Wednesday, June 25, 2008

ഒരു വനിതാ ചാവേറിന്റെ മനസ്സ്

ഹസ്‌ന മാരി എപ്പോഴെങ്കിലും കുടുംബ ഖുറാന്‍ തുറക്കുന്നത് കണ്ടതായി ആരും ഓര്‍ക്കുന്നില്ല. അവള്‍ ഒരിക്കലും പള്ളിയില്‍ പോകാറില്ലെന്നു മാത്രമല്ല പള്ളിയിലെ ഇമാമിനെ ഒരു സ്ത്രീലമ്പടനായാണ് താന്‍ കാണുന്നതെന്ന് അവള്‍ പലപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് തന്നെ മതവിശ്വാസവുമായി ബന്ധപ്പെട്ട തീവ്രവാദമല്ല അന്‍ബാര്‍ പ്രവിശ്യയില്‍ നിന്നുള്ള ഈ ഗ്രാമീണയെ കഴിഞ്ഞ വേനല്‍ക്കാലത്ത് ഇറാഖി ചെക്ക് പോസ്റ്റുകളിലൊന്നില്‍ വെച്ച് സ്വയം പൊട്ടിച്ചിതറുവാന്‍ പ്രേരിപ്പിച്ചത്. അവളുടെ കൂടെ മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും പത്ത് സാധാരണക്കാര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മതം ആവണമെന്നില്ല അവളുടെ പ്രേരകശക്തി, എങ്കിലും വിശുദ്ധ യുദ്ധത്തിന്റെ മുന്നണിയില്‍ വനിതകളെ ഉപയോഗിക്കുക എന്ന പുതിയ രീതിയുടെ സ്വയംസന്നദ്ധയായ ആദ്യ ഇരകളിലൊന്നായിരുന്നു അവള്‍. അധിനിവേശത്തിനു ശേഷം നടന്ന ആയിരത്തോളം ചാവേര്‍ ബോംബാക്രമണങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടത് ഏതാണ്ട് മുപ്പതോളം എണ്ണത്തില്‍ മാത്രമാണെങ്കിലും, അമേരിക്കന്‍- ഇറാഖി ഉദ്യോഗസ്ഥര്‍ പറയുന്നത് അമേരിക്കന്‍ ആക്രമണതന്ത്രത്തിന്റെ നട്ടെല്ലായ സെക്യൂരിറ്റി സംവിധാനങ്ങളെ മറികടക്കുവാന്‍ ജിഹാദി ഗ്രൂപ്പുകള്‍ കൂടുതല്‍ കൂടുതലായി വനിതകളെ ഉപയോഗിക്കുന്നുണ്ട് എന്നാണ്. കഴിഞ്ഞ ഞായറാഴ്ച ബക്കൂബയില്‍ നടന്ന ഒരു വനിതാ ചാവേര്‍ ആക്രമണത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെടുകയും മുപ്പത്തി അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പുരുഷന്മാരും നാലു സ്ത്രീകളും ഉത്തരപടിഞ്ഞാറന്‍ ബാഗ്ദാദിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ കാര്‍ ബോംബാക്രമണം നടത്തിയത്. ഇതില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.

എല്ലാ അവസരങ്ങളിലും, പല തട്ടിലുള്ള സുരക്ഷാസംവിധാനങ്ങള്‍ മറികടന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ വനിതാ ചാവേറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പുരുഷ പോലീസുകാരോ ചെക്ക് പോയിന്റ് ഉദ്യോഗസ്ഥരോ വനിതകളെ പരിശോധിക്കുന്നത് വിലക്കുന്ന ഒരു സംസ്കാരം നിലവിലിരിക്കെ, പോലീസ് സ്റ്റേഷനുകളും മാര്‍ക്കറ്റുകളും പോലുള്ള സുപ്രധാന ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. ഒരു പുരുഷനു എത്തിച്ചേരാമെന്ന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഇടങ്ങളിലേക്ക് ഒരു പരിശോധനയും ഇല്ലാതെ കടന്നു ചെല്ലുവാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

ഒരോ ആത്മഹത്യാ ബോംബറും തന്റെ ജീവിതം അവസാനിപ്പിക്കുന്നത് ഒരേ രീതിയിലായിരിക്കാം, എങ്കിലും അവരുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ഒറ്റക്കഥയില്‍ നിന്നുമാത്രം എന്തെങ്കിലും നിഗമനത്തിലെത്തുന്നത് ബുദ്ധിശൂന്യമയിരിക്കും. എങ്കിലും, ഹസ്‌ന എങ്ങിനെ സ്വയം പൊട്ടിച്ചിതറുവാന്‍ തയ്യാറായി എന്നത് ഇറാഖിലെ സ്ത്രീകള്‍ അകപ്പെട്ടിരിക്കുന്നതായ നിസ്സഹായാവസ്ഥയുടെ വിഷമവൃത്തത്തിലേക്ക് അല്‍പം വെളിച്ചം വീശുവാന്‍ സഹായിക്കും എന്നു തോന്നുന്നു..

