അബ്രഹാമിന്റെ സന്തതികള്‍ എന്ന സൂരജിന്റെ പോസ്റ്റിനു അനുബന്ധമായി ശ്രീ വേണു അമ്പലപ്പടി രചിച്ച ‘പലസ്തീന്‍ പ്രശ്നം ഒരു ചരിത്രാന്വേഷണം’ എന്ന പുസ്തകത്തിലെ പതിനഞ്ചാം അദ്ധ്യായം പോസ്റ്റുന്നു.1948ലെ അറബ് ഇസ്രയേല്‍ യുദ്ധം“1948 മെയ് 15ന് ഇസ്രയേല്‍ നിലവില്‍ വന്നു. ഉടന്‍ തന്നെ നവജാതശിശുവിനെ ഞെക്കിക്കൊല്ലാന്‍ അയല്പക്കത്തുള്ള അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അറബികളുടെ സംയുക്തസേനയെ ഇസ്രയേല്‍ നിശ്ശേഷം തോല്‍പ്പിക്കുകൌം കൂടുതല്‍ ഭൂമി പിടിച്ചടക്കുകയും ചെയ്തു.” ഇസ്രയേല്‍ രൂപവല്‍ക്കരണത്തെത്തുടര്‍ന്ന് പലസ്തീന്‍ മേഖലയില്‍ നടന്ന യുദ്ധത്തെക്കുറിച്ച് ഏതാണ്ട് എല്ലാ ചരിത്രപുസ്തകങ്ങളിലും പ്രതിപാദിക്കുന്ന രീതിയുടെ സാമാന്യവല്‍ക്കരണമാണ് മുകളില്‍ കൊടുത്തത്.
പലസ്തീന്‍ മണ്ണിന്റെ 57% ഭാഗം വിദേശികള്‍ക്ക് ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം ഉണ്ടാക്കാന്‍ വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്രസഭാ പ്രമേയം വന്നത് 1947 നവംബര്‍ 29ന് ആയിരുന്നല്ലോ. ഇത് ലോക ജൂതപ്രസ്ഥാനം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അതിനര്‍ത്ഥം തങ്ങള്‍ക്ക് പലസ്തീനിന്റെ ഇത്രയും ഭാഗം മാത്രം മറ്റി എന്ന് അവര്‍ സമ്മതിച്ചു എന്നതല്ല. പ്രയോഗക്ഷമമായ ഒരു രാഷ്ട്രമായി ജൂത പലസ്തീന്‍ മാറണമെങ്കില്‍ അയല്പക്കത്തുള്ള അറബ് രാഷ്ട്രങ്ങളില്‍ നിന്നും ഏതാനും ഭാഗങ്ങള്‍ കൂടി ചേര്‍ന്നുവന്നാലേ പറ്റൂ എന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.ഇങ്ങനെ രൂപവല്‍ക്കരിക്കുന്ന വിശാല ‘മെദീനത്ത് യിസ്രയേലില്‍’ ജൂതന്മാര്‍ ഭൂരിപക്ഷമായിരിക്കണമെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ വിഭാവനം ചെയ്യപ്പെട്ട പ്രദേശത്തെ ഭൂരിപക്ഷമായി തീരുവാനുള്ള ജൂത ജനസംഖ്യ ഭൂമിയിലാകെ ഉണ്ടായിരുന്നില്ല. പക്ഷെ അതിനൊരു എളുപ്പവഴി ഉണ്ടായിരുന്നു. അറബ് ഭൂപ്രദേശങ്ങള്‍ മാത്രം പിടിച്ചെടുക്കുകയും അതില്‍ അധിവസിക്കുന്നവരെ ഓടിക്കുകയും ചെയ്യുക! ഇത് ആദ്യം പലസ്തീന്‍ ഭൂമിയില്‍ നിന്ന് തുടങ്ങുക. തുടര്‍ന്ന് അയല്‍ പ്രദേശങ്ങളില്‍ ആവര്‍ത്തിക്കുക. ഇതിനായി മുന്‍കൂര്‍ കണ്ടുവെച്ച സ്ഥലങ്ങളായിരുന്നു ഈജിപ്ത്, ട്രാന്‍സ് ജോര്‍ദാന്‍, സിറിയ, ലബനന്‍ എന്നിവ.
