Monday, April 23, 2007

പുസ്തകങ്ങളിലേക്ക് ... ഗൃഹാതുരമായ ഒരെത്തിനോട്ടം

ഏപ്രില്‍ 23 - ലോകപുസ്തകദിനം

യുനെസ്കോയുടെ ആഹ്വാനപ്രകാരം 1996 മുതല്‍ ഈ ദിനം ലോകപുസ്തകദിനമായി ആചരിക്കുന്നു. ഷേക്സ്പിയറുടെ ജനനവും മരണവും ഏപ്രില്‍ 23ന് ആയിരുന്നു.

തിരക്കുപിടിച്ച ജീവിതരീതിയും ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റവും മലയാളിയുടെ വായനാശീലത്തെ ഇല്ലാതാക്കുന്നുവോ?

ഞാന്‍ വായിച്ചിട്ടുള്ള, എനിക്കിഷ്ടപ്പെട്ട ചില കൃതികളില്‍ നിന്ന് ചിലവരികള്‍ ഈ ദിനത്തിനായി കുറിക്കുന്നു.

നിങ്ങള്‍ക്കിഷ്ടപ്പെട്ട വരികള്‍ നിങ്ങളും കുറിക്കുക.

പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പ് രണ്ട് ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി...അസ്തമയത്തിലാറാടി നിന്ന താഴ്വരയിലെത്തി അവര്‍ നിന്നു...മൂത്ത ബിന്ദു ഇളയ ബിന്ദുവിനോട് ചോദിച്ചു...നീ എന്നെ മറന്നു അല്ലേ?

ഖസാക്കിന്റെ ഇതിഹാസം - ഒ.വി.വിജയന്‍

എല്ലാ‍വരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ടു കൈകളും വിടര്‍ത്തി ഗോളി പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്നു. ഗാലറികളില്‍ അന്‍പതിനായിരം തുപ്പല്‍ വറ്റിയ തൊണ്ടകള്‍ അപ്പോള്‍ നിശബ്ദരായിരിക്കും. ഒരു കാണി മാത്രം ഇടക്ക് മൂന്നു തവണ കൂവും.

ഹിഗ്വിറ്റ - എന്‍.എസ്.മാധവന്‍

അര്‍ശ്ശോരോഗികളുടെ കമ്മ്യൂണ്‍ എന്ന പരിഹാസപ്പേരിലറിയപ്പെടുന്ന, പുരോഗമനവാദികളായ ഇടത്തരക്കാര്‍ താമസിക്കുന്ന, കോളനിയിലെ ചെറിയ വീട്ടില്‍ ഒരു ദുഃഖവെള്ളിയാഴ്ച്ച നാളില്‍ ഞങ്ങള്‍ വീണ്ടും താമസം തുടങ്ങി.

പ്രകൃതി നിയമം - സി.ആര്‍. പരമേശ്വരന്‍

കത്തിപ്പൊട്ടിപ്പൊരിഞ്ഞപ്പൊരികനല്‍ ചിതറും

പട്ടടത്തീയിലമ്പോ

നൃത്തം തത്തിത്തകര്‍ക്കെ, പ്പടകലികയറി

പ്രോഗ്രഹാസം മുഴക്കെ,

ഞെട്ടിത്തൊട്ടില്‍ക്കകത്തിങ്ങലമുറയിടുമി-

പ്പേടിമാറാത്ത പാവം,

കുട്ടിക്കമ്മിഞ്ഞയേകാന്‍ വരിക ദയചുര-

ന്നെന്‍ പെരുങ്കാളിയമ്മേ

ഒരു മുക്തകം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഇന്നലെ രാത്രിയില്‍. പതിവുള്ള മറ്റൊരു പേടിസ്വപ്നത്തിനുവേണ്ടി കാത്തുകിടക്കെ, അപൂര്‍വമായ ചില ഓര്‍മ്മകളുടെ നിറപ്പകിട്ടുള്ള കുപ്പിച്ചില്ലുകള്‍ ചിതറിച്ചുകൊണ്ട് പാണ്ഡവപുരം എന്റെ മനസ്സിലേക്ക് കടന്നു വന്നു.

