Sunday, February 10, 2008

പത്രമേവ ജയതേ...

ഇന്നു (10/02/08) രാവിലത്തെ മാതൃഭൂമി വെണ്ടക്ക സൂപ്പറാണ്.

കമ്യൂണിസ്റ്റ് ഐക്യം സംഭവിക്കാം - വി. എസ്.

ഫോണ്ടിന്റെ കളര്‍ നല്ല ചുവപ്പ്.

കമ്യൂണിസ്റ്റ് ഐക്യം തള്ളിക്കളയാനാവില്ലെന്നും അതു ചിലപ്പോള്‍ സംഭവിച്ചെന്ന് വരാമെന്നും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഇതാണ് വാര്‍ത്തയിലെ ആദ്യവാചകം.

മാതൃഭൂമി ഇങ്ങനെ ഒരു വെണ്ടക്ക വിളമ്പിയാല്‍ അതിലെന്തെങ്കിലും കാണും എന്ന് ചിരപരിചയമുള്ളവര്‍ക്ക് തോന്നുമന്നതുറപ്പല്ലേ..

ഒന്നുകൂടി വായിച്ചു നോക്കി. ഐക്യം ഉണ്ടാവരുത് എന്നാണോ? അതോ എല്ലാം കണക്ക് എന്ന കാര്യം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്യത്തിലും ശരിയാണ് അത് കൊണ്ട് അവന്മാര്‍ ഒറ്റ പാര്‍ട്ടിയാ‍വുന്നത് തന്നെയാണ് നല്ലത് എന്നാണോ?

ഇത് രണ്ടും അതിലുള്ളതായി വരികള്‍ക്കിടയിലൂടെ വായിച്ചിട്ടും പിടികിട്ടിയില്ല ...

എന്നാലും വിശദമായി ഒന്നു കൂടി നോക്കി..

കാകദൃഷ്ടി എന്ന കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ കാള വാലു പൊക്കിയത് എന്തിനായിരുന്നുവെന്ന് പിടി കിട്ടി.

അതാണ് സംഭവം...വിഭാഗീയത....

കാര്‍ട്ടൂണില്‍ പിണറായിയും വി.എസും തമ്മില്‍ അടി.

ഐക്യം: വെളിയത്തിന്റെ ആഗ്രഹം നടക്കില്ല - പിണറായി

ഭാവിയില്‍ സംഭവിച്ചേക്കാം - വി.എസ്.

അലക്കു കഴിഞ്ഞിട്ട് കാശിക്ക് പോകാം എന്ന ഒരു രസികന്‍ അടിക്കുറിപ്പും. അലക്കിനു രണ്ടര്‍ത്ഥമുണ്ടല്ലോ..

കണ്ടോ വി.എസും പിണറായിയും ഐക്യത്തിന്റെ കാര്യത്തില്‍ പോലും രണ്ടഭിപ്രായം വെച്ച് പുലര്‍ത്തുന്നു.

അവരുടെ ഒരു കാര്യം. നട്ടുച്ചക്ക് ഇത് രാത്രിയോ പകലോ എന്ന് ചോദിച്ചാല്‍ ഒരാള്‍ പറയും ഇത് നട്ടപ്പാതിരാ. മറ്റെയാള്‍ പറയും ഇത് നട്ടുച്ച. വിഭാഗീയത എന്നു പറഞ്ഞാല്‍ ഇങ്ങനെയും ഉണ്ടോ?

എന്തായാലും ദിവസവും പത്രം വായിക്കുന്നതായി അഭിനയിക്കുന്നതു കൊണ്ട് ചില വാര്‍ത്തകളൊക്കെ ഓര്‍മ്മയിലുണ്ടായിരുന്നു...

കമ്യൂണിസ്റ്റ് ഐക്യത്തെക്കുറിച്ച് പിണറായിയും വെളിയവുമൊക്കെ ഈയടുത്ത ദിവസങ്ങളില്‍ എന്തൊക്കെയോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പിണറായി ഇന്നലെയും എന്തോ പറഞ്ഞിരുന്നു. അതെന്താണെന്ന് ദേശാഭിമാനി തപ്പി നോക്കി...

“കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിക്കുന്നതിന് ആരും എതിരല്ല. പക്ഷെ, വിശദാംശങ്ങളിലേക്ക് പോകുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി പരിഹരിക്കേണതുണ്ടെന്ന് കാണാം.”