1948ന് മുന്‍പ് തന്നെ ഇത് കേവലം കാടുകയറിയ ചില സിയോണിസ്റ്റുകളുടെ ചിന്ത എന്ന നിലയിലല്ല മുന്നോട്ട് വെക്കപ്പെട്ടത്. ബ്രിട്ടീഷ് സാമ്രാജ്യം തന്നെ ചിന്തിച്ചുറപ്പിച്ച ഒരു നിലപാടായി രൂപപ്പെട്ടു വന്നതാണ്. 1944ല്‍ ചേര്‍ന്ന ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ ഒരു തീരുമാനത്തില്‍ ഇങ്ങനെ പറയുന്നു:
“ പലസ്തീന്‍ തീര്‍ച്ചയായും ഒരു പ്രശ്നമാണ്. മാനുഷികമെന്ന് നിലക്കും ഒരു സുസ്ഥിരമായ ജൂത കുടിയേറ്റ മേഖല സ്ഥാപിക്കാനുള്ള സ്ഥലമെന്ന നിലക്കും അവിടുത്തെ നിലവിലുള്ള ജനങ്ങളെ അവിടെ നിന്നും മാറ്റേണ്ടത് ആവശ്യമാണ്.ജൂതന്മാര്‍ പ്രവേശിപ്പിക്കുമ്പോള്‍ അവരെ അവിടെനിന്നും പുറത്തുപോകാന്‍ പ്രോത്സാഹിപ്പിക്കണം.....തീര്‍ച്ചയായും നിലവിലുള്ള അതിര്‍ത്തി വിപുലപ്പെടുത്താനുള്ള സാധ്യതകള്‍ ആരായണം. അതിന് ഈജിപ്ത്, സിറിയ, ട്രാന്‍സ് ജോര്‍ദ്ദാന്‍ എന്നിവയുമായി അതിര്‍ത്തി കരാറുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം.”(1944 Annual General Conference Report of British Labour Party quoted by Christopher Mayhew & Michael Adam in Publish It Not, page 34)
ഇങ്ങനെ രൂപവത്ക്കരിക്കപ്പെടാന്‍ പോകുന്ന ഒരു കൃത്രിമ രാജ്യത്തെക്കുറിച്ച് വിഭാവനം ചെയ്യുമ്പോള്‍ത്തന്നെ അത് പലസ്തീന്‍ മുഴുവനായി മാത്രമല്ല. അയല്‍പ്രദേശങ്ങളെക്കൂടി ലക്ഷ്യമാക്കിയുള്ളതായിരുന്നു എന്ന് വ്യക്തമാകുന്നു. ഈ ലക്ഷ്യസ്ഥാപനത്തിനുള്ള ആയപടി എന്ന നിലയിലായിരുന്നു യു.എന്‍ പ്രഖ്യാപനത്തെ സാമ്രാജ്യത്വവും സിയോണിസ്റ്റുകളും കണ്ടത്. അതുകൊണ്ടു തന്നെയാണ് യു.എന്‍ പ്രഖ്യാപനത്തിനും ഔദ്യോഗിക ഇസ്രയേല്‍ രൂപവത്കരണപ്രഖ്യാപനത്തിനും ഇടയില്‍ത്തന്നെ ഐക്യരാഷ്ട്രസഭ വിട്ടുകൊടുക്കാമെന്ന് പറഞ്ഞ സ്ഥലവും അതിന്റെ പകുതിയോളം വരുന്ന അധികസ്ഥലവും അവര്‍ പിടിച്ചെടുത്തത്. സ്വാഭാവികമായും മെയ് 15 മുതല്‍ തങ്ങളുടേ അജണ്ടയുടെ ബാക്കിഭാഗങ്ങള്‍ കൂടി നടപ്പിലാക്കാന്‍ ഇസ്രയേല്‍ കുതിക്കുമ്പോഴാണ് പലസ്തീന്റെ/ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളായ ട്രാന്‍സ് ജോര്‍ദ്ദാന്‍, സിറിയ, ലെബനണ്‍, ഈജിപ്ത് എന്നിവ ഇസ്രയേലുമായി യുദ്ധം പ്രഖ്യാപിച്ചു എന്ന് പറയപ്പെടുന്നത്.
