Tuesday, April 10, 2007

ഒരു ആരോഗ്യദിനം കൂടി കടന്നു പോയി

അങ്ങനെ ഒരു ആരോഗ്യദിനം കൂടി കടന്നുപോയി.

രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതു തന്നെ എന്തുകൊണ്ടും ഉത്തമം. ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടം ചികിത്സകന്റെ മുന്നില്‍ തുറന്നു കൊടുക്കുന്ന അപാരസാദ്ധ്യതകള്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ പുത്തന്‍ നയങ്ങള്‍ ചികിത്സാരംഗത്തു വരുത്തുന്ന മാറ്റങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തപ്പെടേണ്ടതുണ്ട്. വികസിത രാഷ്ട്രങ്ങളുടെ ചുവടുപിടിച്ച് നമ്മുടെ നാട്ടിലും രോഗചികിത്സ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കം നടക്കുന്ന ഈ അവസരത്തില്‍ നാം അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.

നമ്മുടെ നാട്ടിലെ പ്രമാണിമാരെല്ലാം രോഗം വന്നാല്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുകയാണല്ലോ പതിവ്. അമേരിക്കയിലെ ആരോഗ്യരംഗം വളരെ ഉയര്‍ന്ന നിലവാരമുള്ളതാണെന്നാണ് വയ്പ്പ്. കാര്യം ശരിതന്നെ. എങ്കിലും സ്വര്‍ണ്ണക്കട്ടികള്‍ കൈവശം ഉള്ളവനുമാത്രമേ അത് ലഭിക്കൂ എന്നതാണ് വാസ്തവം. അമേരിക്കയിലെ ആരോഗ്യരംഗം ഇന്നു വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെ പനിക്കുള്ള ഗുളിക പോലും കിട്ടില്ല എന്ന അവസ്ഥയുള്ള അവിടെ 46 ദശലക്ഷം ജനങ്ങള്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവരാണത്രെ. ഇതില്‍ത്തന്നെ ആഫ്രിക്കന്‍ വംശജരുടെ അനുപാതം വളരെ കൂടുതലാണ്. വികസിത രാജ്യങ്ങളിലെ ഏറ്റവും മോശം ചികിത്സാരംഗം അമേരിക്കയിലാണെന്നത് വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടായിരിക്കും അല്ലേ? ഗുരുതരമായ അസുഖം ബാധിച്ചാല്‍ ഒരു വിധം ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉള്ളവര്‍ പോലും പാപ്പരായിപ്പോകുന്ന ‘ചികിത്സ’യാണവിടെ.

ആരോഗ്യപരിപാലനം എന്നത് ഒരു ചരക്ക് ആയി കണക്കാക്കപ്പെടുന്നതുകൊണ്ടാണ് ഈയൊരു തലതിരിഞ്ഞ അവസ്ഥയെന്ന് യുണൈറ്റഡ് ഫോര്‍ എ ഫെയര്‍ എക്കണോമിയുടെ(United for a fair economy) എക്സിക്യൂട്ടീവ് ഡയറക്ടറായ മെയ്‌ഷു ലൂയ് അഭിപ്രായപ്പെടുന്നു. ആരോഗ്യപരിപാലനം മിക്കവാറും സ്വകാര്യവത്കരിക്കപ്പെട്ടിട്ടുള്ള അവിടെ ജനങ്ങള്‍ നേരിട്ടോ അവരുടെ തൊഴിലുടമവഴിയോ കമ്പോളം നിശ്ചയിക്കുന്ന നിരക്കിനനുസരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങേണ്ട ഗതികേടിലാണ്. പ്രായമായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ചിലവിന്റെ ഒരു ഭാഗം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും എന്ന്‌ മാത്രം.

