Wednesday, June 11, 2008

പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍

ഡീക്കന്റെ ബ്ലോഗില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ ലേഖനം വീണ്ടും വായിച്ചപ്പോള്‍ നല്ല തമാശ തോന്നി. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ലേഖനം “അവനവന്‍ പാര” എന്ന വിശേഷണത്തിനു അര്‍ഹമാണ്. വിമര്‍ശനാത്മകമായി വായിച്ചാല്‍ (അങ്ങിനെ പറയാമോ എന്തോ?) ലേഖനം തിരിഞ്ഞുകൊത്തുന്ന അവസ്ഥയാണെന്ന് മനസ്സിലാകും.

"യുക്തിചിന്തയും ചരിത്രബോധവും രാഷ്ട്രീയവീക്ഷണവും ഉള്‍ക്കൊള്ളുന്നതായിരിക്കണം പൗരബോധം." എന്ന് പാഠ്യപദ്ധതി ചട്ടക്കൂടില്‍ പറഞ്ഞിരിക്കുന്നതിനെതിരെയാണ് ആദ്യവിമര്‍ശനം. എത്ര തിരിച്ചും മറിച്ചും നോക്കിയിട്ടും മേല്‍പ്പറഞ്ഞ വാചകത്തിലെ കുഴപ്പം മനസ്സിലായില്ല. ഇതൊന്നും ഇല്ലാത്തതാണ് കുഴപ്പം എന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ട് താനും. പക്ഷെ അച്ചന്‍ പറയുന്നത് “ഈ കാഴ്ചപ്പാടിനു പിന്നിലെ പ്രത്യയശാസ്ത്രനിറം ആര്‍ക്കാണ്‌ മനസ്സിലാകാത്തത്‌.“ എന്നാണ്.

ഇനി അത് ശരി തന്നെ എന്ന് വെക്കുക. യുക്തി ചിന്തയും ചരിത്രബോധവും രാഷ്ട്രീയവീക്ഷണവും ഉള്‍ക്കൊള്ളുന്ന പൌരബോധത്തിനു വേണ്ടിയാണ് സഭ നിലകൊള്ളുന്നതെങ്കില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയിലേക്കാണല്ലോ സമൂഹം വളരുന്നത് എന്ന് കരുതി സന്തോഷിക്കുകയല്ലേ ചെയ്യുക? അതിനു പകരം എതിര്‍ക്കുമ്പോള്‍ തന്റെ പൂച്ച് വെളിച്ചത്താക്കിക്കൊണ്ട് സ്വന്തം “പ്രത്യയശാസ്ത്ര നിറം” വെളിവാക്കുക തന്നെയാണ് അച്ചന്‍ ചെയ്യുന്നത്.

അടുത്ത വിമര്‍ശനം ..

"ജാതിമത സംഘടനകളുടെ വിദ്യാഭ്യാസരംഗത്തുള്ള മൗലികവാദപരമായ ഇടപെടലുകള്‍, കുട്ടികളില്‍ മതമൗലികവാദം അടിച്ചേല്‍പിക്കാനുള്ള പ്രവണത, അതിന്റെ ഫലമായി വിദ്യാര്‍ത്ഥികളില്‍ രൂപപ്പെട്ടുവരുന്ന ജാതീയവും മതപരവുമായ അസഹിഷ്ണുത, ജനാധിപത്യപ്രക്രിയകളോടുള്ള അരാജകത്വ സ്വഭാവമുള്ള വിമുഖത, വര്‍ദ്ധിച്ചുവരുന്ന അസമത്വം, ആക്രമണോത്സുകത, വിപണി കേന്ദ്രീകൃതമായ പുത്തന്‍ ആത്മീയത, ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍, സ്ത്രീ - പുരുഷ ബന്ധങ്ങളില്‍ സംഭവിക്കുന്ന മൂല്യച്യുതി, അന്ധമായ ധനതൃഷ്ണ, വളര്‍ന്നുവരുന്ന ഗുണ്ടാ-മാഫിയാ സംസ്ക്കാരം, ലഹരി പദാര്‍ത്ഥങ്ങളോട്‌ യുവത്വം പ്രകടിപ്പിക്കുന്ന അമിതാസക്തി, സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള പ്രവണത തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങള്‍ വളര്‍ന്നുവരുന്ന തലമുറയെ ശരിയായ ദിശയില്‍ വിദ്യാഭ്യാസം നല്‍കി വളര്‍ത്താന്‍ പ്രേരണ നല്‍കുന്നു."