അറബ് രാഷ്ട്രങ്ങളും ഇസ്രയേലിന്റെ ജനനവുംജനിക്കുന്നതിനു മുന്‍പു തന്നെ ഇസ്രയേലിനെ വിഴുങ്ങിക്കൊണ്ടിരുന്ന ഭീകരനായിരുന്നല്ലോ ഇസ്രയേല്‍. സാമ്രാജ്യത്വത്തിന്റെ പൂര്‍ണ്ണസഹായത്തോടെ മുഴുവനായും സൈനികവല്‍ക്കരിക്കപ്പെട്ട സമൂഹവുമായിരുന്നു അവരുടേത്. എന്നാല്‍ പലസ്തീന്റെ അയല്‍രാജ്യങ്ങളായ അറബ് രാഷ്ട്രങ്ങളുടെ അവസ്ഥയോ? അവ പൂര്‍ണ്ണമായും സ്വതന്ത്ര സമൂഹങ്ങളെന്നോ സ്വതന്ത്ര രാജ്യങ്ങളെന്നോ പറയാന്‍ പറ്റാത്തവയായിരുന്നു. ട്രാന്‍സ് ജോര്‍ദ്ദാന്‍, സിറിയ, ലെബനണ്‍, ഈജിപ്ത് എന്നിവിടങ്ങളിലെല്ലാം സാമ്രാജ്യത്വത്തിന്റെ പാവകളായ ഭരണാധികാരികളായിരുന്നു ഉണ്ടായിരുന്നത്. ഇവയിലെ പ്രമുഖശക്തികളായ ഈജിപ്തിലെയും ജോര്‍ദ്ദാനിലെയും സൈന്യങ്ങളെ നിയന്ത്രിച്ചതുപോലും ബ്രിട്ടീഷുകാരായിരുന്നു.
പലസ്തീനെ വിഴുങ്ങി ജനങ്ങളെ അടിച്ചോടിക്കുന്ന പുതിയ ജൂതരാഷ്ട്രത്തിന്റെ ആക്രമങ്ങളില്‍ ഈ രാജ്യങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് വമ്പിച്ച പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രതിഷേധത്തെ സൈനികമായ ഒരു മുന്നേറ്റത്തിന് ഊര്‍ജ്ജമാക്കിത്തീര്‍ക്കേണ്ട ഭരണകൂടത്തെ നിയന്ത്രിക്കുന്നത് സാമ്രാജ്യത്വ ശക്തികള്‍ തന്നെയാണെന്നതായിരുന്നു വൈരുദ്ധ്യം.ഇതില്‍ ജോര്‍ദ്ദാന്‍ രാജാവിന്റെ പട്ടാളമായ അറബ് ലീജയന്റെ തലവന്‍ തന്നെ ഗ്ലബ് പാഷാ എന്ന പേരിലറിയപ്പെട്ട സര്‍ ജോണ്‍ ഗ്ലബ്ബ് ആയിരുന്നു.(Sir John Glubb)
1948 മെയ് 15ന് ഇസ്രയേലിനോട് യുദ്ധം പ്രഖ്യാപിച്ചു എന്ന് പാഠപുസ്തകങ്ങളില്‍ പറയുന്ന രാഷ്ട്രങ്ങളുടെ അവസ്ഥ തന്നെയായിരുന്നു ഇത്. യു.എന്‍ അനുവദിച്ച പലസ്തീന്‍ ഭൂമിയും കടന്ന് ഏകപക്ഷീയമായി ആക്രമിച്ചു കയറുന്ന ഇസ്രയേലിനെതിരെ എന്തെങ്കിലും ചെയ്യേണ്ടത് ഈ രാഷ്ട്രങ്ങളുടെ ആവശ്യമായിരുന്നു. തങ്ങളുടെ സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അതല്ലാതെ അവര്‍ക്ക് ഒരു പോവഴിയും ഉണ്ടായിരുന്നില്ല. ഇങ്ങനെ സ്വന്തം ജനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഉപാധി എന്ന നിലയില്‍ ഈ നാല് രാജ്യങ്ങളും ഇസ്രയേലിനോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഓരോ രാജ്യവും തങ്ങളുടെ പ്രതീകാത്മകസൈനികസാന്നിദ്ധ്യമായിരുന്നു ഉറപ്പാക്കിയത്. എല്ലാവരും കൂടി 20,000 പേര്‍. ഇങ്ങനെ യുദ്ധത്തില്‍ പങ്കെടുക്കുന്നത് ഇസ്രയേലിന്റെ ആക്രമിച്ച് തോല്‍പ്പിക്കാനല്ല എന്ന് വ്യക്തം. ഇസ്രയേലി മണ്ണിലേക്ക് കടന്നു പോകരുതെന്ന് ഈ സൈന്യങ്ങള്‍ക്ക് യുദ്ധാരംഭത്തിനു മുന്‍പു തന്നെ വ്യക്തമായി നിര്‍ദ്ദേശം നല്‍കപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ഒരിഞ്ചു ഭൂമിപോലും യാതൊരു കാരണവശാലും പിടിച്ചെടുക്കരുതെന്ന് ഒരു മുന്‍ ഉപാധി ഉണ്ടായിരുന്നു എന്നര്‍ത്ഥം.
