Tuesday, April 10, 2007

ബ്ലോഗ്ഗിങ്ങിനൊരു പെരുമാറ്റച്ചട്ടം?

  • ന്യൂയോര്‍ക്ക് ടൈംസിലെ സാങ്കേതിക വിഭാഗത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ പോസ്റ്റിനാധാരം.

    വിക്കിപീഡിയയുടെ സ്ഥാപകരില്‍ ഒരാളായ ജിമ്മി വെയിത്സും പുസ്തക പ്രസാധകനും web 2.0 ( വിക്കികളും, സാമൂഹിക നെറ്റ്വര്‍ക്കുകളും ഒക്കെ ഉള്‍പ്പെടുന്ന രണ്ടാം തലമുറ വെബ് എന്ന് തല്‍കാലം മനസ്സിലാക്കുക‍) എന്ന പദത്തിന്റെ സ്രഷ്ടാവുമായ ടിം ഓ’ റെയ്‌ലിയും ചേര്‍ന്ന് ബ്ലോഗോസ്പിയര്‍ എന്നറിയപ്പെടുന്ന ബ്ലോഗ് ഉലകത്തിലേക്കായി ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇവിടെ നടക്കുന്ന ചര്‍ച്ചകളുടേയും സംവാദങ്ങളുടേയുമൊക്കെ നിലവാരം ഉയര്‍ത്തുവാനും, ഇന്റര്‍നെറ്റും വെബുമൊക്കെ നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം പരിധികള്‍ ലംഘിക്കുന്നതു തടയാനുമൊക്കെയുള്ള ഒരു ശ്രമം എന്ന നിലയ്ക്കാണ് ഈ പെരുമാറ്റച്ചട്ട രൂപീകരണത്തെക്കുറിച്ചുള്ള ആശയ സംവാദത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.

    ഓ’ റെയ്‌ലിയുടെ സുഹൃത്തും ഹൈ-ടെക് പുസ്തകരചയിതാവുമായ കാത്തി സിയേറായ്ക്ക് ടെക്‍നോളജി ബ്ലോഗ്ഗര്‍മാര്‍ തമ്മില്‍ നടന്ന തര്‍ക്കങ്ങള്‍ക്കിടയില്‍ ലഭിച്ച വധഭീഷണികളാണത്രേ ഇത്തരമൊരു നീക്കത്തിനുള്ള കാരണം. ബ്ലോഗിലെ കമന്റുകളില്‍ നിന്നും നിലവാരം കുറഞ്ഞവയോ, പരുക്കനോ ആയവ നീക്കം ചെയ്യാമോ എന്നതായിരുന്നു ചൂടേറിയ വിഷയം. കാത്തിയുടെ വികൃതമാക്കപ്പെട്ട ചിത്രങ്ങള്‍ ചില സൈറ്റുകളില്‍ വരുകയുമൊക്കെ ചെയ്തതോടെ പോലീസില്‍ പരാതിപ്പെടാനും അവര്‍ തയാറായി. ബ്ലോഗ്ഗിങ്ങ് തന്നെ നിര്‍ത്തിയാലോ എന്ന് അവര്‍ ചിന്തിച്ചത്രേ.

    2007 മാര്‍ച്ച് 31 ല്‍ തന്റെ പോസ്റ്റിലൂടെ ഓ’ റെയ്‌ലിയാണ് ആദ്യമായി ഇത്തരമൊരു നീക്കത്തിനു തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ കരടിന്റെ പരിഷ്കരിച്ച ഒരു രൂപംപൊതുജനാഭിപ്രായത്തിനായി വിക്കിയില്‍ കൊടുത്തിട്ടുണ്ട്. ആ പെരുമാറ്റച്ചട്ടങ്ങളുടെ ഒരു സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു.

    We take responsibility for our own words and reserve the right to restrict comments on our blog that do not conform to basic civility standards

    We won't say anything online that we wouldn't say in person.