അച്ചന്‍ പറയുന്നത് “കേരള വിദ്യാഭ്യാസചട്ടക്കൂട്ടിലെ മേലുദ്ധരിച്ച കാര്യം വ്യക്തമാകുന്നത്‌ സാമൂഹ്യതിന്മകള്‍ക്കും അസമത്വത്തിനും കാരണം മതവും മതാത്മകമൂല്യങ്ങളുമാണെന്നാണ്.“ മൌലികവാദപരമായ, മൌലികവാദം എന്നൊക്കെ ആവര്‍ത്തിച്ച് പറഞ്ഞിരിക്കെ, അങ്ങിനെയൊരു ഇടപെടല്‍ തങ്ങള്‍ നടത്തുന്നില്ല എങ്കില്‍, മൌലിക വാദം അടിച്ചേല്‍പ്പിക്കുന്നില്ല എങ്കില്‍ അച്ചനെന്തിനു വ്യാകുലപ്പെടണം? മറ്റുള്ള വാക്കുകളോടുള്ള എതിര്‍പ്പിനെയും ഈ തരത്തില്‍ വായിച്ച് നോക്കുക. സമൂഹത്തില്‍ നെഗറ്റീവ് ആയ സ്വാധീനം ചെലുത്തുന്ന കാരണങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനത്തെ തങ്ങള്‍ക്കെതിരെയാണെന്ന മട്ടില്‍ മറുപടി പറയുമ്പോള്‍ പുറത്ത് ചാടുന്നതിനെ പൂച്ച് എന്ന് തന്നെയല്ലേ വിളിക്കുക?

അടുത്തത് നോക്കാം.

"പ്രവേശനസമയത്ത്‌ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തുന്നത്‌ നിര്‍ബന്ധമില്ല"

നിര്‍ബന്ധമില്ല എന്നേ പറയുന്നുള്ളൂ. രേഖപ്പെടുത്തിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് പറയുന്നേയില്ല. ഇതിനെ എതിര്‍ക്കുമ്പോള്‍ അച്ചന്‍ പറയുന്നത് എന്താണ്? ജാതിയും മതവും രേഖപ്പെടുത്തിയേ പറ്റൂ എന്നല്ലേ? ജാതിയിലും മതത്തിലും വിശ്വാസം ഇല്ലാത്ത ഒരാള്‍ തന്റെ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തണം എന്ന് അച്ചന്‍ വാശിപിടിക്കുമ്പോള്‍ അതിനെ മുകളില്‍ സൂചിപ്പിച്ച മൌലികവാദം എന്ന് വിശേഷിപ്പിച്ചാല്‍ തെറ്റുണ്ടോ? മതത്തെ നശിപ്പിക്കുന്നേ എന്ന് നിലവിളിക്കുന്നവര്‍ തന്നെ, മതവിശ്വാസമില്ലാത്തവന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നതിനെ എങ്ങിനെ വിശേഷിപ്പിക്കും? മറ്റുള്ളവരില്‍ ആരോപിക്കുന്ന കുറ്റം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് തങ്ങള്‍ തന്നെയാണെന്ന് അറിയാതെയാണെങ്കിലും സമ്മതിക്കുകയല്ലേ ചെയ്യുന്നത്?

അധ്യായം ഒന്ന്‌ 'മണ്ണിനെ പൊന്നാക്കല്‍' എന്ന പാഠത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലെ ചില പദപ്രയോഗങ്ങള്‍ രസകരമാണ്.