ഫാമിലീസ് യുഎസ്‌എ എന്ന സംഘടനയുടെ കണക്ക് പ്രകാരം, ഇന്‍ഷുറന്‍സ്, ഡോക്ടര്‍മാരുടെ ഫീസ്, മരുന്ന്, മറ്റു ചികിത്സാചിലവുകള്‍ എന്നിവക്കൊക്കെയായി സര്‍ക്കാരും ജനങ്ങളും കൂടി 2.3 ട്രില്ല്യണ്‍(അതായത് 2.3 ലക്ഷം കോടി) ഡോളറാണ് ഓരോ വര്‍ഷവും ചിലവഴിക്കുന്നത്. 2007 ഫെബ്രുവരിയില്‍ പ്രസിഡന്റ് ബുഷ് അവതരിപ്പിച്ച 2007- 2008 വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ അരോഗ്യരംഗത്തെ പ്രതിസന്ധികളെപ്പറ്റി സമ്മതിക്കുന്നുണ്ടെങ്കിലും പ്രശ്നപരിഹാരത്തിനു ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നില്ല എന്ന് ഈ സംഘടന അഭിപ്രായപ്പെടുന്നു. മെഡികെയര്‍, മെഡിക്എയ്‌ഡ്, കുട്ടികള്‍ക്കായുള്ള ചികിത്സാ പദ്ധതി എന്നിവക്ക് വകയിരുത്തുന്ന തുകയില്‍ വന്‍ കുറവ് ഏര്‍പ്പെടുത്തുകയാണ് ഭരണകൂടം ചെയ്തതെന്ന്‌ അവര്‍ പറയുന്നു. ഇന്നത്തെ ശരാശരി നിരക്കു വെച്ച് ഒരാള്‍ക്ക് ഒരു വര്‍ഷം 6000 ഡോളര്‍ ആകും ഇന്‍ഷുറന്‍സ് തുക. ആസ്മയോ അതുപോലുള്ള നീണ്ടുനില്‍ക്കുന്ന അസുഖങ്ങളോ ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് തുക ഇരട്ടിയാകുകയോ ഇന്‍ഷുറന്‍സ് തന്നെ നിഷേധിക്കപ്പെടുകയോ ചെയ്യും. പ്രമേഹവും രക്തസമ്മര്‍ദ്ദവുമൊക്കെ ചികിത്സിക്കപ്പെടാതെ പോകുന്നത് ഏറ്റവും കൂടുതല്‍ അമേരിക്കയിലാണ് എന്നുള്ളത് വളരെ വിചിത്രമായ സത്യമാണ്.

വളരെയധികം പണം ചിലവഴിച്ചിട്ടും ചികിത്സയെത്തിക്കാന്‍ കഴിയുന്നവരുടെ എണ്ണം പരിമിതമാണെന്നത് ശ്രദ്ധയര്‍ഹിക്കുന്ന വിഷയമാണെന്ന്‌ ഹെല്‍ത്ത് റിഫോം പ്രോജക്ടിന്റെ കോ-ഡയറക്ടരായ അലന്‍ സാജര്‍ അഭിപ്രായപ്പെടുന്നു.

ഹൈ-ടെക് ചികിത്സയുടെ കാര്യത്തില്‍ കൂടുതല്‍ ‍ശ്രദ്ധയും പ്രാഥമിക ചികിത്സാരംഗത്ത് കടുത്ത‍ അവഗണനയും. അതാണ് സ്ഥിതി. അമേരിക്കന്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും മാത്രം മരുന്നു വാങ്ങണം എന്ന നിര്‍ദ്ദേശം പിന്‍‌വലിക്കണമെന്നും, കാനഡയില്‍ നിന്നും മൊത്തവിലയ്ക്ക് മരുന്ന് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരണമെന്നും ഉള്ള ആരോഗ്യരംഗത്തെ സംഘടനകളുടേയും, തൊഴിലാളി യൂണിയനുകളുടേയും, പ്രാ‍യം ചെന്നവരുടെ സംഘടനകളുടേയുമൊക്കെ ആവശ്യം ആരോഗ്യരംഗത്തെ മറ്റു പലകാര്യങ്ങളുമെന്ന പോലെ കോണ്‍ഗ്രസ്സ് പരിഗണിച്ചിട്ടില്ല. തിരശ്ശീലക്കു പിന്നില്‍, മരുന്നു കമ്പനികളും ആസ്പത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും ഡോക്ടര്‍മാരുടെ സംഘടനകളുമൊക്കെച്ചേര്‍ന്ന് തങ്ങള്‍ക്കനുകൂലമായ ആരോഗ്യനയങ്ങള്‍ കൊണ്ടുവരുന്നതിനുവേണ്ടി(lobbying നു വേണ്ടി) 2005ലും 2006ലും 400 ദശലക്ഷം ഡോളര്‍ ചിലവഴിച്ചതായി, ഈ രംഗം സസൂക്ഷ്മം വീക്ഷിക്കുന്ന ഓപ്പണ്‍ സീക്രട്ട് (The Center for Responsive Politics) വെളിപ്പെടുത്തുന്നു.