പാണ്ഡവപുരം - സേതു

പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൌവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച്, പ്രേമോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് - സാറാമ്മയുടെ കേശവന്‍ നായര്‍.

പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീര്‍

ബനിഹാലിലെത്തിയപ്പോള്‍ നേരം രാത്രിയായിരുന്നു. ഹോട്ടലിനു മുന്‍പില്‍ മഖന്‍സിങ്ങ് ബസ് നിര്‍ത്തി. ആളുകള്‍ തിരക്കിട്ട് പുറത്തിറങ്ങിയപ്പോള്‍ അയാള്‍ സ്റ്റിയറിങ്ങിന്റെ മുകളില്‍ തല ചായ്ച്ച് കണ്ണടച്ചു കിടന്നു. എന്തെന്നില്ലാത്ത ഒരു ക്ഷീണവും വല്ലായ്മയും അയാളെ ബാധിച്ചിരുന്നു.

മഖന്‍സിങ്ങിന്റെ മരണം - ടി.പദ്മനാഭന്‍

6 comments:

മൂര്‍ത്തി said...

ഇന്നലെ രാത്രിയില്‍. പതിവുള്ള മറ്റൊരു പേടിസ്വപ്നത്തിനുവേണ്ടി കാത്തുകിടക്കെ, അപൂര്‍വമായ ചില ഓര്‍മ്മകളുടെ നിറപ്പകിട്ടുള്ള കുപ്പിച്ചില്ലുകള്‍ ചിതറിച്ചുകൊണ്ട് പാണ്ഡവപുരം എന്റെ മനസ്സിലേക്ക് കടന്നു വന്നു...
ഏപ്രില്‍ 23. ലോകപുസ്തകദിനം..
പുസ്തകങ്ങളിലേക്ക് ഗൃഹാതുരമായ ഒരു ചെറിയ എത്തിനോട്ടം....

G.MANU said...

pusthakam vidarthia manam...

:)

Harold said...

മൂര്‍ത്തിക്ക് അഭിനന്ദനങ്ങള്‍

എനിക്കിഷ്ട്പ്പെട്ട ചില വരികള്‍ താഴെ ചേര്‍ക്കുന്നു.

"സ്നേഹിക്കയില്ല ഞാന്‍ ‍നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"
-വയലാര്‍

സ്തുതി പാടുക നാം മര്‍ത്യനു
സ്തുതി പാടുക നാം
തന്നയല്പ്ക്കത്തരവയര്‍ നിറയാപ്പെണ്ണിനു
പെരുവയര്‍ നല്‍കും മര്‍ത്യനു
സ്തുതി പാടുക നാം
- അയ്യപ്പപണിക്കര്‍

സ്വാതന്ത്ര്യം
നൊന്തു പെറ്റ കുഞ്ഞിനെ പൊരിച്ചു തിന്നുന്ന അമ്മയുടെ
അലമുറയിടുന്ന ഉദരമായി മാറുമ്പോള്‍
നീതി
വ്യഭിചാരത്തെരുവില്‍ വില്‍ക്കപ്പെടുന്ന മാംസത്തിന്റെ
നിര് വികാരമായ നിശബ്ദതയായി മാറുമ്പോള്‍
കോടതിയുടെ ന്യായവും ഭരണഘടനയുടെ സമത്വവും
വെറും കെട്ടുകഥകള്‍ ആകുമ്പോള്‍
നമുക്കു നമ്മുടെ വചനങ്ങളേയും വാക്കുകളേയും
പ്രത്യയശാസ് ത്രത്തിന്റെ ആവനാഴിയില്‍ മൂര്‍ചകൂട്ടിവക്കാം

-സച്ചിദാനന്ദന്‍

വേണു venu said...

മൂര്‍ത്തിക്കും ഹാറോള്‍ഡിനും നന്ദി.
ഓര്‍മ്മകള്‍‍ക്കു് കുളിര്‍‍ വിതയ്ക്കുന്നതിനു്.:)

വേണു venu said...

