപ്പോലെ കളിക്കണം. ഇല്ലെങ്കില്‍ ഇക്കാലത്ത് ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല.“

യാത്രകളും, ജ്യോതിശാസ്ത്രവും ഇഷ്ടപ്പെടുന്ന ആനന്ദ് ഒന്നാംതരം ഫലിതബോധത്തിനും ഉടമയാണ്.

വിശ്വനാഥന്‍ ആനന്ദിന് അഭിനന്ദനങ്ങള്‍

വിശദമായ റിസല്‍ട്ടും പോയിന്റ് പട്ടികയും ഇവിടെയും അവിടെയും

ചിത്രങ്ങള്‍ക്ക് കടപ്പാട്: ചെസ്സ്ബേയ്‌സ്.കോം.

വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ , വിക്കിപീഡിയ

10 comments:

മൂര്‍ത്തി said...

ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദിന് 2007ലെ വിശ്വചെസ്സ് കിരീടം.

മെക്സിക്കോ സിറ്റിയിലെ ഷെറാട്ടന്‍ സെന്റ്രോ ഹിസ്റ്റൊറിക്കോ ഹോട്ടലില്‍ നടക്കുന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദ് വിജയിയായതോടെ വിശ്വചെസ്സിന്റെ തലപ്പത്ത് വീണ്ടും ഒരു ഭാരതീയന്‍ അവരോധിതനായി.

എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന നിമിഷം

ആനന്ദിന് അഭിനന്ദനങ്ങള്‍...

ഇത് ഈ ബ്ലോഗിലെ എന്റെ അന്‍പതാമത്തെ പോസ്റ്റ് കൂടിയാണ്.

myexperimentsandme said...
This comment has been removed by the author.
myexperimentsandme said...

ആനന്ദിന് അഭിനന്ദനങ്ങള്‍.

(അദ്ദേഹത്തിന് ആശംസയര്‍പ്പിക്കാന്‍ ദിനമലരോ ദിനതന്തിയോ ഒരു ആശംസാ പേജ് തുറന്നാല്‍ തമിഴ്‌നാട്ടുകാര്‍ അദ്ദേഹത്തെ തെറിയഭിഷേകം ചെയ്യില്ല എന്ന് കരുതട്ടെ- സ്വന്തം നാട്ടുകാരെ അദ്ദേഹം ചിരിച്ച് കാണിച്ചില്ലെങ്കിലോ അദ്ദേഹം മിടുക്കനാണെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞെങ്കിലോ തന്നെയും).

അന്‍‌പതടിച്ച മൂര്‍ത്തിക്കും അഭിനന്ദനങ്ങള്‍. അമ്പതാം പോസ്റ്റ് ആനന്ദിന്റെ ഈ നേട്ടം തന്നെ വിവരിക്കാന്‍ ഉപയോഗിച്ചു എന്നത് പോസ്റ്റിന്റെ മാറ്റ് കൂട്ടുന്നു. ഇനിയും കോറിയിടുക, വെറുതെയും അല്ലാതെയും.

ആള് താന്‍ ബെസ്റ്റ്.

Satheesh said...

ആനന്ദിനും മൂര്‍ത്തിക്കും അഭിനന്ദനങ്ങള്‍!

Unknown said...

അഭിമാനിക്കുന്നു. ആനന്ദിന് ആശംസകള്‍!!

Unknown said...

ആനന്ദിനും "അര്‍ദ്ധസെഞ്ചൂറിയനും" അഭിനന്ദനങ്ങള്‍!

Santhosh said...

അഭിനന്ദനങ്ങള്‍, മൂര്‍ത്തീ...

മെലോഡിയസ് said...

ആനന്ദിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിട്ടിയതിനും മൂര്‍ത്തി 50 അടിച്ചതിനും അഭിനന്ദനങ്ങള്‍ ..

ഇന്നതെ പത്രത്തില്‍ കണ്ടിരുന്നു, തന്നെ ഇന്ത്യയില്‍ എങ്ങിന സ്വീകരിക്കും എന്നു കണ്ടറിയാം എന്നു പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ആനന്ദ് നല്‍കിയ മറുപടിയായിരുന്നു അത്.

ഹരിശ്രീ said...

മൂര്‍ത്തി ഭായ് അഭിനന്ദനങ്ങള്‍...

മൂര്‍ത്തി said...

വിശ്വനാഥന്‍ ആനന്ദ് വീണ്ടും ഫിഡെ റേറ്റിങ്ങ് ലിസ്റ്റില്‍ 2800ന് മുകളില്‍ എത്തി.
ഫിഡെയുടെ ഒക്ടോബര്‍ റേറ്റിങ്ങ് ലിസ്റ്റ് അനുസരിച്ച് ആനന്ദിന്റെ റേറ്റിങ്ങ് 2801 ആണ്. ഇപ്പോള്‍ ലിസ്റ്റില്‍ 2800നു മുകളിലുള്ള ഒരേ ഒരു കളിക്കാരന്‍ ആനന്ദ് ആണ്. രണ്ടാം സ്ഥാനത്ത് ഉക്രൈനിന്റെ വാസിലി ഇവാന്‍‌ചുക്ക് 2787, മൂന്നാം സ്ഥാനത്ത് റഷ്യയുടെ വ്ലാദിമിര്‍ ക്രാംനിക്ക് 2785.
ആദ്യ 100 സ്ഥാനങ്ങളിലുള്ള മറ്റു ഇന്ത്യക്കാര്‍ ഇവരാണ്.
ഇന്ത്യയുടെ പി.ഹരികൃഷ്ണ 2668 റേറ്റിങ്ങോടെ 45 - സ്ഥാനത്ത്. ശശികിരണ്‍ 2666 - (46),
വനിതകളില്‍ ജൂഡിത്ത് പോള്‍ഗാര്‍(2708) ഒന്നാം സ്ഥാനത്തും, ഇന്ത്യയുടെ കൊനേരു ഹമ്പി(2606) രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.പെണ്‍കുട്ടികളില്‍ കൊനേരു ഹമ്പി ആണ് ലോകത്തിലെ ഒന്നാം നമ്പര്‍ താരം.