“ട്രാന്‍സ് ജോര്‍ദ്ദാന്റെ അറബ് ലീഗിനെ നയിച്ചിരുന്നത് ബ്രിട്ടീഷ് നേതൃത്വമായിരുന്നു. യു.എന്‍ വിഭജന പദ്ധതി പ്രകാരം ജൂതന്മാര്‍ക്ക് അനുവദിച്ച സ്ഥലത്തേക്ക് കടക്കരുതെന്ന് ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ഗ്ലബ് പാഷാ എന്നു കൂടി വിളിക്കപ്പെടുന്ന സര്‍ ജോണ്‍ ഗ്ലബ് എന്ന അറബി ലീഗിന്റെ കമാണ്ടര്‍ പറയുന്നത് ജോര്‍ദ്ദാന്‍ സൈനികര്‍ ഐക്യരാഷ്ട്രസഭ ഇസ്രയേലിനു നീക്കിവെച്ച പ്രദേശത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ്.”(Henry Cattan, Palestine, The Arabs and Israel: The Search for Justice. Longman London 1970- page27-38)
യുദ്ധം ആരംഭിക്കുന്നതിനു മുന്‍പുള്ള ഈ നിലപാട് വ്യക്തമാക്കുന്നത് ഈ മുസ്ലീം ഫ്യൂഡല്‍ രാഷ്ട്രം പലസ്തീനെ വിഭജിച്ച് ജൂത പലസ്തീന്‍ അഥവാ ഇസ്രയേല്‍ സ്ഥാപിക്കാനുള്ള പദ്ധതിയെ അവര്‍ അനുകൂലിക്കുന്നു എന്നതാണ്. പലസ്തീന്‍ വിഭജിച്ച് വിദേശീയര്‍ക്ക് രാഷ്ട്രമുണ്ടാക്കാന്‍ ദാനം ചെയ്ത നടപടിയെ എതിര്‍ക്കുന്ന പലസ്തീന്‍ ജനതെയുടെ കൂടെയല്ല ഇവരെന്നുമാണ്. പലസ്തീനിലെ മൌലികമായ ഈ പ്രശ്നത്തിന്റെ പേരിലല്ല ഇവരാരും തന്നെ ഇസ്രയേലിനോട് യുദ്ധം പ്രഖ്യാപിച്ചതും. അതുകൊണ്ട് തന്നെ യുദ്ധത്തിലെ ജയാപജയങ്ങള്‍ ഒരു തരത്തിലും പലസ്തീന്റെ ഭാവിയെ സ്പര്‍ശിക്കുന്നതുമായിരുന്നില്ല.
അപ്പോള്‍പ്പിന്നെ അറബ് രാഷ്ട്രങ്ങള്‍ നടത്തിയ പ്രതീകാത്മകയുദ്ധം എന്തിനായിരുന്നു? ജോര്‍ദ്ദാന്റെ കാര്യത്തില്‍ വാക്കില്‍പ്പോലും ഒരു സ്വതന്ത്രപലസ്തീനായിരുന്നില്ല ലക്ഷ്യം. ഈ ഇസ്ലാമിക രാഷ്ട്രെത്തിന്റെ ലക്ഷ്യം തയ്യാറാക്കപെട്ടതുപോലും സാമ്രാജ്യത്വ തലസ്ഥാനങ്ങളിലായിരുന്നു. ഐക്യരാഷ്ട്രെസഭ നിര്‍ദ്ദേശത്തില്‍ പലസ്തീനായി ഒഴിച്ചിട്ട ഭാഗവും കൂടി തങ്ങളുടേതാക്കുകയായിരുന്നല്ലോ ഇസ്രയേല്‍ ചെയ്തുകൊണ്ടിരുന്നത്. ഇങ്ങനെ ഇസ്രയേല്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന ഭാഗത്തേക്ക് തങ്ങളും കൂടി ഇറങ്ങുക. കുറച്ച് ഭാഗം തങ്ങളും പിടിച്ചെടുക്കുക. അത് തങ്ങളുടെ രാജ്യത്തില്‍ ലയിപ്പിക്കുക. ഇത് ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും പ്രോത്സാഹിപ്പിക്കുന്ന നയപരമായ തീര്‍ന്മാനമായിരുന്നു. പലസ്തീന്‍ എന്ന ഭൂപ്രദേശം അറബ് രാഷ്ട്രെങ്ങളുടെ കൂടി ചെയ്തികളുടെ ഫലമായാണ് ചരിത്രത്തില്‍ നിന്നും തിരോഭവിക്കുന്നത് എന്ന് ഇതുവഴി വന്നുകൂടുമല്ലോ. അതായത് ഇസ്രയേലിന്റെ യുക്തിപരമായ നിലനില്‍പ്പിന് പിറന്നുവീണ ഈ കുഞ്ഞിനു നേരെയുള്ള ഒരു അറബ് യുദ്ധം ആവശ്യമായിരുന്നു എന്ന് സാരം.