ഇപ്പോള്‍ സിറിയയില്‍ ഒളിച്ച് താമസിക്കുന്ന അവളുടെ സഹോദരി സദിയയില്‍ നിന്നും അമ്മ ഷാഫിക്വയില്‍ നിന്നുമാണ് ടൈം ഹസ്‌നയെക്കുറിച്ച് അറിഞ്ഞത്. ( പേരുകള്‍, ഹസ്‌നയുടേതടക്കം സാങ്കല്‍പ്പികമാണ്). അവര്‍ പറഞ്ഞ കഥ ശരിയോ തെറ്റോ എന്നു പരിശോധിക്കുക അസാദ്ധ്യമാണെങ്കിലും, അവര്‍ പറഞ്ഞതിലെ പ്രധാന സംഗതികള്‍ അന്‍ബാറിലെ ഇറാഖി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സംഭവ വിവരണവുമായി ഒത്തുപോകുന്നുണ്ട്. (അമേരിക്കന്‍ സൈന്യം ആകെ സ്ഥിരീകരിക്കാന്‍ തയ്യാറായത് ജൂലൈ 23ന് അഞ്ചാം കിലോമീറ്ററിലെ ചെക്‍പോയിന്റില്‍ ഒരു വനിതാ ചാവേര്‍ ആക്രമണം ഉണ്ടായി എന്നത് മാത്രമാണ്). സദിയയും ഷഫിക്വയും ഒരു അല്‍-ഖ്വൈദ പോരാളി അവര്‍ക്ക് നല്‍കിയ രണ്ട് ഡി.വി.ഡി പരിശോധിക്കുവാന്‍ സമ്മതിച്ചു, അതിന്റെ കോപ്പി എടുക്കുവാന്‍ അനുവദിച്ചില്ലെങ്കിലും. ഒന്നില്‍ ഹസ്‌നയുടെ അന്ത്യ യാത്രാമൊഴിയും, മറ്റൊന്നില്‍ അവളുടെ ദൌത്യത്തിന്റെ ചിത്രീകരണവും ആയിരുന്നു. സ്വന്തം സഹോദരന്റെ മരണം സൃഷ്ടിച്ച ദു:ഖത്താല്‍ ഭ്രാന്തമായ അവസ്ഥയിലെത്തിയ, ഒരിക്കല്‍ അസാമാന്യ മന:ശക്തിയുണ്ടായിരുന്ന ഒരു വനിതയുടെ ചിത്രമാണ് നമുക്ക് കാണാനാവുക.

സഹോദരനായ താമര്‍ 2007 ആദ്യം ഒരു ചാവേര്‍ ആക്രമണത്തിനു സ്വയം സന്നദ്ധനാവുകയായിരുന്നു. ഹസ്‌ന അവനെ സഹായിക്കുകയും. ഫെബ്രുവരിയിലെ ഒരു പ്രഭാതത്തില്‍ താമര്‍ ചെക്ക് പോയിന്റ് അഞ്ചിലേക്ക് സഹജിഹാദികളോടൊത്ത് കാറോടിച്ച് പൊയ്ക്കൊണ്ടിരിക്കെ അബദ്ധത്തില്‍ ബോംബ് പൊട്ടുകയും എല്ലാവരും കൊല്ലപ്പെടുകയുമായിരുന്നു.

