Wednesday, April 11, 2007

ഇറാഖിലെ ദുരിതപര്‍വ്വം

നാലു വര്‍ഷത്തെ അധിനിവേശം പൂര്‍ത്തിയായ ഇറാഖില്‍ സാധാരണ ജനങ്ങള്‍ വന്‍ ദുരിതമനുഭവിക്കുകയാണെന്ന് റെഡ് ക്രോസ് സൊസൈറ്റി പറയുന്നു. മൂന്നര വര്‍ഷം മുന്‍പ് ഓഫീസ് ബോംബിട്ട് തകര്‍ക്കപ്പെട്ടെങ്കിലും ഇറാഖില്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സാന്നിദ്ധ്യം ഇപ്പോഴും ഉണ്ട്. civilians without protection - the ever worsening humanitarian crisis എന്നു പേരിട്ട അവരുടെ പുതിയ റിപ്പോര്‍ട്ടില്‍ ഇറാഖി ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രമുണ്ട്.

ഇറാഖിലെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അനുഭവിക്കുന്ന ദുരിതം അസഹനീയമാണെന്ന്‌ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ്സിന്റെ ഡയറക്ടറായ പിയറി (Pierre Kraehenbuehl) പറയുന്നു. ഇറാഖിലെ കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള എല്ലാവരോടും ഇതിലിടപെടാനും പരിഹാരം കാണുവാനും ഈ കമ്മിറ്റി ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഇത് അവരുടെ ബാദ്ധ്യതയാണെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ചന്തയില്‍‌പോയി തിരിച്ചു വരിക എന്നത് പോലും ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള കളിയാണവിടെ.

“പൊട്ടിത്തെറിയില്‍ ചിതറിപ്പോയ അമ്മയുടെ ശരീരത്തിനരുകിലിരുന്ന്‌ അമ്മയെ വിളിച്ച് കരയുന്ന നാലുവയസ്സുകാരനെ ഞാന്‍ കണ്ടു” എന്ന് സഹദ് എന്ന ജീവകാരുണ്യപ്രവര്‍ത്തക പറയുന്നു.

ഇറാഖിലെ ആരോഗ്യമേഖല പാടെ തകര്‍ന്നിരിക്കുന്നതായും, തങ്ങള്‍ അക്രമണത്തിന്റെ ലക്ഷ്യമായേക്കും എന്ന ഭീതിമൂലം ഡോക്ടര്‍മാരും നേഴ്സുമാരും രോഗികള്‍ തന്നെയും ആശുപത്രികളില്‍ ചെല്ലുവാന്‍ ഭയപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശുദ്ധജല വിതരണ, മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളും വൈദ്യുതിവിതരണ സംവിധാനങ്ങളും പാടെ തകര്‍ന്നിരിക്കുന്നുവെന്നും, ഭക്ഷണ ദൌര്‍ലഭ്യവും പോഷകാഹാ‍രക്കുറവും വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

നിഷ്പക്ഷതയ്ക്ക് പ്രസിദ്ധമായ റെഡ് ക്രോസ്സ് ആരേയും ഈ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നില്ല.

പക്ഷെ നമുക്ക് അറിയാം.അല്ലേ?

ഓക്സ്ഫാം എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലെ വാചകങ്ങള്‍ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കാം.

ഇറാഖിലെ അധിനിവേശവും മറ്റു ചില വിദേശനയങ്ങളും അന്യഥാ മികച്ചതായ ബ്രിട്ടന്റെ ഇമേജിന് ഇടിവുണ്ടാക്കി.

അമേരിക്കയുടെയും ബ്രിട്ടന്റേയും ഇറാഖ് നയങ്ങള്‍ പുതിയ ഭീകരതയ്ക്ക് വിത്തുപാകി എന്ന ഓക്സ്ഫോര്‍ഡ് റിസര്‍ച്ച് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള വാചകം കൂടി ഉദ്ധരിക്കുന്നത് അസ്ഥാനത്താവില്ല

അവലംബം: ബിബിസി

5 comments:

Moorthy said...

നാലു വര്‍ഷത്തെ അധിനിവേശം പൂര്‍ത്തിയായ ഇറാഖില്‍ സാധാരണ ജനങ്ങള്‍ വന്‍ ദുരിതമനുഭവിക്കുകയാണെന്ന് റെഡ് ക്രോസ് സൊസൈറ്റി പറയുന്നു

Moorthy said...

യു.എസ്. ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ നിയമമനുസരിച്ച് അമേരിക്കന്‍ സൈനികര്‍ നിലവിലുള്ള 12 മാസത്തിനു പകരമായി 15 മാസം തുടര്‍ച്ചയായി ഇറാഖിലും/അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിക്കണം. അവിടങ്ങളിലെ സൈനികനടപടികള്‍ക്ക് അവശ്യമായ സൈനികരെ ലഭ്യമാക്കാന്‍ വേണ്ടിയാണ് ഈ പുതിയ മാറ്റം.തിരിച്ച് നാട്ടിലെത്തുമ്പോള്‍ ഒരു വര്‍ഷത്തില്‍ക്കുറയാത്ത അവധി ലഭിക്കുമെന്നും പുതിയ നിയമം പറയുന്നു.

ഇത്തിരിവെട്ടം|Ithiri said...

ഒന്നും ചെയ്യാനാവതെ എല്ലാം കേള്‍ക്കേണ്ടി വരുന്ന നിസ്സാഹയത.

ittimalu said...

:(

Moorthy said...

ഇറാഖ് വിഷയത്തില്‍ താല്പര്യമുള്ളവര്‍ക്ക് ഇറാഖിലെ വാര്‍ത്തകളും വിശകലനങ്ങളും പോസ്റ്റ് ചെയ്യുന്ന ഈ ബ്ലോഗ് സന്ദര്‍ശിക്കാം. ഒരു ഇറാഖി ദന്തഡോക്ടറുടേതാണീ ബ്ലോഗ് എന്ന് ആമുഖത്തില്‍‍ കാണുന്നു