    If tensions escalate, we will connect privately before we respond publicly

    When we believe someone is unfairly attacking another, we take action

    We do not allow anonymous comments

    We ignore the trolls

    We encourage blog hosts to enforce more vigorously their terms of service

    ഇത്തരത്തിലുള്ള ഒന്നില്‍കൂടുതല്‍ സെറ്റ് ഓഫ് റൂള്‍സ് ഉണ്ടാക്കാനും ഓരോ സൈറ്റിനും അതിന്റെ സ്വഭാവത്തിനനുസരിച്ച് ഇഷ്ടമുള്ളത് /യോജിച്ചത് തിരഞ്ഞെടുക്കാനും അതിനനുസരിച്ച് ഒരു ലോഗോ സൈറ്റില്‍ ഇടാനുമൊക്കെയാണ് പരിപാടി.

    ഇത്തരമൊരു നീക്കം അനാവശ്യം എന്ന അഭിപ്രായവും പ്രബലമാണ്. ഇത്തരം നിയന്ത്രണങ്ങളൊന്നും കര്‍ശനമായി നടപ്പിലാക്കുക പ്രായോഗികമല്ല എന്നും
    അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെയ്ക്കാലാവും അവസാനം ഇത്
    എന്നുമൊരഭിപ്രായമുണ്ട്.

    യാതൊരു നിയന്ത്രണവുമില്ലാത്ത അഭിപ്രായ പ്രകടനങ്ങളും പരദൂഷണങ്ങളും വെബ്ബിനു പുത്തരിയല്ല. ഇവ ഇന്ന് ഏറ്റവും കൂടുതല്‍ നടക്കുന്നത് ബ്ലോഗുകളിലാണ്. സ്ത്രീകളുടെ ബ്ലോഗുകളിലാണ് നിയന്ത്രണമില്ലാത്ത കമന്റടിവീരന്മാര്‍ പരാക്രമം കാണിക്കുന്നത് എന്നും പെരുമാറ്റച്ചട്ടങ്ങള്‍ അവര്‍ക്ക് സഹായകമാകും എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

    ലോകത്ത് ഇന്ന് 70 ദശലക്ഷം ബ്ലോഗുകള്‍
    ഉണ്ടെന്നും ദിവസേന 1.4 ദശലക്ഷം പൊസ്റ്റുകള്‍ പുതിയതായി ചേര്‍ക്കപ്പെടുന്നുവെന്നും ടെക്‍‍നോറാറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

    ഇന്റര്‍നെറ്റിലേയും വെബ്ബിലേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ഒക്കെ സംരക്ഷണത്തിനും, ഉപഭോക്താക്കളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനും, പകര്‍പ്പവകാശ സംരക്ഷണത്തിനും, ശാക്തീകരണത്തിനുമൊക്കെയായി 1990ല്‍ രൂപം കൊണ്ട ഇലക്‍ട്രോണിക് ഫ്രണ്ടിയര്‍ ഫൌണ്ടേഷന്‍ (Electronic Frontier Foundation) ബ്ലോഗ്ഗര്‍മാര്‍ക്കായി ഒരു നിയമ സഹായിക്ക് രൂപം നല്‍കിയിട്ടുണ്ട്. ബ്ലോഗ്ഗര്‍മാരുടെ നിയമപരമായ ഉത്തരവാദിത്വം , പോസ്റ്റുകളിലെ/കമന്റുകളിലെ അഭിപ്രായങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം എന്നിവയക്കുറിച്ചെല്ലാം വിശദമാക്കുന്ന ആ മാര്‍ഗദര്‍ശി ഇവിടെ.

ഇ മെയില്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെ

7 comments:

മൂര്‍ത്തി said...