ഹസ്‌നയെ ഇത് ദുഖത്തിലാഴ്ത്തി - സഹോദരന്‍ മരിച്ചു എന്നതിലല്ല, മറിച്ച് അവന്‍ ഏറ്റെടുത്ത ദൌത്യം പൂര്‍ത്തിയാക്കാനായില്ലല്ലോ എന്നതായിരുന്നു അവളുടെ ദുഖം. "അവന്റെ മരണവാര്‍ത്ത അവള്‍ പ്രതീക്ഷിച്ചതായിരുന്നു, എങ്കിലും അവന്‍ ഒരു രക്തസാക്ഷിയായി കരുതപ്പെടുകയില്ല എന്നത് അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു." സദിയ പറഞ്ഞു. ഒരാഴ്ചയോളം അവള്‍ ഒരു മുറിയില്‍ കയറി കതകടച്ചിരുന്നു. അവസാനം അയല്‍ക്കാര്‍ അവള്‍ മരിച്ചുവെന്നുറപ്പിച്ച് സദിയയെ വിളിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്ന അവര്‍ കണ്ടത് വിസര്‍ജ്യങ്ങളുടെ നടുവില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഹസ്‌നയെയാണ്. സദിയയുടെ പരിചരണത്താല്‍ ഹസ്‌ന തന്റെ ആരോഗ്യം കുറെയൊക്കെ വീണ്ടെടുത്തു, എങ്കിലും താമറിനു സംഭവിച്ച പരാജയത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അവളെ വേട്ടയാടുകയായിരുന്നു. "അപൂര്‍ണമായ രക്തസാക്ഷിത്വം" എന്നാണവള്‍ അതിനെ വിശേഷിപ്പിച്ചത്. അധികം കഴിയുന്നതിനു മുന്‍പ് തന്നെ അവള്‍ ഒരു തീരുമാനത്തിലെത്തി : സഹോദരന്റെ മാനം കാക്കാനുള്ള ഏക വഴി അവന്‍ പൂര്‍ത്തിയാക്കാതെ പോയ ദൌത്യം പൂര്‍ത്തിയാക്കുക എന്നതാണെന്ന്.

തുടര്‍ന്ന് ഹസ്‌ന ഒരു നിര്‍ദ്ദേശവുമായി തന്റെ സഹോദരന്റെ സഹപ്രവര്‍ത്തകരെ സമീപിച്ചു. അവള്‍ക്കൊരു ബെല്‍റ്റ് സംഘടിപ്പിച്ചുകൊടുക്കാമെങ്കില്‍ കിലോമീറ്റര്‍ 5 അവള്‍ ബോംബായി മാറി തകര്‍ക്കും. അവര്‍ ആദ്യം സംശയിച്ചു ,കാരണം ഒരു വനിതയെ അതു വരെയും ഇത്തരം പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മാത്രമല്ല അവസാന നിമിഷം അവളുടെ മനസാന്നിദ്ധ്യം നഷ്ടപ്പെടും എന്നതവര്‍ക്ക് ഉറപ്പായിരുന്നു. എങ്കിലും അവസാനം അവര്‍ക്ക് ഹസ്നയുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. അങ്ങിനെ അവര്‍ അവളെ ഉന്നത ജിഹാദി തലവന്മാരുടെ അംഗീകാരത്തിനായും ബെല്‍ട്ട് ബോംബ് ഘടിപ്പിക്കുന്നതിനായും സിറിയയിലേക്ക് അയച്ചു. (നിരവധി തവണ അവള്‍ സിറിയ സന്ദര്‍ശിച്ചുവെന്ന് റമാദിയിലെ ഇറാഖി ഉദ്യോഗസ്ഥര്‍ പറയുന്നു.)

അടുത്ത തവണ സദിയ ഹസ്‌നയെ കണ്ടപ്പോള്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയില്‍ അവള്‍ ഒരു തരം ചാപല്യം ബാധിച്ചവളെപ്പോലെ കാണപ്പെട്ടു. സിറിയയില്‍ ഉണ്ടായ അനുഭങ്ങളെക്കുറിച്ച് രസകരമായ കഥകള്‍ അവള്‍ സദിയക്ക് പറഞ്ഞു കൊടുത്തു. സ്ത്രീയെ സ്പര്‍ശിക്കുന്നത് ജിഹാദികളുടെ മതവിശ്വാസം വിലക്കുന്നതിനാല്‍ ബെല്‍ട്ടിനായി എങ്ങിനെ അവളുടെ അളവുകള്‍ എടുക്കും എന്നതിനെക്കുരിച്ച് അവര്‍ക്കൊരു രൂപവും ഇല്ലായിരുന്നു. എങ്കില്‍ തന്റെ ബ്രേസിയര്‍ തരാമെന്നായി അവള്‍. പക്ഷെ ഒരു സ്ത്രീയുടെ അടിവസ്ത്രം സ്പര്‍ശിക്കന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ എന്നത് ഒരു ഇമ്മാമിനോട് ചോദിച്ച് അവര്‍ക്ക് ഉറപ്പു വരുത്തേണ്ടിവന്നുവത്രെ.