മറന്നു പോയി ചിലതു ഞാനും കുറിക്കട്ടെ....
ഇനിയും ഒത്തിരിയുണ്ടു് ഇതെങ്കിലും ഇവിടെ കിടക്കട്ടെ.
ആരാണു ഗാന്ധി
നിഴല്ച്ചുള്ളിയൂന്നി ചരിത്രത്തിലെങ്ങോ നടന്നവന്
താന് തീര്ത്ത വറചട്ടിയില് വീണു താനേ പുകഞ്ഞവന്
വെറുതെ കിനാവിന്റെ കഥകള് പുലമ്പിയോന്
കനവായിരുന്നുവോ ഗാന്ധി
കഥയായിരുന്നുവോ ഗാന്ധി
നാള്വഴിയിലിവനിന്നു നാമമില്ല
നാട്ടുനടവഴിയിലീ ഉരുവമോര്മ്മയില്ല
എന്നാലുമെന് നിലവിളിക്കുള്ളിലെകണ്ണീരിലൂറുന്നു ഗാന്ധി
......................
പങ്കിട്ട മണ്ണിന്റെ മുറിവിലെ ഉണങ്ങാത്ത നോവില് തിളയ്ക്കുന്നു ഗാന്ധി
(ഗാന്ധി - പ്രൊഫ.മധുസൂദനന് നായര്
==============================================
എല്ലാവര്ക്കും തിമിരം, നമ്മള്ക്കെല്ലാവര്ക്കും തിമിരം
മങ്ങിയ കാഴ്ചകള് കണ്ടു മടുത്തു കണ്ണടകള് വേണം
രക്തം ചീന്തിയ ചുവരുകള് കാണാം
അഴിഞ്ഞ കോല കോപ്പുകള് കാണാം
കത്തികള് വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപ്പുക പൊന്തും തെരുവില്
പാതികാല്വിറ കൊള്വതുകാണാം
ഒഴിഞ്ഞകോണില് ഒളിഞ്ഞിരിക്കും
കുരുന്നു ഭീതി കണ്ണുകള് കാണാം
................................
പൊട്ടിയ താലിച്ചരടുകള് കാണാം
പൊട്ടാ മദ്യക്കുപ്പികള് കാണാം
പലിശപ്പട്ടിണി പടി കേറുമ്പോള്
പുറകിലെ മാവില് കയറുകള് കാണാം
(കണ്ണട _- മുരുകന് കാട്ടാക്കട)

================================
ഓരോ ശിശുരോദനത്തിലും കേള്പ്പു ഞാന്
ഒരുകോടി ഈശ്വരവിലാപം
ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാന്
ഒരുകോടി ദേവനൈരാശ്യം
ജ്ഞാനത്തിനായ് കുമ്പിള് നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ജൈത്യ ന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അര്ത്ഥിയില് വര്ണ്ണവും വിത്തവും തപ്പുന്നു
ഉമിനീരിലെരിനീരിലെല്ലാം ദഹിക്കയാണ്്
ഊഴിയില് ദാഹമേ ബാക്കി
..............................
അറിയാതെ ആശിച്ചു പോകുന്നു ഞാന്
വീണ്ടുമൊരുനാള് വരും
എന്റെചുടലപ്പറമ്പിനെ തുടതുള്ളുമീ
സ്വാര്ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അഴലില് നിന്ന്
അമരദീപം പോലെ ആത്മാക്കളിഴചേര്ന്ന്
ഒരദ്വൈത പത്മമുണ്ടായ് വരും
(നാരായണത്തുഭ്രാന്തന് -_ പ്രൊഫ. മധുസൂദനന് നായര്)
=========================================
ഇന്നൊരാളിന്റെ നിദ്രയ്ക്ക്
മറ്റെയാള് കണ്ണിമ ചിമ്മാതെകാവല് നിന്നീടണം
നീ ഉറങ്ങുക, ഞാന് ഉണര്ന്നിരിക്കാം
ഓ.എന്.വി

==========================================
കാലമിനിയുമുരുളും
വിഷുവരുംവര്ഷം വരും, തിരുവോണം വരും, പിന്നെ-
യോരോതളിരിനും പൂവരും, കായ്വരും
അപ്പൊളാരെന്നുമെന്തെന്നുമാര്ക്കറിയാം
നമുക്കിപ്പോഴീയാര്ദ്രയെശ്ശാന്തരായ്
സൌമ്യരായെതിരേല്ക്കാം
വരിക സഖിയരികത്തു ചേര്ന്നുനില്ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാമന്യോന്യ-
മൂന്നുവടികളായ് നില്ക്കാം. ഹാ! സഫലമീയാത്ര.
(ഹാ സഫലമീയാത്ര - എന്.എന്.കക്കാട്
==================================
മഴ നനഞ്ഞു നാം വഴിയില്,
മരങ്ങള് പെയ്യുന്ന സായന്തനങ്ങളില്
പ്രണയ വീഥിയില്, വേനലില്, മുള് വഴികളില്

