വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ ആദ്യ സര്‍ക്കാരിന്റെ കാലത്ത്, അതിലും കൃത്യമായി പറഞ്ഞാല്‍ വിമോചനസമരം എന്ന കുപ്രസിദ്ധമായ(പ്രസിദ്ധമായ എന്ന് ആരും തന്നെ വിശേഷിപ്പിച്ചു കേട്ടിട്ടില്ലെന്നത് പ്രത്യേകം ഓര്‍ക്കുക) സമരം നടക്കുന്നതിന് തൊട്ടുമുന്‍പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണശ്ശേരിക്കെതിരെ ഉണ്ടായ ആരോപണം ഒരു അശ്ലീല കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്നതായിരുന്നു. ആ കഥയുടെ കര്‍ത്താവിന്റെ പേര് വൈക്കം മുഹമ്മദ് ബഷീര്‍ എന്നായിരുന്നു. കഥയുടെ പേര് ബാല്യകാലസഖിയെന്നും. അന്നും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലായിരുന്നു സമരം. വൈക്കം മുഹമ്മദ് ബഷീറിന്റെ അവര്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യം അന്ന് പ്രസക്തമായിരുന്നു. കാരണം ആ കഥാകാരന്റെ രചനകള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ബാല്യകാലസഖിയെന്ന വിശ്വോത്തര സാഹിത്യസൃഷ്ടിയെ എതിര്‍ക്കാനുള്ള ഉളുപ്പ് അവര്‍ക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യം സ്വാഭാവികമായും അന്നത്തെ, വായനയും സര്‍ഗാത്മകതയുമുള്ള സമൂഹത്തില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ടാകുമെന്ന് തീര്‍ച്ച. ഇത് ഒരു പഴയ കഥ.
ഇന്ന് കാലം ഏറെ കഴിഞ്ഞിരിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ അറിയാത്ത, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അറിയാം പക്ഷേ വായിച്ചിട്ടില്ലാത്ത, അതുമല്ലെങ്കില്‍ ഒരു പക്ഷേ തലേക്കുന്നില്‍ ബഷീറിനെയും ഇ.ടി.മുഹമ്മദ് ബഷീറിനെയും മാത്രം അറിയാവുന്ന ഒരു തലമുറ അതേ പാഠപുസ്തക സമരത്തിന്റെ രണ്ടാം ഖണ്ഡം ഏറ്റെടുത്തിരിക്കുകയാണിന്ന്. അവര്‍ മതേതരത്വത്തെക്കുറിച്ച് ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തില്‍ പറഞ്ഞ കര്യങ്ങള്‍ മതവിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് കലാപം നടത്തുന്നു. എന്നുവെച്ചാല്‍ ജോസഫ് മുണ്ടശ്ശേരി പേരിനൊപ്പം തെറി ചേര്‍ത്തുവിളിച്ച് പ്രകടനം നടത്താന്‍ കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥി സംഘടനയാണ് ഈ പുതിയ സമരാഭാസത്തിന് പുറകിലും എന്നു സാരം. മുണ്ടശ്ശേരിയുടെ സാഹിത്യവിമര്‍ശനത്തിനു പാത്രമായവര്‍ പോലും അദ്ദേഹത്തോട് വിനയത്തോടും ബഹുമാനത്തോടും മാത്രമേ പെരുമാറിയിട്ടുള്ളൂ. പക്ഷേ സമരക്കാര്‍ അന്ന് വിളിച്ചത് അങ്ങേയറ്റം അധിക്ഷേപകരമായ മുദ്രാവാക്യമായിരുന്നുവെന്നത് ചരിത്രം.