ജോര്‍ദ്ദാന്റെ ഈ നിലപാടിനോട് വിയോജിക്കുന്നവരായിരുന്നു ഈജിപ്തും അവരെ സഹായിക്കുന്ന അറേബ്യയിലെ സൌദികളും. ജോര്‍ദ്ദാന്റെ വിസ്തൃതി വര്‍ദ്ധിക്കുന്നതിനെതിരെ കരുക്കള്‍ നീക്കുകയായിരുന്നു യുദ്ധത്തില്‍ പങ്കെടുക്കുന്ന ഇവരുടെ ഒരേ ഒരു ലക്ഷ്യം. ഇതിനായി വേണ്ടി മാത്രം ജറുസ്സലേമിലെ മുഫ്തിയുടെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്രപലസ്തീനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്ന് പറഞ്ഞാണ് ഇവര്‍ യുദ്ധത്തിനിറങ്ങിയത്. ഇങ്ങനെ പരസ്പരം യുദ്ധം ചെയ്യാന്‍ ഒരു പൊതുകളം എന്ന നിലയിലുള്ള ഒരു ‘സംയുക്ത അറബ് സൈന്യ‘മാണ് 1948 മെയ് 15ന് ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.
മെദീനത്ത് യിസ്രായേലിന്റെ പ്രഖ്യാപനദിവസം തന്നെ ഹഗനാഹ എന്ന ഭീകരസംഘടനയെ അവരുടെ ഔദ്യോഗിക സൈന്യമായും പ്രഖ്യാപിക്കപ്പെട്ടു. ആബാലവൃദ്ധം ജനങ്ങള്‍ക്ക് ആയുധപരിശീലനം നല്‍കിക്കൊണ്ട്, അത്യന്താധുനിക ആയുധങ്ങളോടെ എല്ലാം കീഴടക്കാനുള്ള അധിനിവേശ ദാഹത്തോടെ നീങ്ങുന്ന ഒരു സൈന്യത്തോടാണ് അറബികള്‍ ആര്‍ക്കോ വേണ്ടി പ്രതീകാത്മക യുദ്ധത്തിനു പോയത്.
യുദ്ധം പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ പലസ്തീനിന്റെ ഏറിയ പങ്ക് സ്ഥലവും കൈവശപ്പെടുത്തിയ ജൂതപ്പടക്കും അതിന് കൂട്ടുനിന്ന സാമ്രാജ്യത്വത്തിനും തങ്ങളുടെ കടന്നാക്രമണത്തെ പുകമറകൊണ്ട് മറയ്ക്കേണ്ടിയിരുന്നു. കൈയേറ്റത്തെ ‘യുദ്ധ വിജയ’മാക്കി അവതരിപ്പിക്കുക എന്നതായിരുന്നു ഇതിന് കണ്ടെത്തിയ വിദ്യ. ജൂതപ്പടക്ക് ഒരു യുദ്ധവിജയത്തിന്റെ ബാക്കിപത്രമായി വന്നുചേര്‍ന്നതാണ് പലസ്തീന്‍ ഭൂമി എന്ന താര്‍ക്കിക യുക്തിക്ക് വഴിയൊരുക്കുക എന്നതായിരുന്നു ‘സംയുക്ത അറബ് സൈന്യ‘ത്തിന്റെ ആക്രമണത്തിന്റെ പ്രായോഗിക ഫലം. അറബ് ഭരണകൂടങ്ങള്‍ ഇങ്ങനെ സാമ്രാജ്യത്വവുമായി ഒത്തുകളി നടത്തുമ്പോള്‍ പലസ്തീന്‍ ജനത കടന്നാക്രമണത്തിന്റെ ഭീകരത സഹിക്കവയ്യാതെ തങ്ങളുടെ പിറന്ന മണ്ണും വിട്ട് പാലായനം തുടങ്ങി.
