Tuesday, April 3, 2007

ഒരു കോര്‍പ്പറേറ്റ് ഫലിതം!

പ്രമുഖ ചിന്തകനായ നോം ചോംസ്കി ആംഗ്ലോ-അമേരിക്കന്‍ കോര്‍പ്പറേറ്റ് നിയമത്തിന് അടിസ്ഥാനമായ ഒരു കോടതി വ്യവഹാരത്തെക്കുറിച്ച് രസകരമായ ഒരു വിവരണം തന്റെ ഇന്റര്‍വ്യൂവില്‍ നല്‍കുന്നു.

ഹെന്‍‌ട്രി ഫോര്‍ഡ് തന്റെ തൊഴിലാളികള്‍ക്ക് അന്ന് നിലവിലുണ്ടായിരുന്നതിനേക്കാള്‍ അല്പം കൂടിയ തുക ശമ്പളമായി കൊടുക്കുവാന്‍ തീരുമാനിക്കുകയാണ്. രണ്ട്‌ കാരണങ്ങള്‍ അതിനുണ്ട്. തിയറി പഠിച്ച് സാമ്പത്തിക വിദഗ്ദന്‍ ആയ ആളല്ല അദ്ദേഹം എന്നത്‌ ഒരു കാരണം. മറ്റൊന്ന് താന്‍ തന്റെ തൊഴിലാളികള്‍ക്ക് ആവശ്യത്തിന് വേതനം കൊടുത്തില്ലെങ്കില്‍ മറ്റുള്ള കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് ആവശ്യത്തിന് വേതനം കൊടുക്കുകയില്ല. അവസാനം തന്റെ ഉല്‍പ്പന്നം വാങ്ങാന്‍ ആരുമുണ്ടാവില്ല എന്ന ചിന്ത.

പക്ഷെ സംഭവം കോടതിയില്‍ എത്തി. 1916 ലൊ മറ്റൊ. ഡോഡ്‌ജ് v/s ഫോര്‍ഡ് എന്ന പേരില്‍ പ്രസിദ്ധമായ ഈ കേസ് ആംഗ്ലോ-അമേരിക്കന്‍ കോര്‍പ്പറേറ്റ് നിയമത്തിന്റെ അടിസ്ഥാനശിലകളിലൊന്നായി.

കേസ് മറ്റൊന്നുമല്ല. തൊഴിലാളികള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ വേതനം കൊടുക്കുകയും, ആവശ്യത്തില്‍ക്കൂടുതല്‍ മെച്ചപ്പെട്ട കാര്‍ ഉണ്ടാക്കുകയും വഴി ഫോര്‍ഡ് തന്റെ കമ്പനിയുടെ ഷെയര്‍ഹോള്‍ഡേഴ്സിനു ലഭിക്കേണ്ടുന്ന ലാഭത്തില്‍ കുറവുണ്ടാക്കി.

കമ്പനിയിലെ രണ്ടു ഷെയര്‍ ഹോള്‍ഡേഴ്സായ ഡോഡ്‌ജ് സഹോദരന്മാരാണ് കേസ് കൊടുത്തത്.

കേസ് അവര്‍ ജയിച്ചു.

കോടതിയുടെ തീരുമാനം ഇതായിരുന്നു. കമ്പനിയുടെ മാനേജ്മെന്റിന് തങ്ങളുടെ ഷെയര്‍ ഹോള്‍ഡേഴ്സിന് ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിക്കൊടുക്കേണ്ട നിയമപരമായ ബാദ്ധതയുണ്ട്. അതാണവരുടെ ജോലി.

കോര്‍പ്പറേഷനുകള്‍ക്ക് വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങല്‍ അന്നേ ഉണ്ടായിരുന്നു എന്ന് ചോംസ്കി. ലാഭവും മാര്‍ക്കറ്റ് ഷെയറിലെ വര്‍ദ്ധനയും മാത്രം ലക്ഷ്യമായ ഒരു തരം രോഗാതുര വ്യക്തിത്വങ്ങള്‍! ഇന്നും ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നത് ആംഗ്ലോ അമേരിക്കന്‍ കോര്‍പ്പറെറ്റ് നിയമമനുസരിച്ച് കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുടെ ബാദ്ധ്യതയാണെന്ന് ചോംസ്കി പറയുന്നു.

ഡോഡ്‌ജ് സഹോദരന്മാര്‍ കേസ് കൊടുത്തതിന്റെ ഉദ്ദേശം എന്തായിരുന്നു?

മറ്റൊന്നുമല്ല...

അവര്‍ക്കൊരു കാര്‍കമ്പനി തുടങ്ങണമായിരുന്നു...

അതാണ് ഡോഡ്‌ജ്, ക്രിസ്‌ലര്‍, ഡൈം‌ലെര്‍-ക്രിസ്‌ലര്‍....അങ്ങനെ പോയ കാര്‍ കമ്പനി

Zmag ലെ മുഴുവന്‍ ഇന്റര്‍വ്യൂ ഇവിടെ

4 comments:

മൂര്‍ത്തി said...

ഒരു കോര്‍പ്പറേറ്റ് ഫലിതം!
പ്രമുഖ ചിന്തകനായ നോം ചോംസ്കി ആംഗ്ലോ-അമേരിക്കന്‍ കോര്‍പ്പറേറ്റ് നിയമത്തിന് അടിസ്ഥാനമായ ഒരു കോടതി വ്യവഹാരത്തെക്കുറിച്ച് നല്‍കുന്ന രസകരമായ ഒരു വിവരണം!

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

സത്യം കയ്‌ക്കുകയും കൈവിരലില്‍ കടിക്കുകയും ചെയ്യുന്ന ഒരു സാധനമാണെന്ന്‌ ഇപ്പോള്‍ 'ദരിദ്രനാരായണന്മാര്‍ക്ക്‌' പുടികിട്ടിയിരിക്കുമല്ലോ? 'ജയ്‌ കോര്‍പ്പറേറ്റ്‌ ഇന്‍ഡ്യാ' എന്ന്‌ വിളിച്ചുകൂവാം.

Siju | സിജു said...

good one

നിമിഷ::Nimisha said...

ബ്ലോഗില്‍‍ നിന്നും കിട്ടുന്ന അറിവുകള്‍!