ഇന്ന് പാഠപുസ്തകങ്ങള്‍ തെരുവിലിട്ട് കത്തിച്ചുകളയുവാന്‍ കഴിയുന്നതും ഇത്തരം മാനസികാവസ്ഥ മൂലമാണ്. കേരളത്തിലെ ഏതെങ്കിലും ഒരു മതസംഘടനയല്ല ഈ പൊറാട്ടുനാടകം(ക്ഷമിക്കണം, പൊറാട്ടുനാടകം ഇപ്പോള്‍ നടക്കുന്ന സമരം പോലെ അത്ര മാന്യതയില്ലാത്ത ഒന്നായിരുന്നില്ലെന്നറിയാം, എങ്കിലും ഒരു പ്രയോഗം എന്ന നിലയില്‍) തുടങ്ങിയത് എന്നതാണ് ഏറെ വിചിത്രം. അത് തുടങ്ങിയത് നെഹ്രുവിന്റേയും ഗാന്ധിയുടേയും പൈതൃകം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനമാണ്. ഏതായാലും ഇവിടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു. തികച്ചും മതനിരപേക്ഷമോ സാമൂഹികമോ ആയ ആദര്‍ശങ്ങള്‍ക്കനുസൃതമായല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മറിച്ച്, ഏതെങ്കിലും മതത്തിന് എവിടെയെങ്കിലും പൊള്ളിയാല്‍ അത് കൂടുതല്‍ മുതലെടുത്തുകൊണ്ടാണ് എന്നതാണത്. ഒരു ജനാധിപത്യരാജ്യത്ത് ഒരു വ്യക്തിക്ക് മതസ്ഥനായി മാത്രമല്ല മതവിമുക്തനായും ജീവിക്കാന്‍ കഴിയുമെന്ന ഭരണഘടനാപരമായ അവകാശത്തെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് എങ്ങനെയാണ് മതവിരുദ്ധമാകുക, മതേതരത്വം എന്നാല്‍ എല്ലാ മതത്തിനും തുല്യപരിഗണന നല്‍കല്‍ എന്നുമാത്രമല്ല ഒരു മതത്തിനുന്‍ അവശ്യമില്ലാത്ത പരിഗണന നല്‍കാതിരിക്കല്‍ എന്നും അര്‍ത്ഥമുണ്ടെന്ന് പഴയ വിമോചനസമരനായകന്മാരുടെ പുതു തലമുറ മനസ്സിലാക്കാത്തതെന്താണ്? വയലാര്‍ രവി മിശ്രവിവാഹിതനാണ്, എ.കെ.ആന്റണി മതവിശ്വാസിയല്ലെന്നും കേള്‍ക്കുന്നു. ഇവര്‍ രണ്ടുപേരും ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നതെന്തുകൊണ്ടാണ്?
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തു വില കുറഞ്ഞ നാടകവും കളിക്കാനുള്ള തൊലിക്കട്ടിയുള്ള ഒരു ആള്‍ക്കൂട്ടമായി ഒരു ജനാധിപത്യ പാര്‍ട്ടിക്ക് എങ്ങനെ മാറാന്‍ കഴിഞ്ഞുവെന്ന ചോദ്യമാണ് സമകാലിക കേരളം ഉയര്‍ത്തേണ്ടത്. കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നവന്റെ ആരംഭശൂരത്വം മാത്രമായിരുന്നു ഈ വിവാദകോലാഹലങ്ങളെന്ന് ഏഴാം ക്ലാസിലെയെന്നല്ല നാലാം ക്ലാസിലെ കുട്ടിക്ക് പോലും ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. കാരണം അവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സുകാരെക്കാളും ചിന്താശേഷിയുണ്ട്. ഇപ്പോള്‍ നടക്കുന്ന പാഠപുസ്തകവിവാദം കൊണ്ട് അതിന്റെ പേരില്‍ നടക്കുന്ന പഠിപ്പ് മുടക്ക് കൊണ്ട് കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന്റെ മക്കളുടെ പഠിപ്പ് മുടങ്ങിയിട്ടില്ല എന്നും ഉറപ്പാണ്. അവരില്‍ എത്ര പേരുടെ മക്കള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്? വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും അത്. പിന്നെ 12000 പാഠപുസ്തകം കത്തിച്ചാലെന്ത്? ക്ലാസ് മുടക്കിയാലെന്ത്?
ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചുവെന്ന കോണ്‍ഗ്രസുകാരന്‍ തന്നെയായ സി.കേശവന്റെ പ്രസിദ്ധമായ പ്രസംഗം കോണ്‍ഗ്രസിന് ഓര്‍മയില്ലെന്നുണ്ടോ? അതു മത വിരുദ്ധമായിരുന്നില്ലേ? ഞാന്‍ മരിച്ചാല്‍ എന്നെ ഒരു മതവിശ്വാസവും അനുസരിച്ച് സംസ്കരിക്കരുതെന്ന നെഹ്രുവിന്റെ മഹത്തരമായ ദര്‍ശനത്തെ അവര്‍ ചര്‍ച്ചകളില്‍ നിന്ന് മനപ്പൂര്‍വം മറന്നുകളയുന്നതെന്താണ്? രാജ്യത്തിന്റെ ഭരണഘടനയില്‍ രാഷ്ട്രത്തെക്കുറിച്ച് പറഞ്ഞ നിര്‍വചനം ജനാധിപത്യ-മതേതര-സോഷ്യലിസ് റിപ്പബ്ലിക്ക് എന്നാണെന്ന ചരിത്രം അറിയാത്ത കോണ്‍ഗ്രസാണോ കേരളത്തിലുള്ളത്? അവരാണോ പാഠപുസ്തകത്തില്‍ സോഷ്യലിസം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശിക്കുന്നത്>
എന്‍.സി.ഇ.ആര്‍.ടിയുടെ സിലബസ് പ്രകാരം നിലനില്‍ക്കുന്ന അതാത് സമൂഹങ്ങളുടെ പ്രാദേശിക ചരിത്രം, അത്ത കാലത്തെ പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തികള്‍, വിവിധ ധാരകള്‍ തുടങ്ങിയ വിവരങ്ങള്‍ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥയെയാണ് കെ.ദാമോദരന്റെയും എ.കെ.ജിയുടേയുമെല്ലാം പേരുകള്‍ ഉദ്ദരിച്ച് സമരക്കാര്‍ അധിക്ഷേപിക്കുന്നത്. അവര്‍ക്ക് ആ സിലബസ് വായിക്കാനുള്ള ക്ഷമ ഇല്ലാത്തതാണോ? പ്രസിദ്ധമായ ചമ്പാരന്‍ സമരം, ബംഗാളിലെ നീലം കര്‍ഷകരുടെ സമരം തുടങ്ങി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പന്‍ നേതൃത്വം നല്‍കിയ ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം അടക്കമുള്ളവയെക്കുറിച്ചും ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണോ എന്ന കാര്യവും കോണ്‍ഗ്രസ് പറയണം.
ഇതിനൊക്കെ കോണ്‍ഗ്രസിന് എന്തു മറുപടിയാണ് പറയാനുള്ളത്? എല്ലാ കാലത്തും ഹിറ്റ്ലറിന്റെയും അലക്സാണ്ടറുടേയും നെപ്പോളിയന്റെയും ചരിത്രം മാത്രം വായിച്ചാല്‍ മതിയെന്ന സങ്കുചിതത്വമാണ് ഇവിടെ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത് എന്ന കാര്യം സമരക്കാര്‍ മറക്കരുത്. ഒപ്പം മത വര്‍ഗീയ കക്ഷികള്‍ക്ക് കൂടുതല്‍ വളം വെച്ചുകൊടുക്കാനാണ് ഈ സമരം കാരണമാകുക എന്ന കാര്യവും വിസ്മരിക്കരുത്.
മതവിരുദ്ധതയെന്നത് ഒരു ക്രിമിനല്‍ കുറ്റമൊന്നുമല്ല എന്ന കാര്യം മതത്തില്‍ വിശ്വസിക്കുന്നതു പോലെ അതില്‍ വിശ്വസിക്കാതിരിക്കാനും അവകാശമുണ്ടെന്ന ഭരണഘടനാപരമായ സത്യം, ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ഇനി മുന്‍കൈ എടുക്കേണ്ടത്.
കോടികളുടെ കള്ളപ്പണവും മറ്റ് അനാശാസ്യങ്ങളും ഒഴുകുന്ന പല സന്ന്യാസി മഠങ്ങളുടേയും ധ്യാനകേന്ദ്രങ്ങളുടെയും വ്യാജ മൌലവിമാരുടേയും യഥാര്‍ത്ഥ മുഖം ജനമധ്യത്തില്‍ വെളിവാക്കപ്പെട്ടതോടെ അവശേഷിക്കുന്ന സ്വത്തുക്കളെങ്കിലും സംരക്ഷിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും വേണ്ടി രൂപപ്പെടുത്തിയ ഒരു അവിശുദ്ധ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് ഈ സമരം എന്നതില്‍ തര്‍ക്കമില്ല.