പ്രശ്നം ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൌണ്‍സിലിന്റെ പരിഗണക്ക് വന്നു. മെയ് 29ന് സെക്യൂരിറ്റി കൌണ്‍സില്‍ ഒരു വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. ഇസ്രയേല്‍ ചെവി കൊണ്ടില്ല. അവസാനം ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥന്‍ കൌണ്ട് ബര്‍ണാഡോട്ടിന്റെ ശ്രമഫലമായി ജൂണ്‍ 11ന് നാല് ആഴ്ചത്തേക്ക് വെടി നിറുത്താം എന്ന് സമ്മതിച്ചു. ഈ കാലയളവിനുള്ളില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അഭയാര്‍ത്ഥി പ്രശ്നമുള്‍പ്പെടെയുള്ള പലസ്തീന്‍ പ്രശ്നത്തിന് കുറെക്കൂടി മെച്ചപ്പെട്ട ഒരു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും എന്നതായിരുന്നു ധാരണ. ഇതിനായി വെടിനിറുത്തല്‍ പ്രാബല്യത്തിലുള്ള കാലയളവില്‍ യാതൊരുവിധ യുദ്ധസാമഗ്രികളും ഇറക്കുമതി ചെയ്യാന്‍ പാടില്ല എന്നും ഒരു വ്യവസ്ഥയായി ഉള്‍ക്കൊള്ളിച്ചിരുന്നു. അതുവരെയുള്ള യുദ്ധംകൊണ്ടു തന്നെ ഇസ്രയേല്‍ അടക്കമുള്ള കക്ഷികളുടേ ആയുധസാമഗ്രികള്‍ തീരാറായിട്ടുണ്ടായിരുന്നു. കൂടുതല്‍ സാമഗ്രികള്‍ എത്തിയില്ലെങ്കില്‍ പ്രശ്നം യുദ്ധം കൊണ്ട് തീര്‍ക്കാനുള്ള അമിതാവേശം ഇല്ലാതാകുമല്ലോ. ഇതിന്റെ ഭാഗമായിത്തന്നെ യുദ്ധത്തില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍ക്ക് പുറത്തുനിന്നുള്ള ഒരു രാജ്യവും ഈ കാലയളവില്‍ ആയുധങ്ങള്‍ നല്‍കരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു.
ആയുധങ്ങള്‍ ശേഖരിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അക്ഷരം പ്രതി പാലിക്കപ്പെട്ടു. കാരണം തീരുമാനമെടുക്കേണ്ടത് സാമ്രാജ്യത്വശക്തികളുടേ സൈനിക നേതൃത്വമായിരുന്നല്ലോ. തങ്ങളുടെ കൈവശമുണ്ടായിരുന്ന വെടിക്കോപ്പുകള്‍ തീര്‍ത്ത ശേഷം ഐക്യരാഷ്ട്രസഭയുടേ നേതൃത്വത്തിലുണ്ടാകാന്‍ പോകുന്ന യുദ്ധമില്ലാക്കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്ത് അവര്‍ നാലാഴ്ച സുഖകരമായി ചെലവഴിച്ചു.
എന്നാല്‍ ഇസ്രയേലിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ നടന്നത് വ്യത്യസ്തമായാണ്. യുദ്ധവിരാമം അനുവദിച്ച നാല് ആഴ്ച സമയം പരമാവധി ആയുധങ്ങള്‍ യൂറോപ്പില്‍ നിന്നും അനധികൃതമായി ഇറക്കുമതി ചെയ്യാനാണ് അവര്‍ ഉപയോഗിച്ചത്. ഇതിനായി അമേരിക്കയില്‍ നിന്നും നിര്‍ലോപം കിട്ടിയ ഡോളര്‍ അവര്‍ വാരിയെറിഞ്ഞു.
യുദ്ധവിരാമം ജൂലൈ 7ന് അവസാനിച്ചു. 1948 ജൂണ്‍ 8ന് പുതുതായി വാരിക്കൂട്ടിയ ആയുധങ്ങളുമായി ഇസ്രയേല്‍ പൂര്‍വാധികം ശക്തിയോടെ യുദ്ധരംഗത്തെത്തി വന്നു. തങ്ങള്‍ തല്‍ക്കാലം ഉദ്ദേശിച്ച പ്രയോഗക്ഷമമായ രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞുവെന്ന് ഇസ്രയേലിനും സാമ്രാജ്യത്വശക്തികള്‍ക്കും ബോധ്യം വന്നപ്പോള്‍ ജൂലൈ 18ന് വീണ്ടും യുദ്ധവിരാമമുണ്ടായി. പലസ്തീന്‍ പ്രശ്നത്തിന് പരിഹാരമാകുന്നതുവരെ ഈ യുദ്ധവിരാമം തുടരണം എന്നതായിരുന്നു ഇതിലെ മുഖ്യവ്യവസ്ഥ.