“ജാതി(sic) കുടിയാന്‍ ബന്ധത്തിന്റെ പഴകിയ കഥകള്‍“‍, “ശ്രീ. എ.കെ. ഗോപാലന്‍ എന്ന കമ്യൂണിസ്റ്റുകാരനെയും“, “വര്‍ഗസമരം എന്ന കാലഹരണപ്പെട്ട ആശയം“, “1957ലെ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ വിലകുറഞ്ഞ പരിഷ്കാരങ്ങളെ“, തുടങ്ങിയ പദപ്രയോഗങ്ങള്‍ നോക്കുക. കെ.ഇ.ആറിലെ പദപ്രയോഗങ്ങള്‍ക്കെതിരെ ഗോഗ്വാ വിളി മുഴക്കുന്ന ലേഖനത്തിലെയാണിവയെന്ന് ഓര്‍ക്കണം. ഇതിലൊക്കെത്തന്നെ അച്ചന്റെ വ്യക്തമായ രാഷ്ട്രീയം കാണുന്നില്ലേ? ഇതേ പാരയില്‍ തന്നെ ചെങ്ങറ, കുട്ടനാട് തുടങ്ങിയ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളുമുണ്ട്. വ്യക്തമായ പക്ഷം പിടിച്ചുള്ള പരാമര്‍ശങ്ങള്‍. ആ പാഠപുസ്തകത്തിലൊരിടത്തും ഏതെങ്കിലും പ്രത്യേക മതത്തെ ഒരു രീതിയിലും വിമര്‍ശിക്കുന്നതായി അച്ചന്‍ പോലും പറയാത്തപ്പോഴാണ് അച്ചന്‍ തന്നെ ഒരു പ്രത്യേകകക്ഷിയെ തികച്ചും കക്ഷിരാഷ്ട്രീയപ്രസംഗത്തിന്റെ ശൈലിയില്‍ ചെളിയഭിഷേകം ചെയ്യുന്നത്. തങ്ങള്‍ക്ക് എന്തുമാകാം എന്നാണോ ആവോ?

“വര്‍ഗ സമരം എന്ന കാലഹരണപ്പെട്ട ആശയത്തെക്കുറിച്ച്” പഠിപ്പിക്കുക വഴി സമൂഹത്തെ രണ്ട് വിഭാഗമായി തിരിച്ച് തമ്മില്‍ തല്ലിക്കാനുള്ള ശ്രമമാണെന്നും അച്ചന്‍ പറയുന്നുണ്ട്. കാലഹരണപ്പെട്ടതാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ ഒരു കാലത്ത് പ്രസക്തമായിരുന്നു എന്ന് തന്നെയല്ലേ അതിനര്‍ത്ഥം? അങ്ങിനെ പ്രസക്തമായിരുന്ന ഒരു ഭൂതകാലത്തെക്കുറിച്ച് കുട്ടികള്‍ ഒന്നും അറിയേണ്ട എന്നാണോ? ജന്മി കുടിയാന്‍ ബന്ധമെന്നുദ്ദേശിച്ചായിരിക്കും ജാതി കുടിയാന്‍ എന്ന് എഴുതിയത്. പഴകിയതൊന്നും പഠിപ്പിക്കേണ്ട എങ്കില്‍ വേദപഠനക്ലാസുകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്? മതപഠനക്ലാസില്‍ അത്യന്താധുനിക സാങ്കേതികവിദ്യയെക്കുറിച്ചാണോ പഠിപ്പിക്കുന്നത്?

മറ്റു പദപ്രയോഗങ്ങളും നോക്കുക. അതിലെ വിശേഷണ പദങ്ങള്‍ അച്ചന്റെ കൃത്യമായ രാഷ്ടീയം വെളിവാക്കുന്നില്ലേ?

അധ്യായം രണ്ട്‌: മനുഷ്യത്വം വിളയുന്ന ഭൂമിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇങ്ങിനെ.

മലപ്പുറം ജില്ലയിലെ സ്കൂളിലെ അഡ്‌മിഷന്‍ രെജിസ്റ്റര്‍ എടുത്ത് വെച്ച് കുട്ടികളില്‍ ജാതി ചിന്ത വളര്‍ത്തുകയാണെന്നാണ് പരാതി. “ഏത്‌ ജാതിയില്‍ പെട്ടവരായിരുന്നു എന്ന ചോദ്യവും, ജാതീയ വിവേചനത്തിന്റെ പേരില്‍ എതെങ്കിലും കുട്ടികള്‍ ഇന്നും സ്കൂളില്‍ പഠിക്കാതിരിക്കുന്നുണ്ടോ എന്ന ചോദ്യവും യഥാര്‍ത്ഥത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണ്“ എന്നാണ് വിമര്‍ശനം. ലേഖനത്തില്‍ മുന്‍പൊരിടത്ത് ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ല എന്നതിനെ വിമര്‍ശിച്ചവര്‍ തന്നെയാണിത് പറയുന്നത് എന്നോര്‍ക്കണം. “അക്കാലത്ത്‌ ക്രിസ്ത്യന്‍, മുസ്ലീം കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയിരുന്നില്ലാ എന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യവും ഉയരുന്നു“ എന്നും ഇത് വര്‍ഗീയത ആളിക്കത്തിക്കുന്നു എന്ന പരാതിയും ഉണ്ട്. എങ്ങിനെയാണെന്ന് മാത്രം പറയുന്നില്ല. സത്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അന്ന് ഇന്നുള്ള സംരക്ഷണം ഇല്ലായിരുന്നു എന്നും അത് ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍, മുസ്ലീം കുട്ടികള്‍ക്ക്‌ സര്‍ക്കാര്‍ സ്കൂളില്‍ അഡ്മിഷന്‍ കിട്ടാതിരിക്കുമായിരുന്നില്ല എന്നുമല്ലേ കുട്ടികള്‍ മനസ്സിലാക്കുക? ന്യൂനപക്ഷ അനുഭാവം തന്നെയല്ലേ ഇതില്‍ ഉള്ളത്? അത് പോലും സമ്മതിക്കാന്‍ മടിക്കുന്നത് “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” എന്ന രീതിയിലും, അത് സമ്മതിച്ചാല്‍ തങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടു വരുന്ന ന്യൂനപക്ഷ വിരുദ്ധ വാദം പൊളിയും എന്ന ഭീതി കൊണ്ടും അല്ലേ?