അവള്‍ സ്വയം ഒരു ബോംബായി മാറിയ കഴിഞ്ഞ ജൂലായിലെ ആ ദിവസം ചെക്ക് പോയിന്റില്‍ ഏതാണ്ട് നാല്‍പതോളം പോലീസുകാര്‍ ഉണ്ടായിരുന്നു. അതില്‍ ഒറ്റ സ്ത്രീ പോലും ഇല്ലായിരുന്നു. രാവിലെ 9.30ന് ഇളം നിറത്തിലുള്ള ഒരു ഓപ്പല്‍ സലൂണ്‍ ചെക്ക് പോയിന്റിനു ഏതാണ്ട് 100 വാര അകലെ ഒരു സ്ത്രീയെ വിട്ടതിനുശേഷം റമാദിയിലേക്ക് യാത്രയായി. തിളങ്ങുന്ന കറുത്ത ഗൌണും പര്‍ദയും ധരിച്ച കുറിയതും ബലിഷ്ടവുമായ ശരീരമുള്ള സ്ത്രീയെ.

ചെക്ക് പോയിന്റിന്റെ ചുമരുകള്‍ക്ക് സമീപമെത്തിയപ്പോള്‍ അവള്‍ വസ്ത്രം തടഞ്ഞ് വീഴുന്നതായി ഭാവിച്ചു. ദൃക്‍സാക്ഷി വിവരണം അനുസരിച്ച് അവള്‍ ഒരു പോലീസുകാരനെ വിളിക്കുകയും തന്നെ സഹായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ സമീപത്തെത്തിയപ്പോള്‍ അവള്‍ ബോംബിന്റെ ട്രിഗര്‍ വലിക്കുകയും രണ്ട് പൊലീസുകാരും തല്‍ക്ഷണം കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒരു വലിയ തീഗോളം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചെന്ന് പതിക്കുകയും അതിനുള്ളിലുണ്ടായിരുന്നവരെ ഗുരുതരമായി പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.

ഹസ്‌നയുടെ മരണത്തിനു ഒരു ആഴ്ച കഴിഞ്ഞ്, സദിയക്ക് രണ്ട് ഡി.വി.ഡി കള്‍ ലഭിച്ചു. ആ റെക്കോര്‍ഡിങ്ങുകളിലെ സ്ത്രീയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് സദിയ പറയുന്നു. "അത് ഹസ്‌ന തന്നെയാണ്. പക്ഷെ താമര്‍ കൂടെ ഇല്ലാത്ത ഹസ്‌ന. അവന്‍ മരിച്ചപ്പോള്‍ അവള്‍ ഒരു പകുതി വ്യക്തി ആയി മാറിയിരുന്നു. ആ അര്‍ദ്ധവ്യക്തിയെ നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാം." തങ്ങളുടെ മരണമൊഴി രേഖപ്പെടുത്തിവെക്കുക എന്നത് ചാവേര്‍ ബോംബര്‍മാരുടെ ഇടയില്‍ പതിവാണ്. പലതും ജിഹാദി വെബ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യപ്പെടും. പലതിലും ബോംബര്‍മാര്‍ മുഖം മൂടി ധരിച്ച് ഖുറാനില്‍ നിന്നുള്ള വരികള്‍ ചൊല്ലി പ്രാര്‍ത്ഥിക്കുകയും രക്തസാക്ഷിത്വത്തിന്റെ നന്മകളെ പ്രകീര്‍ത്തിക്കുകയും തങ്ങളുടെ എതിരാളികള്‍ (മിക്കവാറും അമേരിക്കയെ) നരകത്തില്‍ പോകട്ടെ എന്ന് ശപിക്കുകയും ചെയ്യും.