ജനങ്ങളെ സഹായിക്കുന്നതിനു പകരം മരുന്നു കമ്പനികളുടെ കെണിയില്‍‌പ്പെട്ട് പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ എന്ന് മെയ്‌ഷു ലൂയ് കുറ്റപ്പെടുത്തുന്നു. സര്‍ക്കാരാകട്ടെ മരുന്നു കമ്പനികള്‍ക്കു നികുതിയിളവുകള്‍ നല്‍കുകമാത്രമല്ല, ആരോഗ്യരംഗത്ത് അവശ്യം വേണ്ട കര്‍ശനമായ നിബന്ധനകള്‍ കൊണ്ടുവരാതിരിക്കുക കൂടി ‍ ചെയ്യുന്നു.

കാര്യമിങ്ങനെയൊക്കെയാണെങ്കിലും 2005ല്‍ ജോണ്‍സണ്‍&ജോണ്‍സണ്‍ 10 ബില്ല്യണ്‍ ഡോളറും ഫൈസര്‍ 8 ബില്ല്യണുമാണ് (ഒരു ബില്ല്യണ്‍ ഡോളര്‍= 100 കോടി ഡോളര്‍/ഏതാണ്ട് 4300കോടി ഇന്ത്യന്‍ രൂപ)ലാഭം കൊയ്തത്. ഫോര്‍ച്യൂണ്‍ മാഗസിന്റെ കണക്കാണിത്. മരുന്നുകമ്പനികളായ പ്രോക്ടര്‍ & ഗാംബിള്‍, മെര്‍ക്, ആംജെന്‍, അബ്ബോട്ട്, ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് ഗ്രൂപ്പ് എന്നിവ 2005ല്‍ അമേരിക്കയിലെ മികച്ച 50 ഫൊര്‍ച്യൂണ്‍ 500 കമ്പനികളില്‍പ്പെട്ടിരുന്നു.

അമേരിക്കയിലെ മേല്‍‌വിവരിച്ച ആരോഗ്യപരിപാലനരീതികളില്‍ നിന്നും തുലോം വ്യത്യസ്തമാണ് പൊതു ആരോഗ്യ വ്യവസ്ഥ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിലെ അവസ്ഥ. ഈ വ്യവസ്ഥയില്‍ ആരോഗ്യപരിപാലനം എന്നത് ഒരു പൌരന്റെ അവകാശമാണ്; ആരുടേയെങ്കിലും ഔദാര്യമല്ല. ഇത് ഓരോ വ്യക്തിക്കും ആരോഗ്യപരിപാലനം ഉറപ്പ് വരുത്തുന്നു. ഇതിന്റെ ചിലവ് വഹിക്കുന്നത് പല രീതികളിലാകാമെന്നു മാത്രം. അര്‍ജന്റീന, ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ക്യൂബ, ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് കിങ്ങ്ഡം, ചൈന, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവ ഈ രീതി അവലംബിച്ചിട്ടുള്ള ചില രാജ്യങ്ങളാണ്. ഇതില്‍ത്തന്നെ ക്യൂബയുടേയും ബ്രിട്ടന്റേയും കാനഡയുടേയും ആരോഗ്യരംഗത്തെക്കുറിച്ചുകൂടി ചെറുതായി പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു.