ആ ലേഖനത്തിലെ മറ്റു വാദങ്ങളുടേയും സ്ഥിതി ഇത് തന്നെയാണ്. തങ്ങള്‍ക്കാവശ്യമുള്ള ഭാഗം മാത്രം തെരഞ്ഞെടുത്ത് അതില്‍ തങ്ങള്‍ക്ക് ആവശ്യമുള്ളതായ വ്യാഖ്യാനങ്ങള്‍ കുത്തിച്ചേര്‍ത്ത് മതത്തിനെ അപകടപ്പെടുത്തുവാന്‍ പാഠപുസ്തകങ്ങളിലൂടെ ശ്രമിക്കുന്നു എന്ന ഒരു ഫിയര്‍ സൈക്കോസിസ് ഉണ്ടാക്കുക.

ഇതിലെ മറ്റൊരു തമാശ കെ.ഇ.ആര്‍ പരിഷ്കരണത്തിനായി ഉണ്ടാക്കിയ സമിതിയില്‍ പ്രതിപക്ഷ അദ്ധ്യാപക യൂണിയനിലെ ആളുകളും ഉണ്ടായിരുന്നു എന്നതാണ്. അതിനെക്കുറിച്ചൊരു മിണ്ടാട്ടവും ഇല്ല. ഈ ലിങ്കിലെ അവസാന പേജില്‍ ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന വിദഗ്ദരുടേയും വിവിധ സംഘടനാ പ്രതിനിധികളുടെയും വിവരങ്ങളുണ്ട്.

ദേശീയ തലത്തില്‍ നടന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ “കഥ” national curriculum framework for school education—2005 backgrounder എന്ന പേജില്‍‍ കുറെയൊക്കെ വായിക്കാം.

എന്‍.സി.ഇ.ആര്‍.ടിയുടെ ചുമതലയായി അതില്‍ പറയുന്നത് As an apex national agency of education reform, NCERT is expected to review the school curriculum as a routine activity, ensuring the highest standards of rigour and deliberative openness in the process എന്നാണ്. അതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും മാറ്റങ്ങള്‍ വന്നത് എന്ന് നിരവധി തവണ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്.

ലിങ്കില്‍ എന്‍.സി.ആര്‍.ഇ.ടിയുടെ ടെക്സ് പുസ്തകങ്ങള്‍ ഉണ്ട്. അതിലെ ഏഴാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ പുസ്തകത്തിലൂടെ കണ്ണോടിക്കുക. ഓം പ്രകാശ് വാല്‍മീകിയുടെ ആത്മകഥയായ ജൂതന്‍ എന്നതില്‍ നിന്നുള്ള ഭാഗങ്ങള്‍ അതിലുണ്ട്. ദളിതനായിപ്പോയത് കൊണ്ട് മാത്രം സ്കൂള്‍ അടിച്ചുവാരാനും മറ്റും നിര്‍ബന്ധിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അനുഭവവും അതിലുണ്ട്. അവന്‍ എന്തുകൊണ്ട് ഈ അപമാനത്തിനു വിധേയനായി എന്ന ചോദ്യവും. അവന്റെ ജാതിയുടെ പേരില്‍ സ്കൂള്‍ ഹെഡ്‌മാസ്റ്ററും മറ്റും ചേര്‍ന്ന് അവനെക്കൊണ്ട് സ്കൂള്‍ അടിച്ചുവാരുവാന്‍ നിര്‍ബന്ധിച്ചതിനാല്‍ എന്ന ഉത്തരവും. ഇതും നമുക്ക് വേണമെങ്കില്‍ ജാതിചിന്ത വളര്‍ത്തുന്നുവെന്നോ ഉയര്‍ന്ന ജാതിക്കാരെ അധിക്ഷേപിക്കുന്നുവെന്നോ ഒക്കെ വാദിക്കാമല്ലോ അല്ലേ?