ഹസ്‌നയുടെ അവസാന റെക്കോര്‍ഡിങ്ങില്‍ അവള്‍ മുഖം മറച്ചിട്ടില്ല, തലമുടി സ്വതന്ത്രമായി വിടര്‍ത്തിയിട്ടിരിക്കുമയുമാണ്. ക്യാമറയിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് പതറാത്ത ഉറച്ച ശബ്ദത്തില്‍ അവള്‍ സംസാരിക്കുന്നു. സംസാരിക്കുമ്പോള്‍ കുറിപ്പുകളെയൊന്നും ആശ്രയിക്കുന്നില്ലെങ്കിലും റിഹേഴ്സല്‍ നടത്തിയിട്ടുണ്ടെന്ന് തോന്നും. ഒരിക്കല്‍പ്പോലും അവള്‍വാക്കുകള്‍ക്കായി നിര്‍ത്തുന്നില്ല. പതിനഞ്ച് മിനിറ്റ് സംസാരം മുഴുവന്‍ അവളുടെ സഹോദരനെക്കുറിച്ചാണ് - നല്ലൊരു യുവാവായി വളര്‍ന്ന, എന്ത് അനുസരണയുള്ള കുട്ടിയായിരുന്നു അവന്‍, കുടുംബത്തെ സ്നേഹിക്കുകയും അവരുടെ സന്തോഷത്തിനു വേണ്ടി എന്ത് ചെയ്യുവാനും തയ്യാറാകുന്ന നല്ല കുട്ടി. അവന്റെ സ്കൂള്‍ കാലത്തെ സംഭവങ്ങളെക്കുറിച്ചും ചിത്രരചനയിലുള്ള അവന്റെ കഴിവിനെക്കുറിച്ചും, ഇലക്‍ട്രോണിക്‍സ് വസ്തുക്കള്‍ നന്നാക്കുന്നതിലുള്ള മിടുക്കിനെക്കുറിച്ചുമൊക്കെ ഹസ്‌ന സംസാരിക്കുന്നു. " അടുത്തുള്ള ഏത് വീട്ടിലും ഫ്രിഡ്‌ജോ, ടീവിയോ കേടു വന്നാല്‍ അവര്‍ എന്റെ സഹോദരനെയാവും എപ്പോഴും സമീപിക്കുക. അതൊക്കെ ചെയ്യുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തിയിരുന്നു."

മതത്തെയോ രാഷ്ട്രീയത്തെയോ സംബന്ധിച്ച ഒറ്റ വാക്കു പോലും ആ സംഭാഷണത്തില്‍ ഇല്ല, അതു കൊണ്ടായിരിക്കണം അത് ജിഹാദി സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാത്തത്. ഇറാഖിലെ അമേരിക്കന്‍ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു പരാമര്‍ശം മാത്രമെ അതിലുള്ളൂ. "അമേരിക്കക്കാര്‍ ആദ്യം ഗ്രാമത്തില്‍ വന്നപ്പോള്‍ താമര്‍ അതിലെ ഗായകന്റെ ചിത്രം വരയ്ക്കുകയും അത് കമാണ്ടറെ ഏല്‍പ്പിക്കുകയും ചെയ്തു. എത്ര പെട്ടെന്നാണ് അവന്‍ ഈ ചിത്രം വരച്ചതെന്ന് കമാണ്ടര്‍ അത്ഭുതപ്പെട്ടു.'

ഹസ്‌ന ഒരു ചെറിയ പ്രഖ്യാപനത്തോടെ തന്റെ സംസാരം അവസാനിപ്പിക്കുന്നു. " സ്വര്‍ഗത്തില്‍ വെച്ച് ഞാന്‍ അവനുമായി ചേരുവാന്‍ പോകുകയാണ്."

അവളെ ചെക്ക് പോയിന്റിലെത്തിച്ചവരില്‍ ഒരാള്‍ ഷൂട്ട് ചെയ്ത മറ്റേ ഡി.വി.ഡിയില്‍ വികാരഭേദമില്ലാതെ ഹസ്‌ന വാഹനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. തുടര്‍ന്ന് പുറത്തിറങ്ങുന്നതിനു മുന്‍പായി അവള്‍ തന്നെ മുഖകവചം ധരിക്കുകയും ബെല്‍ട്ട് ശരിയാക്കുകയും ചെയ്യുന്നു. "ദൈവം മഹാനാണ് " കാറിലിരുന്നു ഒരാള്‍ മന്ത്രിക്കുന്നു. അവള്‍ പ്രതികരിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യുന്നില്ല. കാര്‍ മടങ്ങിപ്പോകവേ, പിന്നിലെ വാതിലിലൂടെ ഷൂട്ട് ചെയ്ത വീഡിയോ അവള്‍ ചെക്ക് പോസ്റ്റിനു സമീപമെത്തുന്നത് കാണിക്കുന്നു. കാര്‍ ഉയര്‍ത്തുന്ന പൊടിപടലത്തില്‍ അവളെ കാണാതാവുന്നു. ഏതാണ്ട് ഒരു നിമിഷത്തിനുശേഷം ഒരു വെളിച്ചവും സ്ഫോടനശബ്ദവും കറുത്ത പുകയും മാത്രം. "ദൈവം മഹാനാണ്" ക്യാമറാമാന്‍ പറയുന്നു. "ആ ബുദ്ധിയില്ലാത്ത പെണ്ണ് അത് ചെയ്തു."