മഴ നനഞ്ഞു നാം പിന്നെയും ദൂരകാലങ്ങളില്
വിരല് കോര്ത്തു, നേര്ക്കു നേര് ഹൃദയ താളം കേട്ടു
തോരാത്ത ചാറ്റല് കാതോര്തു രാവു താണ്ടി

"രാവേറെയായ്, പകല് നമുക്കുള്ളതല്ല..."
ഉറഞ്ഞ സമയ കാലങ്ങളില് നിന്റെ ശബ്ദം,
"ഇനി നാം പിരിയുക!"

മഴയൊതുങ്ങുന്നു,
പെരുമഴയിരമ്പുന്നു നിന്നുള്ക്കണ്ണില്

മഴ നനയുന്നു ദുരിത വഴികളില്, തമസ്സില്, കൊടും ചൂടില്
മസ്തിഷ്ക നാഡി പിളരുന്നൊരുന്മാദ നിശ്ചല ഭ്രമാത്മക വേളയില്

"മഴ പെയ്തില്ല", പണ്ടു പറഞ്ഞു നീ
വിഷാദ സാന്ദ്രം ചോദ്യം, "പെയ്യുമോ?"
"പെയ്യും!", നിന്നു ഞാനഹങ്കാര മൂഢം മുന്നില്
"പ്രിയ വരമേതുമെടുത്തു കൊള്ളുക, സന്തുഷ്ടനായ്!"

പെയ്തു, നിന് ഗാഢ വിഷാദം കുതിര്ന്നു
കുതിര്ന്നു പോവുമപ്പെരുമഴ
പകലിരവില്, ദീര്ഘ മൗനങ്ങലില്, വാചാല വേളയില്
നനഞ്ഞു നനഞ്ഞു നാമലിഞ്ഞു മാഞ്ഞു മാഞ്ഞു പോയ്...

"തരികെനിക്കെന്റെ പ്രിയ വരം
മായ്ക്കുക, മഴയും മരങ്ങളും തണല് വഴികളും
നിഴലും
അകലേക്കകലേക്കു നീ പോവുക,
വ്യഥിത യൗവനം വരിയ്ക്ക!",

തരികിനി വ്യഥ കുടിക്കുമീ വാഗ്ദത്ത ദുരിത കാലം
നിന്നോടോതുക വയ്യ, മറുവാക്കുകള്
കൂട്ടുകാരീ...

മനസ്സിലുറയുന്നൊരുന്മാദ മഞ്ഞത്തടാകം.
അകലെയെവിടെയൊ മഴക്കാറിരമ്പുന്നുവോ,
മഴ നമുക്കുള്ളതല്ലയോ..

Unknown said...

നിലം പതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സ് പോലെ പുതുതായി മറ്റൊരാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്. സമരത്തെ മുന്നോട്ട് നയിക്കുന്ന ഓരോ ധീരയോദ്ധാവും രാമബാണം പോലെ, സഹസ്രങ്ങളായി പെരുകുന്നുമുണ്ട്...
വെയില്‍ ചിന്നുന്നുണ്ട്. ഓര്‍മ്മകള്‍ ഉണരുന്നുണ്ട്. കാക്കകള്‍ കരയുന്നുണ്ട്. കാറ്റ് വീശുന്നുണ്ട്. മരങ്ങള്‍ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്. ചൂഷണം പെരുകുന്നുണ്ട്.
അതു കൊണ്ടുതന്നെ സമരം തുടരുന്നുമുണ്ട്.
യു.പി.ജയരാജന്റെ ‘നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ ‘ഒക്കിനാവയിലെ പതിവ്രതകള്‍’ എനിക്ക് ഇഷ്ടപ്പെട്ട title ആണ്. ഇനിയും ഉണ്ട്..ആശംസകള്‍...