പാഠപുസ്തകത്തിലെ സത്യങ്ങള്‍
എന്ന പോസ്റ്റ് കൂടി കാണുക.

18 comments:

മൂര്‍ത്തി said...

ഡീക്കന്റെ ബ്ലോഗില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ ലേഖനം വീണ്ടും വായിച്ചപ്പോള്‍ നല്ല തമാശ തോന്നി. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത ലേഖനം “അവനവന്‍ പാര” എന്ന വിശേഷണത്തിനു അര്‍ഹമാണ്. വിമര്‍ശനാത്മകമായി വായിച്ചാല്‍ (അങ്ങിനെ പറയാമോ എന്തോ?) ലേഖനം തിരിഞ്ഞുകൊത്തുന്ന അവസ്ഥയാണെന്ന് മനസ്സിലാകും...

ശ്രീവല്ലഭന്‍. said...

കുറച്ചു പള്ളിപ്പുസ്തകങ്ങളും, ദേവീ സ്തോത്രങ്ങളും മറ്റു മതങ്ങളുടെ കുറെ പുസ്തകങ്ങളും പഠിപ്പിച്ചു വിട്ടാല്‍ മാത്രം മതിയായിരുന്നു. എന്തിനാ യുക്തിപരമായ് ചിന്തിക്കുകയും, ചോദ്യങ്ങള്‍ ചോദിക്കുകയും ചരിത്രം പഠിക്കുകയും ചെയ്യുന്നത്?

മഞ്ഞച്ചേര said...

ദാണ്ടെ നോക്കിക്കേ മാക്രിയുടെ പടം മഹാത്മാ ഗാന്ധിക്ക് പകരം. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ലേ? ഇവിടെ നോക്കൂ

ബാബുരാജ് ഭഗവതി said...

പത്താം ക്ലാസ്‌ കഴിയുന്ന കുട്ടികള്‍ ഇന്നു തങ്ങളുടെ ഭാവിയെ ബാധിക്കുന്ന വലിയ തീരുമാനങ്ങള്‍ എടുക്കാറുണ്ട്‌. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കുവേണ്ടി അവരുമായി ആലോചിച്ച്‌ മാതാപിതാക്കളാണ്‌ പലപ്പോഴും തീരുമാനമെടുക്കുന്നത്‌.

കുട്ടികളുടെ ഏതു പഠനവും പരിശീലനവും കമ്മിഷന്‍ നിശ്ചയിക്കുന്ന സമയത്തും രീതിയിലുമായിരിക്കണമെന്നത്‌ ഏകാധിപത്യ നിലപാടാണ്‌.

അദ്ദേഹത്തിന്റ് മറ്റൊരു പോസ്റ്റില്‍ നിന്നാണ്. കുട്ടികളുടെ ഭാവിയെതന്നെ വ്യത്യസ്തമായ രീതിയില്‍ ബാധിക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കള്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്നമൊന്നും തോനുന്നില്ല.കുട്ടിക്ക് അതിനുള്ള സ്വതന്ത്രം കൊടുക്കാനും അദ്ദേഹം തയ്യാറല്ല..

ബാബുരാജ് ഭഗവതി said...

അങ്ങിനെ തയ്യാറായിരുന്നുവെങ്കില്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ തീരുമാനം വൈകിക്കണമെന്നു പറയുന്നതിനെ അദ്ദേഹം എതിര്‍ക്കുമായിരുന്നില്ലല്ലോ?
കമ്മീഷനെതിരെ വാളോങ്ങുമായിരുന്നില്ലല്ലോ

പാമരന്‍ said...

well done, maashe.