ബ്ലോഗ്ഗിങ്ങിനൊരു പെരുമാറ്റച്ചട്ടം? വിക്കിപീഡിയയുടെ സ്ഥാപകരില്‍ ഒരാളായ ജിമ്മി വെയിത്സും പുസ്തക പ്രസാധകനും web 2.0 എന്ന പദത്തിന്റെ സ്രഷ്ടാവുമായ ടിം ഓ’ റെയ്‌ലിയും ചേര്‍ന്ന് ബ്ലോഗോസ്പിയര്‍ എന്നറിയപ്പെടുന്ന ബ്ലോഗ് ഉലകത്തിലേക്കായി ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതിനെപറ്റിയുള്ള ചെറുകുറിപ്പ്. കൂടുതല്‍ വായനയ്ക്കായി ലിങ്കുകളും നല്‍കിയിട്ടുണ്ട്.

Anonymous said...

വളരെ പ്രസക്തമായ പോസ്റ്റ്. ബ്ലോഗുകളിലെ വ്യക്തിസ്വാതന്ത്രത്തിന്‍റെ ദുരുപയോഗവും അതിന്‍റെ പരിണിതഫലങ്ങളെയും കുറിച്ച് ആലോചിച്ച് നോക്കുമ്പോള്‍ ബ്ലോഗുകള്‍ക്ക് ഒരു പൊരുമാറ്റച്ചട്ടം വേണം എന്ന അഭിപ്രായത്തിന് ശക്തി കൂടും.

വ്യക്തിപരമായ എനിക്കൊരു അപേക്ഷയുണ്ട്. ഇത്തരം ചട്ടങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പ് എന്താണ് ബ്ലോഗ് എന്ന് നിയമപരമായ നിര്‍വചിക്കേണ്ടതുണ്ട്. ഉദാഹരണം, ബ്ലോഗിന് വാര്‍ത്താ വെബ്സൈറ്റ്, പത്രമാധ്യമങ്ങള്‍, അല്ലെങ്കില്‍ പുസ്തകങ്ങള്‍ തുടങ്ങുയവയ്ക്ക് തുല്യമായ പദവി നല്‍കാനാവുമോ? ബ്ലോഗ് എന്നത് വ്യക്തികളുടെ സ്വകാര്യ ഡയറിക്കുറിപ്പുകള്‍ പോലുള്ള ഒന്നാണോ? ഇത്തരത്തില്‍ ഒരു നിര്‍വചനത്തിലൂടെ ബ്ലോഗിന്‍റെ സ്വഭാവം നിര്‍വചിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാല്‍ മാത്രമേ പെരുമാറ്റച്ചട്ടം കൊണ്ടുവന്നതുകൊണ്ട് ഫലം ലഭിക്കൂ.

ബ്ലോഗുകളിലെ ഉള്ളടക്കം സംബന്ധിച്ചാണെങ്കിലും മുകളില്‍ പറഞ്ഞ ഒരു നിര്‍വചനം അത്യാവശ്യം തന്നെ.

അഭിപ്രായപ്രകടനമാണ് അടുത്ത പ്രശ്നം. അതിന് ഫില്‍റ്ററിംഗിന് ഇപ്പോള്‍ തന്നെ സൌകര്യമുണ്ടെല്ലോ!!!

ഏതായാലും ചര്‍ച്ച കൊഴൂക്കുമ്പോള്‍ പ്രശ്നം സംബന്ധിച്ച് കൂടുതല്‍ വ്യക്തത കിട്ടും എന്ന് കരുതുന്നു!!!

keralafarmer said...

എന്തായാലും ചര്‍ച്ചകളും വിശകലനങ്ങളും ആവശ്യമാണ്. അതുപോലെ തന്നെ ചില നിയന്ത്രണങ്ങളും അനിവാര്യമാണ്. നല്ല രീതിയിലുള്ള പെരുമാറ്റ ചട്ടം പാലിക്കുവാന്‍ തയ്യാറുള്ളവര്‍ക്കെങ്കിലും ഒരു സുരക്ഷ ലഭ്യമാകുമെങ്കില്‍ നല്ലതു തന്നെയാണ്. വേകുവോളം കാത്തിരിക്കാമെങ്കില്‍ ആറുവോളവും കാത്തിരിക്കാം.

