Wednesday, April 18, 2007

ശൂന്യാദ്ധ്യാപക വിദ്യാലയങ്ങള്‍

ഭാരതത്തിലെ 9503 പ്രാഥമിക വിദ്യാലയങ്ങളില്‍ ഒരദ്ധ്യാപകന്‍ പോലും ഇല്ലത്രേ.

1,22,355 വിദ്യാലയങ്ങളില്‍ ഒരദ്ധ്യാപകന്‍ മാത്രം.

National University of Educational Planning and Administration പുറത്തിറക്കിയ രാജ്യത്തെ പ്രാഥമിക വിദ്യാലയങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവര റിപ്പോര്‍ട്ടിലാണ് പ്രൈമറി വിദ്യാലയങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ച് വിവരിക്കുന്നത്.

എല്‍.പി യു.പി വിഭാഗങ്ങള്‍ മൊത്തമായെടുത്താല്‍ നിലവാരത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ലോവര്‍ പ്രൈമറി വിദ്യാലയങ്ങളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്. ദല്‍ഹിയും തമിഴ്‌നാടും ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

National University of Educational Planning and Administration രാജ്യത്തെ 11.2 ലക്ഷം ലോവര്‍ പ്രൈമറി/അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളെക്കുറിച്ചുള്ള വിശദമായ ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്. District Information System for Education (DISE) എന്നറിയപ്പെടുന്ന ഇതില്‍ രാജ്യത്തെ എല്ലാ ജില്ലകളിലേയും ലോവര്‍ പ്രൈമറി/ അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നു. യൂനിസെഫിന്റേയും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റേയും (Ministry of Human Resource Development) സഹായത്തോടെയാണ് ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസ സംബന്ധിയായ സ്ഥിതി വിവരക്കണക്കുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുവാന്‍ ഇത് മൂലം കഴിയുന്നു. പണ്ട് ഏഴോ എട്ടോ വര്‍ഷം എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു വര്‍ഷം മതി സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമാക്കുവാന്‍. ജില്ലാതല വിവരങ്ങളാണെങ്കില്‍ മൂന്നോ നാലോ മാസങ്ങള്‍ മതി.

ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ കേരളത്തില്‍ 0.08% മാത്രമാണ് എങ്കില്‍ അരുണാചല്‍ പ്രദേശിലെ വിദ്യാലയങ്ങളില്‍ 48.8 ശതമാനവും ഏകാദ്ധ്യാപക വിദ്യാലയങ്ങളാണ്. വിദ്ധ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം ബീഹാറില്‍ 1:65 ഉം കേരളത്തില്‍ 1:29 ഉം സിക്കിമില്‍ 1:15 ഉം ആണ്. കേരളത്തിലെ 92.29 ശതമാനം വിദ്യാലയങ്ങള്‍ക്കും സ്കൂള്‍ വികസന ഗ്രാന്റ് ലഭിക്കുമ്പോള്‍ ഏറ്റവും കുറച്ച് വിദ്യാലയങ്ങള്‍ക്ക് ഗ്രാന്റ് ലഭിക്കുന്നത് ഗോവ-ദാമന്‍-ദിയുവിലാണ്. 2 ശതമാനത്തില്‍ താഴെ. കേരളത്തിലെ 4 ശതമാനം വിദ്യാലയങ്ങളില്‍ ബ്ലാക്ക് ബോര്‍ഡ് ഇല്ല എന്നും ഇതില്‍ കാണുന്നു.

ശുദ്ധജല ലഭ്യത, കമ്പ്യൂട്ടര്‍ ലഭ്യത എന്നിങ്ങനെ പലതരം സ്ഥിതിവിവരക്കണക്കുകള്‍ പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഈ റിപ്പോര്‍ട്ടുകളില്‍ ഉണ്ട്.

രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളെക്കുറിച്ചുള്ള വിശദവിവരമുള്‍ക്കൊള്ളുന്ന സ്കൂള്‍ റിപ്പോര്‍ട്ട് കാര്‍ഡ് ഇവിടെ.

2 comments:

മൂര്‍ത്തി said...

ഭാരതത്തിലെ 9503 പ്രാഥമിക വിദ്യാലയങ്ങളില്‍ ഒരദ്ധ്യാപകന്‍ പോലും ഇല്ലത്രേ.1,22,355 വിദ്യാലയങ്ങളില്‍ ഒരദ്ധ്യാപകന്‍ മാത്രം.National University of Educational Planning and Administration പുറത്തിറക്കിയ രാജ്യത്തെ പ്രാഥമിക വിദ്യാലയങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവര റിപ്പോര്‍ട്ടിലാണ് പ്രൈമറി വിദ്യാലയങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ച് വിവരിക്കുന്നത്

santhosh balakrishnan said...

മൂര്‍ത്തിജി..

ശരിക്കും ഞെട്ടീക്കുന്ന വിവരങള്..
കേരളത്തിന്റെ അവസ്ഥ വച്ച്‌ ഇക്കര്യം സങ്കല്‍പ്പിക്കാന്‍ തന്നെ പ്രയാസം..

നമ്മള്‍ എത്രയൊക്കെ കുറ്റം പറഞാലും കേരളം ഇതുവരെ ഭരിച്ഛവരെക്കുറിച്ഛ്‌ അല്‍പ്പം ബഹുമാനം തോന്നുന്നത്‌ ഈ കണക്കുകള്‍ അറിയുംബോഴാണ്.

ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമ്മള്‍ പിന്നിലാണ്.പക്ഷേ പ്രാഥമിക വിദ്യാഭ്യാസം താല്‍പ്പര്യ്മുള്ള എല്ലവര്‍ക്കും ഇവിടെ കിട്ടുന്നുണ്ട്‌.

ഈ വിവരങള് ശ്രദ്ധയില്‍ പെടുത്തിയ താങ്കളുടെ പോസ്റ്റിന് നന്ദി..