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

മൂര്‍ത്തി,

കാര്യങ്ങള്‍ വ്യക്തമക്കീയതിന്‍` നന്ദി. 7 ക്ലാസിലെ പഴയ സാമൂഹ്യപാഠ പുസ്തകവും പുതിയതും തമ്മില്‍ ഒന്ന് താരതമ്യപ്പെടുത്തി ഒരു പോസ്റ്റിടാന്‍ സാധിക്കുമോ. ഞാന്‍ ശ്രമിക്കുന്നുണ്ട്‌ പക്ഷെ നടക്കുന്നില്ല. പുതിയ പുസ്തകത്തെപ്പറ്റി സഭയും സര്‍ക്കാരും പരസ്പര വിരുദ്ധമായി സംസാരിക്കുകയും മുഖ്യധാര മാധ്യമങ്ങള്‍ ഏകജാലക സംവിധാനത്തെപ്പറ്റി പാലിച്ച നിശബ്ദത ഇവിടെയും തുടരുന്നതിനാല്‍ ശരിയായ ഒരു അഭിപ്രായം ഉണ്ടാക്കാന്‍ കഴിയുന്നില്ല.

Unknown said...

സഭയുടെ ഏതു് നിലപാടുകളിലും നിഴലിക്കുന്നതാണു് ഇത്തരം പരസ്പരവൈരുദ്ധ്യങ്ങള്‍. അവര്‍ക്കു് വേണ്ടതു് മാത്രം പൊക്കിക്കാണിക്കുക, അല്ലാത്തവയെ ആരും കാണുന്നില്ലെന്ന “ധാരണയില്‍” സൌകര്യപൂര്‍വ്വം കുഴിച്ചുമൂടുക! മറുവശം മനസ്സിലാക്കാന്‍ കഴിയുന്ന നിലയിലേക്കു് മനുഷ്യര്‍ വളര്‍ന്നാല്‍ ആദ്യം‍ ചോദ്യം ചെയ്യപ്പെടുന്നതു്‍ സമൂഹത്തിലെ ഇത്തിക്കണ്ണികളായിരിക്കുമെന്നു് അവര്‍ക്കു്‌ നല്ലപോലെ അറിയുകയും ചെയ്യാം. സഭയുടെ അസ്വസ്ഥതയുടെ കാരണവും മറ്റൊന്നുമല്ല. മനുഷ്യരെ വിഡ്ഢിത്തത്തില്‍ പിടിച്ചു് നിര്‍ത്താനുള്ള സഭയുടെ എന്നല്ല, മറ്റാരുടെയും ശ്രമങ്ങള്‍ ഒരു ജനാധിപത്യസമൂഹം ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണു്.

യൂറോപ്യന്‍സമൂഹത്തെ എത്രയോ നൂറ്റാണ്ടുകള്‍ അന്ധകാരത്തില്‍ പിടിച്ചു് നിര്‍ത്താന്‍ കഴിഞ്ഞ ഒരു “മതശാസ്ത്രത്തെ” നിറുത്തേണ്ടിടത്തു്‌ നിറുത്തിയില്ലെങ്കില്‍ സമൂഹം അതിനു് വലിയ വില നല്‍കേണ്ടിവരും. യൂറോപ്പിനെ രക്ഷപെടുത്താന്‍ സംഭവിച്ചതുപോലുള്ള ഒരു ബോധവത്കരണം നമ്മുടെ നാട്ടില്‍ ഇതുവരെ നടന്നിട്ടില്ല എന്നും നമ്മള്‍ മറക്കരുതു്. ആ അര്‍ത്ഥത്തില്‍ നമ്മള്‍ ഇന്നും ബാല്യദശയിലാണു്‌.

നല്ല ലേഖനം.

കെ said...

മാഷേ,
നല്ല ലേഖനം. ഡീക്കന്റെ പോസ്റ്റുകള്‍ വായിച്ചിട്ട് കുറേക്കാലമായി. അതിനാല്‍ തന്നെ ജീവിതത്തില്‍ ചിരി നിലച്ചോ എന്നൊരു സംശയം. നാട്ടില്‍ പോയപ്പോള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകം തപ്പണമെന്ന് കരുതിയതാണ് നടന്നില്ല. കിരണ്‍ പറഞ്ഞതു പോലെ, സാധിക്കുമെങ്കില്‍ ഒരു പുസ്തകം തപ്പി പഴയതുമായി ഒന്നു താരതമ്യം ചെയ്യാമോ?

മൂര്‍ത്തി said...

പുസ്തകങ്ങള്‍ തപ്പിക്കൊണ്ടിരിക്കുന്നു. കിട്ടിയാല്‍ ഒരു കൈ നോക്കാം എന്നുണ്ട്.