അച്യുതാനന്ദന്‍ പറഞ്ഞതിന്റെ വിശദീകരണം മാതൃഭൂമിയിലുണ്ടോ എന്ന് നോക്കി..ഉണ്ട്..

“കമ്യൂണിസ്റ്റ് ഐക്യത്തെക്കുറിച്ച് ഞങ്ങള്‍ സൌഹൃദമായ അന്തരീക്ഷത്തില്‍ ചര്‍ച്ച ചെയ്യും. ഇടത്, മത നിരപേക്ഷ ഐക്യം വളര്‍ത്തിക്കൊണ്ടുവന്ന്, അതിന്റെ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് ഐക്യം സംഭവിച്ചെന്ന് വരാം.” - അച്യുതാനന്ദന്‍.

സംശയമായി.

പിണറായി പറഞ്ഞ “പരിഹരിക്കേണ്ട പ്രശ്നങ്ങള്‍“ തന്നെയല്ലേ അച്യുതാനന്ദന്‍ പറഞ്ഞ “സൌഹൃദമായ അന്തരീക്ഷത്തില്‍ ചര്‍ച്ച“ ചെയ്യപ്പെടുക? “ആരും എതിരല്ലാത്തതുകൊണ്ടു“ തന്നെയല്ലേ അച്ച്യുതാനന്ദന്‍ പറഞ്ഞ “കമ്യൂണിസ്റ്റ് ഐക്യം സംഭവിക്കാം” എന്നു വരുന്നത്?

ആര്‍ക്കറിയാം അല്ലേ?

എന്തായാലും മൈക്കേല്‍ പാരെന്റി (Michael Parenti) എഴുതിയ Methods of Media Manipulation എന്ന ലേഖനം വായിക്കാന്‍ പറ്റിയ ടൈം...

(കാര്‍ട്ടൂണ്‍ മാതൃഭൂമിയില്‍ നിന്ന്)

10 comments:

മൂര്‍ത്തി said...

ഒരല്പം മാധ്യമവിചാരം..

Unknown said...

കുറെനാള്‍ കുറെയേറെ മാദ്ധ്യമചവറുകള്‍ മുന്‍‌വിധിയില്ലാതെ വായിച്ചുകഴിയുമ്പോള്‍ അക്ഷരങ്ങള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവു് കിട്ടും; കിട്ടണം.

കെ said...

മൂര്‍ത്തീ, രസകരമായ കുറിപ്പ്. ആലോചനാമൃതവും. സിപിഎം സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ദിവസത്തെ വെണ്ടയ്ക്ക സൂപ്പറായിരിക്കണമെന്ന് ഗോപാലകൃഷ്ണന്‍ കരുതിക്കാണും. നല്ല വഴുതണങ്ങ പോലിരിക്കുന്ന ഒരു വെണ്ടയ്ക്ക.

420 said...

മൂര്‍ത്തീ, ഒന്നാന്തരം അവലോകനം.

ഹരിത് said...

വായിച്ചു.ഈ വിഷയത്തിലേക്കു മൂര്‍ത്തി ശ്രദ്ധ ആകര്‍ഷിച്ചതു ഉചിതമായി.

Gopan | ഗോപന്‍ said...

ഒരു പ്രതീക്ഷ നല്ലതല്ലേ മൂര്‍ത്തി സാറേ. :-)
പോസ്ടിയ Media Manipulations ലിങ്കിനു നന്ദി.

Pongummoodan said...

നല്ല കുറിപ്പ്‌.

അതുല്യ said...

മൂര്‍ത്തിയോട് ഒരിയ്ക്കല്‍ ഞാന്‍ പറഞതാണു, പേപ്പര്‍ വായിയ്ക്കരുതെന്ന്.
(പിന്നെ കമ്മ്യൂണിസം എന്ന പറഞാല്‍തി വി.എസും പിണറായും മാത്രമാണെന്നും ചിലരൊക്കെ ധരിച്ച് വശായിട്ടുണ്ട്)

N.J Joju said...

പിണറായി പറയുന്നതു തന്നെ അച്യുതാനന്ദനും പറയുന്നു.

വിഭാഗീയതയോ എന്താണത്!!?

simy nazareth said...

മൂര്‍ത്തിച്ചേട്ടാ, ഇതു നന്നായി. ഗോപീകൃഷ്ണന്റെ വരയെങ്കിലും മാതൃഭൂമിയില്‍ സത്യം പറയുന്നു.