അമേരിക്കയില്‍ നിന്നും 90 കി.മി. മാത്രം അകലെയുള്ള ക്യൂബയില്‍ വിപ്ലവത്തെത്തുടര്‍ന്ന് വന്ന സര്‍ക്കാര്‍ ആരോഗ്യപരിപാലനം ഏറ്റവും പ്രാധാന്യമുള്ളതാണെന്ന് തീര്‍ച്ചപ്പെടുത്തുകയും അതിനനുസരിച്ച് ഒരു നയം കൊണ്ടുവരികയും ചെയ്തു . ആരോഗ്യമേഖലയുടെ ദേശസാത്ക്കരണം നടപ്പിലാക്കിയിട്ടുള്ള രാജ്യമാണ് ക്യൂബ. ആരോഗ്യപരിപാലനത്തിന്റെ സാമ്പത്തികവും ഭരണപരവുമായ എല്ല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇവിടെ. പ്രതിരോധ ചികിത്സ, ആശുപത്രികളില്‍ കിടക്കുന്നവര്‍ക്കുള്ള പരിശോധന, ചികിത്സ എന്നിവയൊക്കെ സൌജന്യമാണ്. അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണെങ്കിലും ആരോഗ്യപരിപാലനം മുഖ്യ അജണ്ട തന്നെയാണ്. രോഗി-ഡോക്ടര്‍ അനുപാതത്തിന്റെയും(170-1), ശിശു മരണനിരക്കിന്റേയും, ഒക്കെ കാര്യത്തില്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളോടും അമേരിക്കയോടും ഒപ്പം നില്ക്കുന്ന രാജ്യമാണിത്. 2006ല്‍ ബിബിസി ലോകത്തിലെ ഏറ്റവും മികച്ച പൊതുസേവന മേഖലയായി തിരഞ്ഞെടുത്തത് ക്യൂബന്‍ ആരോഗ്യരംഗത്തെയാണ്.

ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ലോകത്തിലെ ഏറ്റവും മികച ആരോഗ്യപരിപാലന സംവിധാനങ്ങളിലൊന്നാണ്. ആരോഗ്യപരിപാലനം എന്നത് ഓരോ പൌരന്റേയും അവകാശമാണെന്നും, സാമ്പത്തിക സ്ഥിതി നോക്കാതെ ഓരോരുത്തര്‍ക്കും അവര്‍ക്കാവശ്യമായ ചികിത്സ ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്നും ഇതിന്റെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്നാണ്. കാനഡയിലേയും സ്ഥിതി വ്യത്യസ്തമല്ല. കനേഡിയന്‍ ഹെല്‍ത്ത് ആക്ട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ആരോഗ്യപരിപാലന സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നു. പൊതു ഫണ്ടില്‍നിന്നും പണം ചിലവഴിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ (Socialised Insurance Schemes) എല്ലാവര്‍ക്കും ആരോഗ്യപരിപാലനം ഇത് ഉറപ്പുവരുത്തുന്നു. 2001ല്‍ ആരോഗ്യപാലനത്തിനായി ചിലവഴിച്ചത് 100 ബില്ല്യണ്‍ ഡോളറാണ്. ജി.ഡി.പി യുടെ 9.5 ശതമാനം ഈ രംഗത്ത് ചിലവഴിക്കുന്നുണ്ട്. സ്വകാര്യ ചികിത്സാ സംവിധാനങ്ങളാണ് ഉത്തമം എന്ന് വാദിക്കുന്നവര്‍, ക്യൂബയിലേയും കാനഡയിലേയും ബ്രിട്ടനിലേയുമൊക്കെ സംവിധാനങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വാദം, ചികിത്സ ലഭിക്കുവാന്‍ കാലതാമസം നേരിടുന്നു എന്നതാണ്.