Unknown said...

Somewhat better piece..
thanks...

മൂര്‍ത്തി said...

വിക്കിയില്‍തന്നെ കണ്ട ഒരു ബദല്‍ പെരുമാറ്റച്ചട്ടം.
Be courteous.
Give accurate information in the spirit of being helpful.
Respectfully disagree.
Use the correct venue for your post.
Admit the possibility of fault and respect different points of views.
If you screw up, take responsibility for your actions

മൂര്‍ത്തി said...

ഏപ്രിലില്‍ പോസ്റ്റ് ചെയ്തതാണ്.
പിന്‍‌മൊഴിയെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍ ഇന്നിതിനൊരു പ്രസക്തി വന്നോ എന്നൊരു സംശയം..

വേറൊന്നുമല്ല..

നമുക്ക് അല്പം കൂടി ചിന്തിച്ചും ആലോചിച്ചുമൊക്കെ ആവശ്യമെങ്കില്‍ സ്വയം വേണ്ട മാറ്റങ്ങള്‍ വരുത്തി, പിന്‍‌മൊഴിയും അഗ്രിഗേറ്ററുകളുമൊക്കെ നിലനിര്‍ത്തി സൌഹാര്‍ദ്ദപരമായി മുന്നോട്ട് പോകാനുള്ളതല്ലെ ഉള്ളൂ?

ഈ പോസ്റ്റിലെ ലിങ്കുകള്‍ ഉപകാരപ്രദമായേക്കും എന്നു കരുതുന്നു.

കരീം മാഷ്‌ said...