മുസ്ലീം ലീഗിന്റെയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെയും പുസ്തകം കത്തിക്കല്‍ സമരവീര്യം ജനം അത്ര കാര്യമായെടുക്കുമെന്ന് തോന്നുന്നില്ല. കാരണം പുസ്തകവും എം.എസ്.എഫും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അല്ലെങ്കില്‍ ആറാം ക്ലാസിലെ അറബി പാഠപുസ്തകങ്ങളടക്കമുള്ളവ ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിന്റെ പേരില്‍ കത്തിക്കുമായിരുന്നോ?
മരങ്ങളും കാടുകളുമാണ് മഴ പെയ്യാന്‍ സഹായിക്കുന്നതെന്ന് പറഞ്ഞവരോട് അപ്പോള്‍ കടലില്‍ മഴപെയ്യുന്നതോ, അവിടെ മരമുണ്ടോ എന്ന് ചോദിച്ച ഒരു നേതാവിന്റെ/പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയാണവര്‍. അത് കൊണ്ട് തന്നെ പുസ്തകം കത്തിക്കല്‍ സമരത്തെ വിവരമുള്ള ജനങ്ങള്‍ തിരിച്ചറിയുമെന്ന് തീര്‍ച്ചയാണ്.
എന്നാല്‍ രാജ്യത്തെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഈ സമരാഭാസത്തിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിന് നെഹ്രുവിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ഇനിയെന്താണവകാശം?
(കടപ്പാട്: വി.എസ്.സനോജ്, ജനയുഗം ദിനപ്പത്രം )
കേരള വിദ്യാഭ്യാസം എന്ന ബ്ലോഗ് സന്ദര്‍ശിക്കുകയും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യുമല്ലോ. ഈ ലേഖനം അവിടെയും ഇട്ടിട്ടുണ്ട്. കമന്റുകള്‍ അവിടെ ഇടുമല്ലോ.
Subscribe to:
Post Comments (Atom)
1 comment:
വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ ആദ്യ സര്‍ക്കാരിന്റെ കാലത്ത്, അതിലും കൃത്യമായി പറഞ്ഞാല്‍ വിമോചനസമരം എന്ന കുപ്രസിദ്ധമായ(പ്രസിദ്ധമായ എന്ന് ആരും തന്നെ വിശേഷിപ്പിച്ചു കേട്ടിട്ടില്ലെന്നത് പ്രത്യേകം ഓര്‍ക്കുക) സമരം നടക്കുന്നതിന് തൊട്ടുമുന്‍പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണശ്ശേരിക്കെതിരെ ഉണ്ടായ ആരോപണം ഒരു അശ്ലീല കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്നതായിരുന്നു. ആ കഥയുടെ കര്‍ത്താവിന്റെ പേര് വൈക്കം മുഹമ്മദ് ബഷീര്‍ എന്നായിരുന്നു. കഥയുടെ പേര് ബാല്യകാലസഖിയെന്നും. അന്നും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലായിരുന്നു സമരം. വൈക്കം മുഹമ്മദ് ബഷീറിന്റെ അവര്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യം അന്ന് പ്രസക്തമായിരുന്നു. കാരണം ആ കഥാകാരന്റെ രചനകള്‍ വായിച്ചിട്ടുണ്ടെങ്കില്‍ ബാല്യകാലസഖിയെന്ന വിശ്വോത്തര സാഹിത്യസൃഷ്ടിയെ എതിര്‍ക്കാനുള്ള ഉളുപ്പ് അവര്‍ക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യം സ്വാഭാവികമായും അന്നത്തെ, വായനയും സര്‍ഗാത്മകതയുമുള്ള സമൂഹത്തില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ടാകുമെന്ന് തീര്‍ച്ച. ഇത് ഒരു പഴയ കഥ.
കമന്റുകള്‍ കേരള വിദ്യാഭ്യാസം എന്ന ബ്ലോഗില്‍ ഇട്ടിരിക്കുന്ന ഇതേ നടക്കുന്ന ചര്‍ച്ചയില്‍ ഇടുവാന്‍ അപേക്ഷ.
Post a Comment