ഇനി നമുക്ക് നമ്മുടെ കൊച്ചു കേരളത്തിലേക്ക് വരാം.

സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചിട്ടുള്ള പുരോഗതി വികസിത രാഷ്ട്രങ്ങളോടു താരതമ്യം ചെയ്യാവുന്നതാണ്. പ്രതിവര്‍ഷം ഒരാള്‍ക്ക് വെറും 10 ഡോളറിനു തുല്യമായ തുക ചിലവഴിച്ചിട്ടാണ് (അമേരിക്ക ചിലവഴിക്കുന്നത് പ്രതിവര്‍ഷം ഒരാള്‍ക്ക് 3500 ഡോളര്‍) ഈ നേട്ടം എന്നത് എടുത്തുപറയേണ്ടതുണ്ട്. ഇല്ലാത്തവനോട് ആഭിമുഖ്യം പുലര്‍ത്തുന്ന രാഷ്ട്രീയ കാലാവസ്ഥ, സാമൂഹിക പരിഷ്കരണങ്ങളുടേതായ ചരിത്രം, ഉയര്‍ന്ന സാക്ഷരത; പ്രത്യേകിച്ച് സ്ത്രീ സാക്ഷരത, കാര്‍ഷിക പരിഷ്കരണം, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിതരണ സമ്പ്രദായം, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഏതാണ്ട് തുല്യമായി ലഭിക്കുന്ന ചികിത്സാസൌകര്യങ്ങള്‍ ഇവയൊക്കെ ‘കേരള മോഡല്‍” എന്നു വിളിക്കപ്പെടുന്ന ഈ മുന്നേറ്റത്തിനുള്ള കാരണങ്ങളാണ്. എങ്കിലും ഈ രംഗത്ത് നാം പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നു പറയേണ്ടി വരും.

ആരോഗ്യ പരിപാലനം എന്നത് അവകാശമാണെന്നത് മാറി, അത് അങ്ങാടിയില്‍ നിന്നും വിലകൊടുത്തു വാങ്ങേണ്ട ഒരു ചരക്ക് ആയി മാറിക്കൊണ്ടിരിക്കുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടേയും, സര്‍ക്കാര്‍ ആശുപത്രികളുടേയും മെഡിക്കല്‍ കോളേജുകളുടേയുമൊക്കെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിനു പകരം, പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ചുവടു പിടിച്ച് സര്‍ക്കാരുകള്‍ കമ്പോളശക്തികള്‍ക്കായി ഈ രംഗത്ത് നിന്നും പിന്മാറുകയാണെങ്കില്‍ വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയെടുത്തതെല്ലാം ഇല്ലാതാവില്ലേ?

അവലംബം: Zmag ല്‍ അഡ്രിയാന്‍ അപ്പേല്‍ എഴുതിയ ലേഖനം

ഡോ.ഇക്‍ബാലിന്റെ ലേഖനം, വിക്കിപീഡിയ

2 comments:

മൂര്‍ത്തി said...

ആരോഗ്യ പരിപാലനം എന്നത് അവകാശമാണെന്നത് മാറി, അത് അങ്ങാടിയില്‍ നിന്നും വിലകൊടുത്തു വാങ്ങേണ്ട ഒരു ചരക്ക് ആയി മാറിക്കൊണ്ടിരിക്കുകയാണ്. പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ചുവടു പിടിച്ച് സര്‍ക്കാരുകള്‍ കമ്പോളശക്തികള്‍ക്കായി ഈ രംഗത്ത് നിന്നും പിന്മാറുകയാണെങ്കില്‍ വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയെടുത്തതെല്ലാം ഇല്ലാതാവില്ലേ?

Unknown said...

തരക്കേടില്ല. വിഷു ആശംസകള്‍.