യുദ്ധവിരാമം അടിച്ചോടിപ്പിക്കപ്പെട്ട പലസ്തീന്‍ ജനതയെ സ്വന്തം മണ്ണിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് അവസരമൊരുക്കും എന്ന് യു.എന്‍. മധ്യസ്ഥന്‍ ബര്‍ണഡോട്ട് പ്രത്യാശിച്ചു. ഇതിനായി അഭയാര്‍ത്ഥികളായി പോയവരോട് നിര്‍ഭയം തങ്ങളുടെ നാട്ടിലേക്ക് കടന്നുവരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ അവര്‍ ഒരിക്കല്‍പ്പോലും തിരിച്ചുവരില്ല എന്നുറപ്പു വരുത്താന്‍ വേണ്ട എല്ലാ നടപടികളും തങ്ങള്‍ ചെയ്യുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്‍ ഗുരിയന്‍ ഇതിനു നല്‍കിയ മറുപടി. (Michael Bar - Zoher - The Armed Prophet - A Biography of Ben-Gurion)
ഏതൊക്കെയായിരുന്നു ആ നടപടികള്‍? ആദ്യ യുദ്ധവിരാമത്തെത്തുടര്‍ന്നു തന്നെ തല്‍ക്കാലം ഓടി രക്ഷപ്പെട്ട ജനങ്ങള്‍ പ്രതീക്ഷയോടെ തിരിച്ചുവന്നു തുടങ്ങിയിരുന്നു. പക്ഷേ അവര്‍ക്ക് തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ കാണാന്‍ കഴിഞ്ഞത് ബുള്‍ഡോസറുകളെയായിരുന്നു. പട്ടാളക്കാര്‍ പലസ്തീന്‍ ജനതയുടെ വീടുകളെല്ലം നിലംപരിക്കുകയായിരുന്നു. ഒരു അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച ബര്‍ണഡോട്ട് വിവരിക്കുന്നുണ്ട്. ഭക്ഷണത്തിനും വീടിനും വേണ്ടി അലമുറയിട്ടു കരയുന്ന ദേശവാസികളുടെ ചിത്രം ദയനീയമായിരുന്നു. ഇതിനെത്തുടര്‍ന്ന് മറ്റ് അറബ് രാഷ്ട്രങ്ങളുമായുള്ള അതിര്‍ത്തി പ്രശ്നത്തിനപ്പുറം മാനമുള്ളതാണ് പ്രശ്നമെന്ന് യു.എന്‍ മധ്യസ്ഥന്‍ പ്രസ്താവിച്ചു. പലസ്തീനിലെ ജനതയും അവരുടെ മണ്ണും എന്ന കേന്ദ്രപ്രശ്നത്തെ മുന്‍നിര്‍ത്തി വേണം പ്രശ്നപരിഹാരം തേടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനായി 1947ലെ യു. എന്‍ നിര്‍ദ്ദേശം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രശ്നത്തിന്റെ കാതല്‍ തൊട്ടുള്ള ഈ നിര്‍ദ്ദേശം ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം രൂപവത്ക്കരിക്കപ്പെട്ട ഇസ്രയേല്‍ എങ്ങനെയാണ് സ്വീകരിച്ചത്? 1948 സെപ്തംബര്‍ 17ന് ജറുസ്സലേമില്‍ വെച്ച് ബര്‍ണഡോട്ടിനെയും യു.എന്‍ പ്രതിനിധി ആന്ദ്രെ സറോട്ടിയേയും ഇസ്രയേല്‍ വെടിവെച്ചുകൊന്നു. പക്ഷെ, അതിനു മുന്‍പ് തന്നെ അദ്ദേഹം തന്റെ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ അത് തയ്യാറാക്കിയ വ്യക്തിയെത്തന്നെ കൊന്നുതള്ളിയ ഭീകരരാഷ്ട്രം ആ റിപ്പോര്‍ട്ടിന് കീറക്കടലാസിന്റെ വിലപോലും കല്‍പ്പിച്ചില്ല.
