Poverty means working for more than 18 hours a day, but still not earning enough to feed myself, my husband, and my two children.”
കംബോഡിയയിലെ വനിത പറഞ്ഞത്
“When I had to go to work, I used to worry about my child. I
would take him with me to the tobacco field. But my employer objected. Then I would leave him at home, but I still worried about him. But what could I do? I had to earn, and I had no option.”
ഒരു ഇന്ത്യന്‍ വനിതാ തൊഴിലാളി പറഞ്ഞത്
തൊഴിലെടുക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ(ILO) പുതിയ റിപ്പോര്‍ട്ട് തൊഴില്‍ മേഖലയിലെ വര്‍ദ്ധിക്കുന്ന ലിംഗാസമത്വത്തെക്കുറിച്ച് കൃത്യമായ സൂചന നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ തൊഴിലെടുക്കുന്നവരോ, തൊഴില്‍ അന്വേഷിക്കുന്നവരോ ആയ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും കൂലിയിലോ തൊഴില്‍ സാഹചര്യങ്ങളിലോ സ്ത്രീകള്‍ക്കനുകൂലമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് സാര്‍വദേശീയ വനിത ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
ലോകത്തിലെ 290 കോടി തൊഴിലാളികളില്‍ 120 കോടിയാണ് വനിതാ തൊഴിലാളികളുടെ അനുപാതം. പത്തുവര്‍ഷത്തിനു മുന്‍പ് തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 43 ശതമാനം പേരാണ് കൂലിയോ വേതനമോ ഉള്ള ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ഇന്നത് 50 ശതമാനം ആയിട്ടുണ്ട്. ഇത് ഒരു നല്ല വസ്തുതയാണെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് തുച്ഛമായ കൂലിയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അസംഘടിതമേഖലയിലാണ് ഇവരില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്നത്. ആവശ്യമായ നിയമ സുരക്ഷിതത്വമോ സാമൂഹ്യ സുരക്ഷിതത്വമോ ഇല്ലാത്ത അവസ്ഥ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. തൊഴിലെടുക്കുന്ന സ്ത്രീകളില്‍ പകുതിപേരും നേരിട്ട് വരുമാനം ലഭിക്കാത്ത, വീടുമായി ബന്ധപ്പെട്ട തൊഴിലുകളിലോ നാമമാത്രമായ കൂലിയുള്ള പണികളിലോ ആണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നത് ആശങ്കയുളവാക്കുന്ന വസ്തുതയാണ്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ തൊഴില്‍ സാദ്ധ്യതയുടെ കാര്യത്തില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള (15 വയസ്സിനു മുകളില്‍) സ്ത്രീകളില്‍ പകുതിപ്പേര്‍ക്കേ തൊഴില്‍ കിട്ടുന്നുള്ളൂ. ആഫ്രിക്കന്‍ രാജ്യങ്ങളിലും മദ്ധ്യേഷ്യയിലും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഇരുപത് ശതമാനം മാത്രമാണത്രേ. സ്ത്രീ സാക്ഷരതയുടെ കാര്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. എങ്കിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീ ഇക്കാര്യത്തിലും പുറകിലാണ്.
ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ലോകത്തിലെ 80 കോടി ജനങ്ങള്‍ക്ക് ഇന്ന് ഒരു തരത്തിലുള്ള വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല എന്നാണ്.(UNESCO has defined literacy as ‘a person’s ability to read and write, with understanding, a simple statement about one’s everyday life’.) ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണത്രെ. പഠിപ്പു നിര്‍ത്തുന്ന കുട്ടികളില്‍ അറുപത് ശതമാനവും പെണ്‍കുട്ടികളാണ്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നത് ദക്ഷിണ, പശ്ചിമ ഏഷ്യ, ആഫ്രിക്ക, അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ്. അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട് എന്നത് കൂടുതല്‍ നല്ല തൊഴില്‍ ലഭിക്കുവാന്‍ സ്ത്രീകളെ സഹായിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു.
വിദ്യാഭ്യാസം തുടരേണ്ടതിന്റെ ആവശ്യകത ഇത് വെളിവാക്കുന്നുണ്ട്.