ഡാലി said...

മൂര്‍ത്തിമാഷെ, പാഠപുസ്തകങ്ങള്‍ ആരെങ്കിലും ഒന്നു താരതമ്യം ചെയ്യേണ്ടതാണു്. ബ്ലോഗ് എന്നൊരു മാധ്യമമുള്ളപ്പോള്‍ പ്രത്യേകിച്ചും. ഈ താരതമ്യപഠനത്തിനു എന്തു സഹായം വേണമെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാര്‍. മെയില്‍ അഡ്രസ്സ് പ്രൊഫൈലില്‍ ഉണ്ടു്.

ഡാലി said...

മൂര്‍ത്തിമാഷേ, ആ കരികുലം ഫ്രെംവര്‍ക്ക് പിഡിഫ് നൂ വളരെ നന്ദി. പരിഷ്കരണ കമ്മിറ്റിയിലേക്ക് ടീച്ചര്‍മാരെ എടുക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ എല്ലാവരേയും തോല്‍പ്പിച്ചു,ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആള്‍ക്കാര്‍ മാത്രമെ പരിഷ്കരണ കമിറ്റിയില്‍ ഉള്‍പ്പെടുത്തി കെ.ഇ.ആര്‍. പരിഷ്കരിച്ചു എന്ന ആരോപണത്തിന്റെ സത്യം അനേഷിച്ചു നടന്നിരുന്നു കുറച്ചൂസം.

മൂര്‍ത്തി said...

ഞാന്‍ എന്റെ ഒരു അദ്ധ്യാപക സുഹൃത്തുമായി ഈ കമ്പാരിസണ്‍ കാര്യം ഇന്ന് സംസാരിച്ചു. പുള്ളി പറയുന്നത് അത് കൊണ്ട് പ്രയോജനം ഉണ്ടാകുമോ എന്ന് അറിയില്ല്ല എന്നാണ്. 1,3,5,7 ക്ലാസുകളിലെ പുസ്തകങ്ങളാണ് മാറുന്നതെന്നും, ചില വിഷയങ്ങള്‍ താഴത്തെ ക്ലാസുകളിലെ ടെക്സ്റ്റില്‍ നിന്നും മുകളിലത്തെ ക്ലാസുകളിലേക്കും, തിരിച്ചുമൊക്കെ പാഠഭാഗങ്ങള്‍ മാറിയിട്ടുണ്ടെന്നും പുതിയ ടെക്സ്റ്റ് ബുക്കില്‍ പുതിയ തരം അപ്രോച്ച് ആണെന്നുമാണ്. മറ്റൊന്നു കൂടി പുള്ളി പറഞ്ഞു. scert യുടെ ഫ്രെയിം വര്‍ക്കിനു ncertയുടെ പോലും അഭിനന്ദനം കിട്ടിയെന്നും, പ്രാദേശികമായ പ്രത്യേകതകള്‍/വ്യത്യാസങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഈ കരിക്കുലം ഫ്രെയിം വര്‍ക്ക് തയ്യാറാക്കിയിട്ടുള്ളത് എന്നുമാണ്. താഴെ തട്ടില്‍ വരെ നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളൊക്കെ പുസ്തകരൂപീകരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നുമൊക്കെ പറഞ്ഞു.

ഈ കരിക്കുലം പരിഷ്കരണവുമായി സഹകരിച്ചിട്ടുള്ള ആളായത് കൊണ്ട് പുള്ളി ഇത്തിരി ഗുണ്ട് കയ്യില്‍ നിന്ന് ഇട്ടിട്ടുണ്ടാകാമെങ്കിലും മൊത്തം ഗുണ്ടല്ല ഈ പറഞ്ഞത്. :)

എന്തായാലും പുസ്തകങ്ങള്‍ കിട്ടുമോ എന്ന് നോക്കട്ടെ...

ടോട്ടോചാന്‍ said...

അപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
നല്ല ചര്‍ച്ചകളും വിമര്‍ശനങ്ങളും വരട്ടെ.
ശാസ്തരീയമായി തന്നെ എല്ലാത്തിനേയും വിലയിരുത്താന്‍ അത് ഉപകരിക്കും. ഏഴാം ക്ളാസ് പാഠപുസ്തകം കിട്ടാന്‍ ഞാനും നോക്കുന്നു.
തെറ്റുണ്ടെന്നു കണ്ടാല്‍ വിമര്‍ശിക്കുക തന്നെ ചെയ്യും....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മൂർത്തിയുടെ അവസരോചിതമായ ലേഖനം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

കേന്ദ്രത്തിൽ BJP അധികാരത്തിലിരുന്ന കാലത്ത് പാഠപുസ്തകങ്ങളിലൂടെ കാവിവൽക്കരണ ശ്രമങ്ങൾ നടത്തിയെന്ന പരാമർശവും, ഇപ്പോൾ ഇടതു മന്ത്രിസഭ കേരളത്തിൽ നടത്തുന്ന വിദ്യാഭ്യാസ പരിഷ്ക്കരണ ശ്രമങ്ങൾക്കെതിരെ എതിർ ലോബികൾ നടത്തുന്ന വിമർശനങ്ങളും ഒരു കാര്യം വ്യക്തമാക്കുന്നു. ഭരണം ആരുടെ കൈയിലാണൊ അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് വസ്തുതകൾ നിറം പൂശി അവതരിപ്പിക്കലാണിവിടെ നടക്കുന്നത്. അതുകൊണ്ടെന്തു സംഭവിക്കുന്നു, അവരവതരിപ്പിക്കുന്ന നല്ല കാര്യങ്ങളുടെ പ്രസക്തി നഷ്ടപ്പെടുകയും, നിറം പിടിപ്പിക്കലിനെ തുറന്നുകാട്ടി കയ്യടി നേടാൻ എതിർ ലോബികൾക്കു വേണ്ടുവോളം അവസരങ്ങൾ കിട്ടുകയും ചെയ്യുന്നു. അച്യുതാനന്ദന്റെ മുഖമുള്ള കുരങ്ങനും, ഉമ്മൻ ചാണ്ടിയുടെ മൂക്കുള്ള മറ്റൊരു കഥാപാത്രവും മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള കരുക്കളാകുന്നു. സത്യസന്ധമായി നിഷ്പക്ഷമായി വസ്തുതകൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള ഒരു ജനതയുടെ അവകാശമാണ് ഇതിലൂടെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. നേട്ടം കൊയ്യാൻ കഴുകന്മാരെപ്പോലെ രാഷ്ട്രീയക്കാരും, മതാന്ധതയുടെ ദല്ലാൾമാരും വട്ടമിട്ടു പറക്കുന്ന കാഴ്ച അതു കൊണ്ടാണ് നമ്മൾക്കു കണ്ടു നിൽക്കേണ്ടതായി വരുന്നത്.

പിന്നെ അച്ചന്മാർ കുറച്ചു കാലമായി നടത്തിവരുന്ന പരാമർശങ്ങൾ ഒരു ‘മിമിക്രി’ലെവലിലേക്കു താഴ്ന്നിട്ടുണ്ട്. കുഞ്ഞാടുകൾ കൂടെയില്ലെങ്കിൽ അച്ചന്മാർക്കെന്തു പ്രസക്തി? അതിനാൾ അവർ അവരുടെ ‘ജോലി’ ചെയ്യുന്നു എന്നു മാത്രം കരുതിയാൽ മതി.

അനാഗതശ്മശ്രു said...

പാഠ്യപദ്ധതി പുതുക്കിയപ്പോള്‍ ഇഷ്ടപ്പെട്ട ഒരു സം ഗതി...
എന്‍ സി ഇ ആര്‍ ടി യുടെ പുസ്തകങ്ങള്‍ അതേപടി ഹയര്‍ സെക്കണ്ടറിക്കു എടുക്കുന്നു എന്നതാണു...
എന്തിനാ ശാസ്ത്ര വിഷയങള്‍ ക്കു ഒരേ രാജ്യത്തു പല സിലബസ്...
പിന്നെ ലേഖകന്‍ വിട്ടു പോയ ഒരു കവിത..
മോഹനകൃഷ്ണന്‍ കാലടിയുടെ പാലൈസിലെഒരു കവിത ചേര്‍ ത്തതും ..സ്ളേറ്റേ സ്ളേറ്റേ..പെന്സിലേ പെന്‍ സിലേ എന്ന കവിത..
ആ കവിത കാനാതെ കവി പു ക സ കാരന്‍ ആണെന്നും പറഞ്ഞു തുടങിയിരിക്കുന്നു പലരും ..

ea jabbar said...

മതനിരാസം യു ഡി എഫ് കാലത്തും!