പിന്മൊഴി ഒരു സ്വകാര്യവ്യക്തിയുടെതാണന്നന്നതിനാല്‍ ബ്ലോഗറുടെ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്നുമുള്ള പ്രശ്നമൊന്നും എന്നെ ഇതുവരെ അലട്ടിയിട്ടില്ല. എനിക്കു ഒരുപാടു നല്ല സൗഹൃദങ്ങളും എന്റെ ബ്ലോഗു രചനക്കു അംഗീകാരവും നേടിത്തരാന്‍ സഹായിച്ച കൂട്ടത്തില്‍ ഒന്നാണു പിന്മൊഴിയും. പിന്മൊഴി വഴിവിട്ടു പോകാന്‍ ഒരു തെറ്റു ഞാന്‍ ചെയ്തെന്ന കുറ്റബോധവും എന്നെ അലട്ടുന്നില്ല. പിന്മൊഴി വേണ്ടവര്‍ക്കു സ്വീകരിക്കാം, അല്ലാത്തവര്‍ക്കു അവരുടെ വഴി തെരഞ്ഞെടുക്കാം.അതു ചെണ്ടകൊട്ടി ആളെ കൂട്ടണ്ട കാര്യമല്ല.
ഒറ്റപ്പെട്ട ഈ പ്രവാസജീവിതത്തില്‍ ഒരു പാടു ആശ്വാസം നല്‍കുന്നതാണ്‌ ഈ ബ്ലോഗിംഗ്‌. എനിക്കു ആ ആശ്വാസമാണു പണത്തിനെക്കാളും പ്രശസ്തിയെക്കാളും ബ്ലോഗില്‍ നിന്നു മുഖ്യം. പോസ്റ്റിനെക്കാളും ഞാന്‍ ആസ്വദിച്ചിരുന്നതു കമണ്ടുകളായിരുന്നു.ഉദാഹരണത്തിനു ദേവന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാതെ കടന്നു പോയിട്ടുണ്ട്‌. എന്നാല്‍ കമണ്ടുകള്‍ ഒന്നും ഒഴിവാക്കിയിട്ടില്ല.
നടന്നതൊക്കെ ഒരു തമാശയെന്നു കാണാനും ക്ഷമിക്കാനും എനിക്കു കഴിയും. മറ്റുള്ളവര്‍ക്കെങ്ങനെയെന്നെനിക്കറിയില്ല. കഴിഞ്ഞതൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ കടന്നുപോയിട്ടുണ്ടായിരിക്കാന്‍ സാധ്യതയുള്ള ഒരു വികൃതിത്തരമായിട്ടു കൂട്ടിയാല്‍ മതി.
പിന്മൊഴിയില്‍ നിന്നു കിട്ടുന്ന അത്ര സൗകര്യം മറ്റൊരു അഗ്രിഗേറ്ററില്‍ നിന്നോ മറ്റേതെങ്കിലും ഒരു ബദല്‍ സംവിധാനത്തില്‍ നിന്നോ ലഭിക്കുന്നതു വരെ ഞാനിവിടെ തന്നെയൊക്കെ കാണും.
അവസാനം ഈ ഒരു കാര്യത്തിനായിരുന്നോ ഇത്രയും പുകിലൊക്കെ ഉണ്ടായതു എന്ന കാര്യം മാത്രമേ വിഷമമുള്ളൂ.
വളരെ പ്രയാസപ്പെട്ടാണു തനിമലയാളവും പിന്മൊഴി സൂചികയും ഓഫീസില്‍ തുറക്കാനുള്ള അനുവാദം മനേജുമന്റ്‌ ഔദാര്യമായി തന്നത്‌. അതു കളയുന്നില്ല. എനിക്കെന്റെ മലയാളവും,നല്ല മനസ്സുള്ള വായനക്കാരെയും വേണം.
ഏവൂരാനും,സിബുവും,പെരിങ്ങോടനും കെവിനും,വിശ്വനും ആദിത്യനും കൈപ്പള്ളിയും (ലിസ്റ്റ്‌ നീണ്ടതാണ്‌ ക്ഷമിക്കുക) എന്റെ ആരുമല്ല. പക്ഷെ ഞാന്‍ അവരെ കണ്ടതു പിന്മൊഴിയിലൂടെയാണ്‌. ഇതില്‍ പലരും എന്നെ കണ്ടിട്ടില്ല. പക്ഷെ സ്നേഹം ഞാന്‍ അനുഭവിച്ചിട്ടുണ്ട്‌,
സ്നേഹം കൊടുത്തിട്ടുണ്ട്‌. വിവരങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്‌.
മനപ്രയാസമുണ്ടായപ്പോള്‍ പബ്ലിഷിംഗ്‌ നിര്‍ത്തിവെച്ചിട്ടും പിന്മൊഴി സന്ദര്‍ശനം മുടക്കിയിരുന്നില്ല.
കാതില്‍ മലയാള റേഡിയോയും വിരലില്‍ മലയാള വാക്കുകളും ആസ്വദിച്ചു തന്നെ പ്രവാസദുരിതം മറക്കാനെനിക്കാവുന്നു.
വഴിതെറ്റി പിന്മൊഴിയിലൂടെ വന്നുകയറിയ ഒരുപാടു സഹൃദങ്ങള്‍ എനിക്കുണ്ട്‌. അതു മറന്നു നന്ദികേടു കാട്ടാന്‍ മനസ്സു സമ്മതിക്കുന്നില്ല.ഒരു വായനാ ഫീഡുണ്ടാക്കി ആളെ സംഘടിപ്പിക്കാന്‍ മാത്രം എനിക്കതിന്റെ ക്ലിക്കൊന്നുമറിയില്ല താനും.

മനസാണു മാറേണ്ടതു......
മാലിന്യമാണു നീക്കേണ്ടതു...
മനസ്സില്‍ നിന്നും നെറ്റില്‍ നിന്നും.