ഐക്യരാഷ്ട്രസഭയുടെ ഇത്രയും ഉന്നതനായ ഒരു വ്യക്തിയെ ഇത്രയും ക്രൂരമായി വധിച്ചിട്ട് ഒരിലപോലും ഇളകിയില്ല എന്നത് തങ്ങള്‍ നടത്തുന്ന കടന്നാക്രമണം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇസ്രയേലിനെ പ്രോത്സാഹിപ്പിച്ചു. അതിന്റെ തുടര്‍ച്ചയായി അറബ് രാഷ്ട്രങ്ങളുമായി വെവ്വേറെ വെടിനിര്‍ത്തല്‍ കരാറുകളും പിന്നീട് നിലവില്‍ വന്നു. ഇസ്രയേലുമായി യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ജോര്‍ദ്ദാന്‍ ഈജിപ്തിനെതിരെയും ഈജിപ്ത് ജോര്‍ദ്ദാനെതിരെയും കരുക്കള്‍ നീക്കുകയായിരുന്നു. പരസ്പരം ആരോപണം ഉന്നയിച്ച് യുദ്ധത്തില്‍ നിന്നും പിന്മാറി ഇസ്രയേലുമായി സന്ധിയിലെത്തുവാന്‍ ഇരു രാഷ്ട്രങ്ങളും അണിയറയില്‍ ശ്രമിക്കുകയായിരുന്നു. ഇതിനുവേണ്ടിയുള്ള ജോര്‍ദ്ദാന്റെ ശ്രമങ്ങള്‍ പുറത്തായപ്പോള്‍ അറബ് ഐക്യത്തെ ജോര്‍ദാന്‍ തുരങ്കം വെച്ചു എന്ന് പറഞ്ഞ് ഈജിപ്ത് യുദ്ധത്തില്‍ നിന്നും പിന്മാറി. 1949 ഫെബ്രുവരി 29ന് അവര്‍ ഇസ്രയേലുമായി കരാറിലെത്തി. തുടര്‍ന്ന് മറ്റു രാഷ്ട്രങ്ങളും ഇതുതന്നെ പിന്തുടര്‍ന്നു.
ഇങ്ങനെ തങ്ങള്‍ ആദ്യപടിയായി ആഗ്രഹിച്ചതെല്ലാം നേടി എന്നു വന്നപ്പോള്‍ ഇസ്രയേല്‍ യുദ്ധം താല്‍കാലികമായി നിറുത്തി. ഇത്തരമൊരു പരിസമാപ്തിക്കായി എല്ലാവിധ സൌകര്യങ്ങളും ചെയ്തുകൊടുത്തു. തങ്ങള്‍ക്കുവേണ്ടി അറബ് മേഖലയെ ഭരിക്കാന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രം നിലവില്‍ വന്നു എന്നുറപ്പായപ്പോള്‍ സാമ്രാജ്യത്വ അച്ചുതണ്ട് മറനീക്കി പുറത്തുവന്നു. 1950 ഏപ്രിലില്‍ ബ്രിട്ടന്‍ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ചു. മെയ് മാസത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവര്‍ അറബ് മേഖലയുടെ ശാശ്വത ശാന്തിക്കായി എന്തു ചെയ്യുന്നുവെന്ന് ആലോചിക്കാന്‍ ഒരു യോഗം ചേര്‍ന്നു. തുടര്‍ന്ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കപ്പെട്ടു. ഈ മേഖലയില്‍ ഇനി മേലില്‍ ആയുധം പ്രയോഗിക്കുന്നതിനും ആയുധപ്രയോഗമെന്ന ഭീഷണി ഉയര്‍ത്തുന്നതിനും തങ്ങള്‍ അങ്ങേയറ്റം എതിരാണ് എന്ന്!
ഈ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം ഇതായിരുന്നു: തങ്ങള്‍ ഉദ്ദ്യേശിച്ച ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നു കഴിഞ്ഞു. അത് ആയുധബലം ഒന്നു കൊണ്ട് മാത്രമാണ് തങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചിരിക്കുന്നത്. അതിനെതിരെ അന്താരാഷ്ട്രപ്രമാണങ്ങളുടെയും ജനാധിപത്യ നടപടി ക്രമങ്ങളുടെയും പേരു പറഞ്ഞ് പലസ്തീന്‍ ജനതയില്‍ നിന്നും അറബ് ലോകസമൂഹത്തില്‍ നിന്നും വെല്ലുവിളികള്‍ ഉയരാന്‍ സാധ്യതയുണ്ട്. ആ നടപടി ഇപ്പോള്‍ നടന്നതുപോലെയുള്ള പ്രതീകാത്മക യുദ്ധമായിരിക്കണമെന്നില്ല. ഇസ്രയേലിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തുന്ന ഏതൊരു യുദ്ധത്തെയും തങ്ങള്‍ എതിര്‍ക്കും.
അങ്ങനെ 1950 തുടങ്ങുന്നതിനു മുന്‍പു തന്നെ ലോകരാഷ്ട്രീയ ഭൂപടത്തില്‍ നിന്നും പലസ്തീന്‍ എന്ന രാജ്യത്തെയും അതിലെ ജനതയെയും ഇല്ലായ്മ ചെയ്തു. ലോകയുദ്ധാനന്തര ലോകത്ത് അറബ് മേഖല ഭരിക്കേണ്ടുന്ന പോലീസിനെ ഉറപ്പിച്ചും സാമ്രാജ്യത്വം ആദ്യവിജയം ആഘോഷിച്ചു.
*