സേവനമേഖലയിലെ അവസരങ്ങള്‍ സ്ത്രീകള്‍ക്ക് ഗുണകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 42.4% സേവന മേഖലയിലും, 40.4% കാര്‍ഷികമേഖലയിലും 17.2% വ്യാവസായിക മേഖലയിലുമാണ്. പുരുഷന്മാരുടെ കാര്യത്തില്‍ ഇത് യഥാക്രമം 38.4%, 37.5%, 24% എന്നിങ്ങനെ ആണ്.
ദാരിദ്ര്യ സൂചികയുടെ കാര്യത്തിലും ആശങ്കയുളവാക്കുന്ന ചില കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. സാധാരണയായി ദിവസം 1 ഡോളര്‍ അല്ലെങ്കില്‍ 2 ഡോളറിനു തുല്യമായ വരുമാനമെങ്കിലും ലഭിക്കാത്തവരെയാണ് ദരിദ്രരായി പലരാജ്യങ്ങളിലും കണക്കാക്കുന്നത്. സ്ത്രീകളുടെ ഇടയിലെ ദാരിദ്രത്തെക്കുറിച്ച് പ്രത്യേകം സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമല്ലത്രെ. കാരണം കുടുംബത്തിന്റെ കണക്കാണ് ഇക്കാര്യത്തില്‍ എടുക്കുന്നത്. എങ്കിലും ലഭ്യമായ മറ്റു കണക്കുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ലോകത്തിലെ ദരിദ്രരായ, തൊഴിലില്ലാത്ത ജനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ്. ദാരിദ്ര്യത്തിന്റെ സ്ത്രീവത്ക്കരണം എന്നോ സ്ത്രീകളുടെ ദാരിദ്ര്യവത്ക്കരണം എന്നോ (feminisation of poverty) വിശേഷിപ്പിക്കാവുന്ന അവസ്ഥ.
മറ്റെല്ലാം കാര്യത്തിലുമെന്നപോലെ, ഇക്കാര്യത്തിലും ഏറ്റവും കൂടുതലായി ബാധിക്കപ്പെടുന്നത് സ്ത്രീകള്‍ തന്നെ.
ഏറ്റവും അവസാനം കഴിക്കുകയും ഏറ്റവും കുറച്ച് കഴിക്കുകയും, ഏറ്റവും മോശം ഭാഗം തനിക്കായി മാറ്റിവെക്കുകയുമൊക്കെ ചെയ്ത്, പ്രതിഫലമില്ലാതെ, സ്വന്തം വീട്ടിലെ മൊത്തം ജോലികള്‍ ചെയ്തു തീര്‍ത്ത് നമ്മുടെ ലോകത്തെ നിലനിര്‍ത്തുന്ന ഇവരില്ലായിരുന്നെങ്കില്‍ ......
പിന്‍ കുറിപ്പ്
മാര്‍ച്ച് 8 ആണ് ഐക്യരാഷ്ട്രസഭ ലോക വനിതാദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്. എങ്കിലും അതാത് രാജ്യത്തിന്റെ ചരിത്രപരവും ദേശീയവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് വര്‍ഷത്തിലെ ഏതെങ്കിലുമൊരു ദിനം United Nations Day for Women's Rights and International Peace ആയി ആചരിക്കുവാന്‍ അംഗരാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ 1977ലെ ഒരു പ്രമേയമനുസരിച്ച് അനുമതി നല്‍കിട്ടുണ്ട്.2007 ലെ തീം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അവസാനിപ്പിക്കുക (Ending impunity for violence against women) എന്നതാണ്.
കൂടുതല്‍ വായനയ്ക്ക്
United Nations Develpoment Fund for Women (UNIFEM)ന്റെ റിപ്പോര്ട്ട്അവലംബം: ഏപ്രില്‍ ലക്കം സ്ത്രീശബ്ദം വാരികയിലെ ഒരു കുറിപ്പ്
അവരുടെ ഇമെയില്‍ വിലാസം:aidwakerala at sancharnet dot in