(ടൈം പ്രസിദ്ധീകരിച്ച The Mind of a Female Suicide Bomber എന്ന ലേഖനത്തിന്റെ പരിഭാഷ)

7 comments:

മൂര്‍ത്തി said...

ടൈം പ്രസിദ്ധീകരിച്ച The Mind of a Female Suicide Bomber എന്ന ലേഖനത്തിന്റെ പരിഭാഷ.

പാമരന്‍ said...

"The stupid woman did it." !!

ചിതല്‍ said...

സഹോദരമാരെയും ഭര്‍ത്താക്കന്മാരെയും നഷ്ടപെട്ട ഇറക്കിലെ ഇല്ലാ സ്ത്രീകളും ഇത് തുടങ്ങിയാ‍ല്‍--വിധവയാകുക എന്നത് ഇറാഖില്‍ ഇന്ന് മരിക്കുന്നതിനു തുല്യമാണെന്ന് --...
അങ്ങനെ അവര്‍ക്ക് തോന്നിയാല്‍, ആരെങ്കിലും തോന്നിപ്പിച്ചാല്‍...........

ഇനിയെങ്കിലും അമേരിക്ക അധിനിവേശം നിറുത്തേണ്ടിയിരിക്കുന്നു.... അല്ലങ്കില്‍ ഇത് വരെ ചെയ്തത് പോലെ ഇനി ബാക്കിയുള്ള ആ വിധവകളെയും സഹോദരിമാരെയും കൊന്ന് തള്ളുക..

Arun Kayamkulam said...

ദയവായി സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗിലൂടൊന്ന് കയറണേ,
അഭിപ്രായം അറിയിക്കണേ
http://kayamkulamsuperfast.blogspot.com/

Inji Pennu said...

ചെച്ന്യായിയിലെ സ്ത്രീ സ്യൂയ്സൈഡ് ചാവേറുകളെ ഓര്‍മ്മ വന്നു...
അവരാണെന്ന് തോന്നുന്നു പര്‍ദ്ദയ്ക്കുള്ളിലെ ആദ്യത്തെ ചാവേറുകള്‍ ?

Kiranz..!! said...

ഒരു ചാവേറിന്റെ വികാരരഹിതമായ അന്ത്യ നിമിഷങ്ങള്‍ ഉള്ള ഒരു ‍ ചിത്രമാണിത്‍ കണ്ടിരുന്നു.ഉഗ്രന്‍.

It shows they are well prepared for the mission and they dont regret for it..!

Rajeeve Chelanat said...

ഒരു ചാവേറിന്റെയും മനസ്സില്‍ മതമല്ല ഉള്ളത്. വ്യക്തമായ വ്യക്തി-രാഷ്ട്രീയ അജണ്ടകളാണുള്ളത്. ആ അജണ്ടക്കുവേണ്ടി അറ്റ കൈ എന്ന നിലയില്‍ സ്വന്തം ജീവന്‍ അര്‍പ്പിക്കേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന സന്ദേഹത്തെയും ദു:ഖത്തെയും നിരാശയെയും മറികടക്കാനായിരിക്കണം അയാള്‍ / അവര്‍ മതബിംബങ്ങളെയും മരണാനന്തരമുള്ള സ്വര്‍ഗ്ഗപദവിയെയുമൊക്കെ സ്വപ്നം കാണുന്നത്.

ഒരു നിമിഷംകൊണ്ട് ചിന്നിച്ചിതറി സ്വയം ഇല്ലാതായി ജീവിതത്തിന്റെ ചെക്ക്‍പോസ്റ്റിനെ സമര്‍ത്ഥമായി മറികടക്കുന്ന ഹസ്‌നാ മാരിമാര്‍ ഭരണാധികാരികളുടെ ഉറക്കം കെടുത്തും. ഏതു ഗ്രീന്‍ സോണിന്റെ സുരക്ഷാകമ്പളത്തിനടിയിലും.

നമ്മുടെ നിലനില്‍പ്പിന്റെ പ്രഹസനത്തെപ്പോലും ആ ചിന്നിച്ചിതറല്‍ നിരന്തരം ചോദ്യം ചെയ്യുമെന്നുറപ്പ്.

ലേഖനം പരിചയപ്പെടുത്തിയതിനു നന്ദി.

അഭിവാദ്യങ്ങളോടെ